ജയ്പൂർ: നായകൻ സഞ്ജു സാംസന്റെ തകർപ്പൻ അർധ സെഞ്ചുറിയുടെ മികവിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ മികച്ച വിജയലക്ഷ്യം കുറിച്ച് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ (52 പന്തിൽ പുറത്താവാതെ 82) മുന്നിൽ നിന്ന് നയിച്ചപ്പോൾ ജയ്പൂർ സവായ് മൻസിങ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ നേടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന് വേണ്ടി റിയാൻ പരാഗ് (29 പന്തിൽ 43) മികച്ച പ്രകടനം പുറത്തെടുത്തു. ലഖ്നൗവിന് വേണ്ടി നവീൻ ഉൾ ഹഖ് രണ്ട് വിക്കറ്റെടുത്തു.

യശസ്വി ജയ്‌സ്വാൾ (12 പന്തിൽ 24), ധ്രുവ് ജുറെൽ (12 പന്തിൽ 20) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന സ്‌കോറർമാർ. തുടക്കത്തിൽ തന്നെ ജോസ് ബട്‌ലറെ നഷ്ടമായെങ്കിലും സഞ്ജു സാംസണിന്റെ ഉജ്വല ബാറ്റിങ്ങിന്റെ പിൻബലത്തിൽ രാജസ്ഥാൻ മികച്ച സ്‌കോറിലെത്തുകയായിരുന്നു. 11 റൺസാണ് ജോസ് ബട്‌ലർ സീസണിലെ ആദ്യ മത്സരത്തിൽ നേടിയത്.

സ്ലോ വിക്കറ്റിൽ പതിഞ്ഞ താളത്തിലായിരുന്നു രാജസ്ഥാന്റെ തുടക്കം. ഓപ്പണർ ജോസ് ബട്ലർ (11) നന്നായി ബുദ്ധിമുട്ടി. രണ്ട് ബൗണ്ടറി നേടി ആത്മവിശ്വാസം വീണ്ടെടുക്കുമ്പോഴേക്ക് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. രണ്ടാം ഓവറിന്റെ അവസാന പന്തിൽ നവീന്റെ പന്തിൽ വിക്കറ്റ കീപ്പർ കെ എൽ രാഹുലിന് ക്യാച്ച്. പിന്നാലെ സഞ്ജു - ജയ്സ്വാൾ സഖ്യം 36 റൺസ് കൂട്ടിചേർത്തു. എന്നാൽ ജയ്സ്വാളിനെ പുറത്താക്കി മുഹ്സിൻ ലഖ്നൗവിന് ബ്രേക്ക് ത്രൂ നൽകി. പുൾ ഷോട്ടിന് ശ്രമിക്കുമ്പോൾ മിഡ് ഓഫിൽ ക്രുനാൽ പാണ്ഡ്യക്ക് ക്യാച്ച്. ഇതോടെ അഞ്ച് ഓവറിൽ രണ്ടിന് 49 എന്ന നിലയിലായി രാജസ്ഥാൻ.

തുടർന്ന് സഞ്ജു-പരാഗ് കൂട്ടുകെട്ട് രാജസ്ഥാന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. ഇരുവരും 93 റൺസാണ് കൂട്ടിചേർത്തത്. രാജസ്ഥാൻ ഇന്നിങ്സിന്റെ നട്ടെല്ലായതും ഈ കൂട്ടുകെട്ട് തന്നെ. 15-ാം ഓവറിൽ കൂട്ടുകെട്ട് പൊളിഞ്ഞു. പരാഗിനെ, നവീൻ പുറത്താക്കുകയായിരുന്നു. തുടർന്നെത്തിയ ഷിംറോൺ ഹെറ്റ്മെയർ (5) നിരാശപ്പെടുത്തി. രവി ബിഷ്ണോയിക്കായിരുന്നു വിക്കറ്റ്. ആറാമനായി ക്രീസിലെത്തിയ ധ്രുവ് ജുറലും (12 പ ന്തിൽ 20) നിർണായക സംഭാവന നൽകി. സഞ്ജുവിന്റെ ഇന്നിങ്‌സിൽ ആറ് സിക്‌സും മുൂന്ന് ഫോറുമുണ്ടായിരുന്നു.

അവസാന ഓവറുകളിൽ രാജസ്ഥാൻ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. അവസാന നാല് ഓവറുകളിൽ 50 റൺസെടുക്കാൻ മാത്രമാണു രാജസ്ഥാൻ താരങ്ങൾക്കു സാധിച്ചത്. ടോസ് നേടിയ രാജസ്ഥാൻ ഹോം ഗ്രൗണ്ടിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബട്ലർ, ഷിംറോൺ ഹെറ്റ്മെയർ, ട്രെന്റ് ബോൾട്ട് എന്നിവരെ ഓവർസീസ് താരങ്ങളായി ഉൾപ്പെടുത്തിയാണ് രാജസ്ഥാൻ ഇറങ്ങിയത്. മറ്റൊരു വിദേശതാരം ഇംപാക്റ്റ് പ്ലയറാവാനും സാധ്യതയുണ്ട്.

ധ്രുവ് ജുറെൽ രാജസ്ഥാൻ പ്ലേയിങ് ഇലവനിലുണ്ടെങ്കിലും സഞ്ജു സാംസൺ തന്നെയാണ് വിക്കറ്റ് കീപ്പർ. ലഖ്നൗവിൽ മലയാളി താരം ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റം കുറിക്കും. ലഖ്നൗ ടീമിൽ നിക്കോളാസ് പുരാനും ക്വിന്റൺ ഡി കോക്കും, മാർക്കസ് സ്റ്റോയ്നിസും നവീൻ ഉൾ ഹഖുമാണ് പ്ലേയിങ് ഇലവനിലുള്ള വിദേശതാരങ്ങൾ.