ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നിർണായക ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് വിജയിച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു വിദേശ താരങ്ങളുമായാണ് രാജസ്ഥാൻ ആദ്യ മത്സരത്തിനിറങ്ങുന്നത്. പേസർ ട്രെന്റ് ബോൾട്ട്, ഷിമ്രോൺ ഹെറ്റ്മിയർ, ജോസ് ബട്‌ലർ എന്നിവർ പ്ലേയിങ് ഇലവനിലുണ്ട്.

പുതിയ സീസണിൽ ടീമിനൊപ്പം ചേർന്ന ആവേശ് ഖാനും കളിക്കും. യുവതാരങ്ങളായ റിയാൻ പരാഗ്, ധ്രുവ് ജുറൽ എന്നിവർ മധ്യനിരയ്ക്കു കരുത്താകും. ധ്രുവ് ജുറെൽ രാജസ്ഥാൻ പ്ലേയിങ് ഇലവനിലുണ്ടെങ്കിലും സഞ്ജു സാംസൺ തന്നെയാണ് വിക്കറ്റ് കീപ്പർ. റിയാൻ പരാഗ് ആയിരിക്കും നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങുകയെന്ന് ടോസ് സമയത്ത് സഞ്ജു പറഞ്ഞു.

ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. അതേസമയം നാലു വിദേശ താരങ്ങളുമായാണ് ലക്‌നൗ കളിക്കുന്നത്. ക്വിന്റൻ ഡികോക്ക്, നിക്കോളാസ് പുരാൻ, മാർകസ് സ്റ്റോയ്‌നിസ്, നവീൻ ഉൾ ഹഖ് എന്നിവർ പ്ലേയിങ് ഇലവനിലുണ്ട്. മലയാളി താരം ദേവ്ദത്ത് പടിക്കും കളിക്കുന്നുണ്ട്.

ട്വന്റി 20 ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ രാജസ്ഥാൻ നായകൻ സഞ്ജു സാംസണും ലഖ്‌നൗ നായകൻ കെ എൽ രാഹുലിനും ഈ സീസണിലെ പ്രകടനം നിർണായകമാണ്. ജോസ് ബട്‌ലറും തകർപ്പൻ ഫോമിലുള്ള യശസ്വീ ജയ്‌സ്വാളും മികച്ച തുടക്കം നൽകിയാൽ രാജസ്ഥാന് കാര്യങ്ങൾ പകുതി എളുപ്പമാവും.നേരിടുന്ന ആദ്യപന്ത് തന്നെ സിക്‌സർ പറത്താമെന്ന ആത്മവിശ്വാസത്തോടെ സഞ്ജു സാംസൺ മൂന്നാമനായി ക്രീസിലെത്തും.

രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവൻ യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ, ധ്രുവ് ജുറേൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മിയർ, ആർ. അശ്വിൻ, സന്ദീപ് ശർമ, ആവേശ് ഖാൻ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചെഹൽ.

ലക്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേയിങ് ഇലവൻ കെ.എൽ. രാഹുൽ, ക്വിന്റൻ ഡികോക്ക്, ദേവ്ദത്ത് പടിക്കൽ, ആയുഷ് ബദോനി, മാർകസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പുരാൻ, ക്രുനാൽ പാണ്ഡ്യ, രവി ബിഷ്‌ണോയി, മൊഹ്‌സിൻ ഖാൻ, നവീൻ ഉൾ ഹഖ്, യാഷ് ഠാക്കൂർ.