കൊൽക്കത്ത; ഐപിഎൽ സീസണിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് കഴിഞ്ഞ ദിവസം ആരാധകർ സാക്ഷ്യം വഹിച്ചത്. ശനിയാഴ്ച നടന്ന കൊൽക്കത്ത - ഹൈദരാബാദ് പോരാട്ടത്തിൽ അവസാന പന്ത് വരെ ആവേശം നിറഞ്ഞെങ്കിലും ഒടുവിൽ നാല് റൺസിന് കൊൽക്കത്ത ജയിച്ചുകയറുകയായിരുന്നു. കൊൽക്കത്ത ഉയർത്തിയ 208 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് 204-റൺസെടുക്കാനേ സാധിച്ചുള്ളൂ. പുതിയ സീസണിലെ ആദ്യ മത്സരം തന്നെ ജയിക്കാനായതിന്റെ ആവേശത്തിലാണ് കൊൽക്കത്തയുടെ ആരാധകർ. എന്നാൽ നൈറ്റ് റൈഡേഴ്സിന്റെ സൂപ്പർ താരം മിച്ചൽ സ്റ്റാർക്ക് മറക്കാനാഗ്രഹിക്കുന്ന മത്സരമായിരിക്കുമിത്. റെക്കോഡ് തുകയ്ക്ക് ടീമിലെത്തിയ സ്റ്റാർക്കിന് തിളങ്ങാനായില്ലെന്ന് മാത്രമല്ല, നന്നായി റൺസ് വഴങ്ങുകയും ചെയ്തു.

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ത്രില്ലർ പോരാട്ടം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയിച്ചെങ്കിലും ഒറ്റ മത്സരത്തിലെ പ്രകടനത്തിലൂടെ എയറിയാലായത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായ മിച്ചൽ സ്റ്റാർക്കാണ്. ഐപിഎൽ മിനി താരലലേത്തിൽ 24.75 കോടിക്ക് കൊൽക്കത്തയിലെത്തിയ സ്റ്റാർക്ക് ഇന്നലെ ഹൈദരാബാദിനെതിരെ നാലോവറിൽ വിട്ടുകൊടുത്തത് 53 റൺസായിരുന്നു. ഇത്രയും പണം കൊടുത്ത് സ്റ്റാർക്കിനെ ടീമിലെടുക്കാനുള്ള കാരണമായി കൊൽക്കത്ത പറഞ്ഞത് തങ്ങൾക്ക് മികച്ചൊരു ഡെത്ത് ബൗളറില്ലെന്നതായിരുന്നു. എന്നിട്ട് തന്റെ അവസാന ഓവറിൽ സ്റ്റാർക്ക് വഴങ്ങിയത് നാല് സിക്‌സ് അടക്കം 26 റൺസ്. അതിൽ മൂന്നെണ്ണം ക്ലാസന്റെ വകയെങ്കിൽ ഒരെണ്ണം ഷഹബാസ് അഹമ്മദിന്റെ വക.

തന്റെ ആദ്യ ഓവറിൽ 12 ഉം രണ്ടാം ഓവറിൽ 10 ഉം റൺസ് വഴങ്ങിയ സ്റ്റാർക്ക് നിർണായക പതിനാറാം ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി ക്ലാസ് തെളിയിച്ചിരുന്നു. എന്നാൽ അവസാന രണ്ടോവറിൽ ഹൈദരാബാദിന് ജയിക്കാൻ 39 റൺസ് വേണമെന്ന ഘട്ടത്തിൽ പന്തെറിയാനെത്തിയ സ്റ്റാർക്ക് പത്തൊമ്പതാം ഓവറിൽ 26 റൺസ് വഴങ്ങിയതോടെ കളി കൊൽക്കത്ത കൈവിട്ടുവെന്ന് തോന്നിച്ചു. അവസാന ഓവറിൽ ഹൈദരാബാദിന് ജയിക്കാൻ 13 റൺസ് മതിയായിരുന്നു.

ആദ്യ പന്ത് തന്നെ ക്ലാസൻ സിക്‌സിന് പറത്തുകയും ചെയ്തു. അടുത്ത പന്തിൽ സിംഗിളും മൂന്നാം പന്തിൽ ഷഹബാസ് പുറത്താകുകയും ചെയ്തതോടെ ഹൈദാരാബാദ് സമ്മർദ്ദത്തിലായി. നാലാം പന്തിൽ ഒരു റണ്ണും അഞ്ചാം പന്തിൽ ക്ലാസനും പുറത്തായതോടെ അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസായി ഹൈദരാബാദിന്റെ ലക്ഷ്യം. എന്നാൽ അവസാന പന്തിൽ നായകൻ പാറ്റ് കമിൻസിന് റണ്ണെടുക്കാനായില്ല.

കൊൽക്കത്തയെ തോൽവിയുടെ വക്കത്ത് എത്തിച്ച ഓവറോടെ മിച്ചൽ സ്റ്റാർക്കിന് സമൂഹമാധ്യമങ്ങളിലും ട്രോൾ വർഷമാണ്. സ്റ്റാർക്കിന്റെ ഐപിഎൽ കരിയറിൽ ആദ്യമായാണ് 50 ലേറെ റൺസ് വഴങ്ങുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമു സിനിമയിൽ പറയുന്നതുപോലെ രണ്ട് ഓലക്കീറും ഒരു വെള്ളത്തുണിയും ഇങ്ങെടുത്തോ എന്നെ ഒന്ന് മൂടാനെന്നാണ് ആരാധകർ സ്റ്റാർക്കിന്റെ പ്രകടനത്തെക്കുറിച്ച് പറയുന്നത്.

തന്റെ ആദ്യ രണ്ടോവറിൽ തന്നെ 22-റൺസാണ് സ്റ്റാർക്ക് വഴങ്ങിയത്. അവസാന രണ്ടോവറിൽ 31-റൺസും. അതിൽ അവസാന ഓവറിൽ മാത്രം സ്റ്റാർക്ക് വഴങ്ങിയത് 26-റൺസാണ്. ഹെന്റിച്ച് ക്ലാസൻ വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്തതോടെ സ്റ്റാർക്ക് നിഷ്പ്രഭനായി. സ്റ്റാർക്കിന്റെ അവസാന ഓവറിൽ നാല് തവണയാണ് ഹൈദരാബാദ് ബാറ്റർമാർ പന്ത് അതിർത്തി കടത്തിയത്.

മികച്ചൊരു ഡെത്ത് ഓവർ സ്‌പെഷലിസ്റ്റിനെ ടീമിലെടുത്തെന്ന ആശ്വാസത്തിൽ കളിക്കാനിറങ്ങിയ കൊൽക്കത്തയെ, നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ആദ്യ മത്സരത്തിൽ സ്റ്റാർക്കിന്റേത്. കളി കൊൽക്കത്ത ജയിച്ചെങ്കിലും സ്റ്റാർക്കിന് വൻ വിമർശനം നേരിടേണ്ടിവന്നു. 25-കോടിയോളം രൂപയ്ക്ക് ടീമിലെത്തിയ താരത്തിന്റെ പ്രകടനത്തിൽ ആരാധകർ കടുത്ത നിരാശയിലാണ്. സമൂഹമാധ്യമങ്ങൾ സ്റ്റാർക്കിനെതിരായ ട്രോളുകൾ കൊണ്ട് നിറയുകയാണ്.