- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് ഷമിക്ക് പകരക്കാരനായി സന്ദീപ് വാര്യർ ഗുജറാത്ത് ടീമിൽ
ചെന്നൈ: ഐപിഎൽ പതിനേഴാം സീസണിൽ മലയാളി താരങ്ങൾ മിന്നുന്ന പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ. ഇത്തവണയും രാജസ്ഥാൻ റോയൽസിന്റെ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് മലയാളി താരങ്ങളിലെ പ്രധാനി. 2013 മുതൽ ഐപിഎല്ലിൽ കളിക്കുന്ന സഞ്ജു 152 മത്സരങ്ങളിൽ 3888 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് സെഞ്ചുറികളും 20 ഫിഫ്റ്റികളുമുള്ള സഞ്ജുവിന് 29.23 ബാറ്റിങ് ശരാശരിയും 137.19 സ്‌ട്രൈക്ക് റേറ്റുമുണ്ട്. 182 സിക്സറുകൾ സഞ്ജുവിന്റെ ബാറ്റിങ് കരുത്ത് കാട്ടുന്നു. ഐപിഎല്ലിൽ ഏറ്റവും മികച്ച റെക്കോർഡും മത്സരപരിചയവുമുള്ള മലയാളി താരമാണ് സഞ്ജു.
തമിഴ്‌നാടിനായി കളിക്കുന്ന മലയാളി പേസർ സന്ദീപ് വാര്യരും ഇത്തവണ ഐപിഎല്ലിലുണ്ട്. സ്റ്റാർ പേസർ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ഗുജറാത്ത് ടൈറ്റൻസ് സന്ദീപിനെ അവസാന നിമിഷം സ്വന്തമാക്കുകയായിരുന്നു. സന്ദീപിനെ ഇത്തവണ മിനി താരലേലത്തിൽ ആരും ടീമിലെടുത്തിരുന്നില്ല. സന്ദീപ് വാര്യർ ഐപിഎല്ലിൽ മുമ്പ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഭാഗമായിരുന്നു. ഷമിയുടെ പകരക്കാരനായി ഗുജറാത്തിലെത്തിയ സന്ദീപ് വാര്യർക്ക് 50 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കും.
ഐപിഎൽ കരിയറിലെ അഞ്ച് കളിയിൽ രണ്ട് വിക്കറ്റാണ് സമ്പാദ്യം. കേരളത്തിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ വിഷ്ണു വിനോദ് ഇക്കുറി മുംബൈ ഇന്ത്യൻസിനായി കളിക്കും. ഐപിഎല്ലിൽ ആറ് കളിയിൽ 56 റൺസാണ് വിഷ്ണു ഇതുവരെ നേടിയിട്ടുള്ളത്.
മറ്റ് സംസ്ഥാനങ്ങൾക്കായി കളിക്കുന്ന മലയാളി താരങ്ങളും ഐപിഎല്ലിൽ ശ്രദ്ധേയമാണ്. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ്. 57 ഐപിഎൽ മത്സരങ്ങളിൽ 1521 റൺസ് പടിക്കലിനുണ്ട്. രഞ്ജി ട്രോഫിയിൽ മുംബൈയുടെ താരമായ ശ്രേയസ് അയ്യർ ഐപിഎൽ പതിനേഴാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനാണ്. കേരളത്തിനായി കളിക്കുന്ന കർണാടകക്കാരൻ ശ്രേയസ് ഗോപാലിനെ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ 49 കളിയിൽ 180 റൺസും 49 വിക്കറ്റും താരം നേടിയിട്ടുണ്ട്. പതിവുപോലെ സഞ്ജു സാംസണിലേക്ക് തന്നെയാണ് മലയാളി ആരാധകരുടെ കണ്ണുകൾ നീളുന്നത്. ഐപിഎൽ 2024ലെ പ്രകടനം ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടംനേടാൻ സഞ്ജുവിന് നിർണായകമാണ്.