- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായകന്റെ 'ഭാരമില്ലാതെ' മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ രോഹിത് ശർമ
മുംബൈ: ക്യാപ്റ്റൻസി മാറ്റത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളും പ്രതിഷേധങ്ങൾക്കുമിടെ ആശങ്കകൾക്ക് വിരാമമിട്ട് രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ചേർന്നതോടെ ആരാധകർ ആവേശത്തിൽ. ബാറ്റിങ് പരിശീലനത്തിനിറങ്ങിയ രോഹിത് അടിച്ചു തകർക്കാനുള്ള മൂഡിലായിരുന്നു. നെറ്റ് ബൗളർമാരും ത്രോ ഡൗൺ സ്‌പെഷലിസ്റ്റുകളും എറിയുന്ന ഓരോ പന്തും രോഹിത് മനോഹരമായി കണക്ട് ചെയ്യുന്ന വീഡിയോ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
നായക ഭാരമില്ലാതെയാണ് ഇടവേളയ്ക്ക് ശേഷം രോഹിത് ശർമ ഐപിഎൽ കളിക്കാനിറങ്ങുന്നത്. മുംബൈ ഇന്ത്യൻസിൽ ഹർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ കളിക്കാനിറങ്ങുമ്പോൾ നിർഭയനായി കളിക്കാൻ ഹിറ്റ്മാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ പരിശീലന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കൂറ്റനടികളുമായാണ് രോഹിതിന്റെ പരിശീലനം. വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Rohit Sharma in the nets. ⭐pic.twitter.com/JHevPOr1ab
— Mufaddal Vohra (@mufaddal_vohra) March 19, 2024
കഴിഞ്ഞ സീസണിൽ കാര്യമായി തിളങ്ങാൻ രോഹതിനു സാധിച്ചിരുന്നില്ല. ഇത്തവണ അതിന്റെ കേട് തീർക്കാനുള്ള ലക്ഷ്യവും രോഹിതിനുണ്ട്. കഴിഞ്ഞ സീസണിൽ 16 കളികളിൽ നിന്നു 332 റൺസാണ് താരം നേടിയത്. ഇത്തവണ പക്ഷേ ക്യാപ്റ്റൻ സ്ഥാനമില്ലാത്തതിനാൽ ഹിറ്റ്മാൻ മികവിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ക്യാപ്റ്റൻസി നഷ്ടമായശേഷം ആദ്യമായാണ് രോഹിത് മുംബൈ ടീമിനൊപ്പം ചേരുന്നത്. ക്യാപ്റ്റൻസി മാറിയതിനെക്കുറിച്ച് രോഹിത്തുമായി ഇതുവരെ സംസാരിക്കാനായിട്ടില്ലെന്നും അദ്ദേഹം യാത്രകളിലും മത്സരങ്ങളുടെ തിരിക്കലുമായിരുന്നുവെന്നായിരുന്നു ഇന്നലെ വാർത്താ സമ്മേളനം നടത്തിയ പുതിയ നായകൻ ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞത്. രോഹിത്തിനെ എന്തിന് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരംമുട്ടിയിരിക്കുന്ന മുംബൈ കോച്ച് മാർക്ക് ബൗച്ചറുടെ വീഡിയോയും ഇതിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
രോഹിത് ശർമ തനിക്ക് കീഴിൽ കളിക്കുന്നതിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നും രോഹിത്തിൽ നിന്ന് ആവശ്യമെങ്കിൽ സഹായം തേടുമെന്നും ഹാർദ്ദിക് പറഞ്ഞു. അദ്ദേഹത്തിന്റെ ഒരു കൈ എപ്പോഴും തന്റെ ചുമലിലുണ്ടാവുമെന്നുറപ്പാണെന്നും ഹാർദ്ദിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ഐപിഎൽ മിനി താരലേലത്തിന് തൊട്ടു മുമ്പ് അപ്രതീക്ഷിത നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദ്ദിക് പാണ്ഡ്യയെ ടീമിൽ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യൻസ് പിന്നീട് രോഹിത്തിന് പകരം നായകനായി പ്രഖ്യാപിക്കുകയായിരുന്നു. രോഹിത്തിനെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തുകയും സമൂഹമാധ്യമങ്ങളിൽ നിന്ന് മുംബൈ ഇന്ത്യൻസിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലിൽ 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ആണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.