മുംബൈ: ക്രിക്കറ്റ് കാർണിവലിന് തുടക്കമാകാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ മുംബൈ ഇന്ത്യൻസ് ആരാധകരെ ആശങ്കപ്പെടുത്തുന്ന ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ച് സൂപ്പർതാരം സൂര്യകുമാർ യാദവ്. തകർന്ന ഹൃദയത്തിന്റെ ഇമോജി മാത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച സൂര്യകുമാർ യാദവ് എന്താണ് ഉദ്ദേശിച്ചത് എന്നത് ആരാധകരെ ആകാംക്ഷയിലാക്കിയിട്ടുണ്ട്. ഹാർദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള ചർച്ചകളും രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ക്യാംപിൽ പരിശീലനത്തിനെത്തിയതുമെല്ലാം ആരാധകർ ചർച്ച ചെയ്യുന്നതിനിടെയാണ് സൂര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും ആരാധകരെ ആകാംക്ഷയിലാഴ്‌ത്തുന്നത്. പരിക്കുമൂലം രണ്ട് മാസമായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന സൂര്യകുമാർ യാദവ് ഇതുവരെ മുംബൈ ഇന്ത്യൻസ് ക്യാമ്പിലെത്തിയിട്ടില്ല.

സൂര്യകുമാറിന് ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഇതുവരെ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും 24ന് നടക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരത്തിൽ സൂര്യകുമാറിന് കളിക്കാനാവില്ലെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാണ് സൂര്യയുടെ ഇൻസ്റ്റ സ്റ്റോറികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആരാധകർ പറയുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ട്വന്റി 20പരമ്പരകൾക്കിടെ പരിക്കറ്റ സൂര്യകുമാർ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലും കളിച്ചിരുന്നില്ല.

ഹാർദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് നായകനായതിൽ ജസ്പ്രീത് ബുമ്രയും സൂര്യകുമാർ യാദവും അടക്കമുള്ള സീനിയർ താരങ്ങൾക്ക് എതിർപ്പുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ മുൻ നായകൻ രോഹിത് ശർമ ഇന്നലെയാണ് മുംബൈ ഇന്ത്യൻസ് ക്യാംപിലെത്തിയത്. രോഹിത് ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യൻസ് അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ മുംബൈ ടീം ടീം ആന്തവും പുറത്തുവിട്ടിരുന്നു.

എന്നാൽ ബാറ്റിങ് പരിശീലനം നടത്തുന്ന ഫോട്ടോ പങ്കുവെച്ച രോഹിത് ആകട്ടെ വൺ ഫാമിലെയന്നോ മുംബൈ ഇന്ത്യൻസെന്നോ ഹാഷ് ടാഗൊന്നും ചേർക്കാതെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നതെന്ന് ആരാധകർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ടീം ആന്തം സോങിനൊടുവിൽ കാണിക്കുന്ന ഗ്രൂപ്പ് ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചപ്പോഴാകട്ടെ അത് അതിനെക്കാൾ വലിയ പുകിലാകുകയും ചെയ്തു.

ആന്തം സോങ്ങിനൊടുിൽ മുംബൈ ടീം അംഗങ്ങളെല്ലാം എല്ലാവരുമുള്ള ഗ്രൂപ്പ് ഫോട്ടോയിൽ മധ്യത്തിലിട്ടിരിക്കുന്ന സോഫയിൽ രോഹിത്തും ഹാർദ്ദിക്കും അകലം പാലിച്ചിരിക്കുന്നു. ഇരുവരുടെയും നടുക്ക് പിന്നിലായി ജസ്പ്രീത് ബുമ്ര നിൽക്കുന്നു. പിയൂഷ് ചൗള അടക്കമുള്ള താരങ്ങൾ സമീപത്ത് കസേരയിട്ട് അകലം പാലിച്ചിരിക്കുന്നതുമായ ഗ്രൂപ്പ് ഫോട്ടോ ആണ് മുംബൈ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ആരാധകർ രോഹിത്തും ഹാർദ്ദിക്കും തമ്മിലുള്ള അകലം ചൂണ്ടികാണിക്കാൻ തുടങ്ങി. ബുമ്രക്ക് ഇരിപ്പിടം കൊടുക്കാത്തതിനെയും ആരാധകർ വിമർശിക്കുന്നുണ്ട്.

ക്യാപ്റ്റൻസി നഷ്ടമായശേഷം ആദ്യമായാണ് രോഹിത് ഇന്നലെ മുംബൈ ടീമിനൊപ്പം ചേർന്നത്. ക്യാപ്റ്റൻസി മാറിയതിനെക്കുറിച്ച് രോഹിത്തുമായി ഇതുവരെ സംസാരിക്കാനായിട്ടില്ലെന്നും അദ്ദേഹം യാത്രകളിലും മത്സരങ്ങളുടെ തിരിക്കലുമായിരുന്നുവെന്നായിരുന്നു ഇന്നലെ വാർത്താ സമ്മേളനം നടത്തിയ പുതിയ നായകൻ ഹാർദ്ദിക് പാണ്ഡ്യ പറഞ്ഞത്.

കഴിഞ്ഞ വർഷം ഐപിഎൽ മിനി താരലേലത്തിന് തൊട്ടു മുമ്പ് അപ്രതീക്ഷിത നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദ്ദിക് പാണ്ഡ്യയെ ടീമിൽ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യൻസ് പിന്നീട് രോഹിത്തിന് പകരം നായകനായി പ്രഖ്യാപിക്കുകയായിരുന്നു. രോഹിത്തിനെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തുകയും സമൂഹമാധ്യമങ്ങളിൽ നിന്ന് മുംബൈ ഇന്ത്യൻസിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തിരുന്നു. 22ന് തുടങ്ങുന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സും, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ഐപിഎല്ലിൽ 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ആണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.