ചെന്നൈ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പതിനേഴാം സീസണിന് ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. എ.ആർ.റഹ്‌മാൻ, സോനു നിഗം എന്നിവർ അണിനിരന്ന സംഗീതനിശയോടെയാണു പരിപാടികൾ ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും അരങ്ങേറി. നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം അൽപ സമയത്തിനകം ആരംഭിക്കും. ടോസ് നേടിയ ബംഗളുരു ആദ്യം ബാറ്റ് ചെയ്യും.

ധോനിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ടീം ആണ് ആദ്യം ഗ്രൗണ്ടിൽ എത്തിയത്. ജയ് ജയ് ശിവശങ്കർ എന്ന വാർ സിനിമയിലെ ഹിറ്റ് ഗാനത്തിന് ടൈഗർ ഷെറോഫിന്റെ നൃത്തത്തോടെ വേദി നിറഞ്ഞാടി. ദേശി ബോയ്സ് എന്ന ഗാനത്തിന് നൃത്തച്ചുവടുവെച്ച് അക്ഷയ് കുമാറും എത്തിയതോടെ ഐ.പി.എൽ. സീസണിന്റെ ആരംഭത്തിന് ആവേശമേറി. ഇരുവരും ചേർന്ന് ചെപ്പോക്ക് സ്റ്റേഡിയത്തിലൂടെ ബൈക്കിൽ കറങ്ങിയതും ആരാധകർക്ക് മനോഹരക്കാഴ്ചയായി. എ.ആർ. റഹ്‌മാൻ, സോനു നിഗം എന്നിവർ ചേർന്ന് വന്ദേ മാതരം, മാ തുജേ സലാം തുടങ്ങിയ ദേശഭക്തിഗാനങ്ങൾ പാടി.

ഗായകൻ മോഹിത് ചൗഹാനും നീതി മോഹനും ഇരുവർക്കുമൊപ്പം ചേർന്നു. കുൻ ഫയ കുൻ ഉൾപ്പെടെയുള്ള ഗാനങ്ങളും ആരാധകർക്കായി പാടി. ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ്, ബെംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ഉൾപ്പെടെയുള്ളവരും വേദിയിലുണ്ടായിരുന്നു.

ഐപിഎലിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്. വിലക്കുമൂലം നഷ്ടപ്പെട്ട രണ്ട് സീസൺ ഒഴിച്ചുനിർത്തിയാൽ 14 സീസണുകളിലായി 12 തവണ പ്ലേ ഓഫിലെത്തിയ, 10 ഫൈനൽ കളിച്ച, 5 തവണ കിരീടമുയർത്തിയ ടീം. 14 വർഷം ഒരേ ക്യാപ്റ്റനു കീഴിൽ കളിച്ചെന്ന പ്രത്യേകതയും ചെന്നൈയ്ക്കു മാത്രം സ്വന്തം.

മറുവശത്ത് 16 വർഷം കാത്തിരുന്നിട്ടും, മൂന്ന് തവണ ഫൈനൽ കളിച്ചിട്ടും ഒരുതവണ പോലും കപ്പുയർത്താൻ സാധിക്കാത്തവരാണ് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ടീമിന്റെ പേരും ലോഗോയും ജഴ്‌സിയുമടക്കം മാറ്റി, പുതിയ പരീക്ഷണങ്ങളുമായാണ് ബെംഗളൂരു ടീം ഇത്തവണ എത്തുന്നത്.

ഈ സീസണോടെ പടിയിറങ്ങാൻ സാധ്യതയുള്ള തങ്ങളുടെ സ്വന്തം 'തല' ധോണിക്ക് കിരീടത്തോടെ യാത്രയയപ്പ് നൽകാൻ ഉറച്ചെത്തുന്ന ചെന്നൈയ്ക്ക്, സ്വന്തം മണ്ണിൽ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ ജയിച്ചേ മതിയാകൂ. നിലവിലെ ചാംപ്യന്മാരെ തോൽപിച്ച് സീസൺ തുടങ്ങാൻ സാധിച്ചാൽ അതു മുന്നോട്ടുള്ള കുതിപ്പിനു നൽകുന്ന ഊർജം ചെറുതാവില്ലെന്ന് ബെംഗളൂരുവിനും നന്നായി അറിയാം.

മുഖം മിനുക്കി ഐപിഎൽ

ക്രിക്കറ്റ് നിയമത്തിലെ രണ്ടു മാറ്റങ്ങൾ പുതിയ ഐ.പി.എൽ. സീസണോടെ പ്രാബല്യത്തിൽവരും. ഒരു ഓവറിൽ രണ്ട് ബൗൺസർ എറിയാമെന്നതാണ് ആദ്യം. ഒപ്പം അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാനുള്ള ഡി.ആർ.എസ്. സംവിധാനം കുറ്റമറ്റതാക്കാൻ സ്മാർട്ട് റിപ്ലേ സംവിധാനവും തുടങ്ങും. സ്റ്റേഡിയത്തിലെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എട്ട് ഹൈ സ്പീഡ് ക്യാമറകളിലൂടെ, പുനഃപരിശോധനാ തീരുമാനം കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം. തീരുമാനമെടുക്കുന്നതിന്റെ വേഗം കൂടും. കഴിഞ്ഞവർഷം തുടങ്ങിയ ഇംപാക്റ്റ് പ്ലെയർ സംവിധാനം തുടരും.

ഐ.പി.എലിൽ 10 ടീമുകളുടെ പോരാട്ടം വെള്ളിയാഴ്ച രാത്രി എട്ടിന് തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗ്രൗണ്ടിലിറങ്ങുന്നതോടെ ഈ ബാറ്റുയുദ്ധത്തിന്റെ വേദി തുറക്കും. തുടർന്ന് രണ്ടുമാസം കൊണ്ടുപിടിച്ച മത്സരങ്ങൾ, ആരാധകരുടെ ആർപ്പുവിളികൾ, ആഘോഷം... മെയ്‌ ഒടുവിൽ നടക്കുന്ന ഫൈനലിൽ പത്തിലൊരു ടീം ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് പോരിൽ വിജയികളാകും. വരുന്ന ഒരുവർഷം അവരായിരിക്കും ഐ.പി.എലിന്റെ അധികാരത്തിൽ.