ബെംഗളുരു: വനിത പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വനിതാ ടീമിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാജകീയ വരവേൽപ്. ഐപിഎൽ സീസണ് മുന്നോടിയായി ചൊവ്വാഴ്ച നടന്ന അൺബോക്‌സിങ് ചടങ്ങിനിടെയാണ് സ്മൃതി മന്ഥാനക്കും സംഘത്തിനും ആർസിബി പുരുഷ ടീം സ്വീകരണം നൽകിയത്. ഐ.പി.എൽ ചരിത്രത്തിൽ പുരുഷ ടീമിന് ഇതുവരെ സാധിക്കാത്ത നേട്ടം സ്വന്തമാക്കിയ വനിത രത്‌നങ്ങൾക്ക് ഗാർഡ് ഓഫ് ഓണർ നൽകിയാണ് വിരാട് കോഹ്ലിയും സംഘവും വരവേറ്റത്.

മൈതാനത്ത് രണ്ടു ഭാഗത്തായി വരിനിന്ന ബാംഗ്ലൂരിന്റെ പുരുഷ ടീം താരങ്ങൾക്കിടയിലൂടെ കപ്പുമായി വരുന്ന സ്മൃതിയുടെയും സഹതാരങ്ങളുടെയും ദൃശ്യങ്ങൾ വൈറലാണ്. ടീം സ്റ്റാഫും സ്റ്റേഡിയം തിങ്ങി നിറഞ്ഞ ആരാധകരും കൈയടിച്ചാണ് വരവേറ്റത്.

ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ചതാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആദ്യ കിരീടം നേടിയത്. തുടക്കം മുതൽ ഐ.പി.എൽ കളിക്കുന്ന ബാംഗ്ലൂർ പുരുഷ ടീമിന് കിരീടം ഇന്നും സ്വപ്നമാണ്. മൂന്നു തവണ ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാനായില്ല. വനിത ടീം കപ്പുമായി സ്റ്റേഡിയം ചുറ്റി ആരാധകരുടെ കൈയടികൾ ഏറ്റുവാങ്ങിയാണ് മടങ്ങിയത്. ഈമാസം 22ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും ബാംഗ്ലൂരും തമ്മിൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും.

ഫാഫ് ഡുപ്ലെസിയുടെ നേതൃത്വത്തിലാണ് ടീം കളിക്കാനിറങ്ങുന്നത്. രണ്ടു മാസത്തെ ഇടവേളക്കുശേഷം ഐ.പി.എല്ലിലൂടെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുകയാണ് സൂപ്പർ താരം വിരാട് കോഹ്ലി. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് താരം ഇന്ത്യൻ ടീമിൽനിന്ന് അവധിയെടുത്തത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം കളിച്ചിരുന്നില്ല. ജനുവരിയിൽ അഫ്ഗാനിസ്താനെതിരെയാണ് കോഹ്ലി അവസാനമായി ഇന്ത്യക്കായി ട്വന്റി20 കളിച്ചത്. ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽനിന്ന് താരത്തെ ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഐ.പി.എല്ലിലെ പ്രകടനം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരം.