അഹമ്മദബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎല്ലിലെ ആദ്യ മത്സരത്തിന് തയ്യാറാണെന്ന് മുംബൈ ഇന്ത്യൻസ് മുൻ നായകൻ രോഹിത് ശർമ്മ. നിരവധി യുവതാരങ്ങളാണ് മുംബൈ ഇന്ത്യൻസ് ടീമിലുള്ളത്. മത്സരങ്ങളിൽ അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെറാൾഡ് കോട്ട്സീ, ശ്രേയസ് ഗോപാൽ, നുവാൻ തുഷാര, നമാൻ ധിർ, അൻഷുൽ കംബോജ്, മുഹമ്മദ് നബി, ശിവാലിക് ശർമ്മ, ക്വേന മഫാക ഉൾപ്പെടെയുള്ള താരങ്ങൾ കൂടി ഇടംപിടിച്ചതോടെ മുംബൈയുടേത് ശക്തമായ നിരയായിക്കഴിഞ്ഞു.

താരലേലത്തിൽ മികച്ച യുവതാരങ്ങളെയാണ് ഞങ്ങൾ സ്വന്തമാക്കിയത്. അവരിൽ പലരും പുതുമുഖങ്ങളാണ്. ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും കഴിവ് തെളിയിച്ച അവർ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഗുജറാത്തിനെതിരായ മത്സരത്തിന് ഞാൻ തയ്യാറാണ്. മത്സരത്തിനായി തയ്യാറെടുക്കുന്നത് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതെന്നെ എല്ലാ ഗെയിമുകളും മികച്ച രീതിയിൽ കളിക്കാൻ സഹായിക്കുന്നു. ഒരു ഗെയിമിന് മുമ്പ് ഞാൻ ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തെന്നാണ് ഞാൻ കരുതുന്നത്. മുംബൈ ഇന്ത്യൻസ് എക്സിൽ പങ്കുവച്ച വീഡിയോയിൽ രോഹിത് പറഞ്ഞു.

ഇന്ന് വൈകിട്ട് 7.30ന് ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടായ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മുംബൈ- ഗുജറാത്ത് മത്സരം. 2013 മുതൽ 2023 വരെയുള്ള സീസണുകളിൽ രോഹിത്താണ് മുംബൈയെ നയിച്ചിരുന്നത്. രോഹിത്തിന് കീഴിൽ അഞ്ച് തവണ മുംബൈ കിരീട ജേതാക്കളാകുകയും ചെയ്തു. ഹാർദിക് പാണ്ഡ്യയ്ക്ക് കീഴിലാണ് മുംബൈ ഇത്തവണയിറങ്ങുന്നത്.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോൾ അതിന് പ്രത്യേകതകളേറെയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോൾ ടീമിന്റെ നായക സ്ഥാനത്ത് രോഹിത്തിന് പകരം ഹർദിക് പാണ്ഡ്യയാണ്. മുംബൈ ഇന്ത്യൻസിന്റെ നായകനായി ഹർദിക് ആദ്യ മത്സരത്തിൽ തന്റെ മുൻടീമായ ഗുജറാത്തിനെയാണെന്നതും കൗതുകകരമാണ്.

2012 മുതലുള്ള ഒരു സീസണിലും മുംബൈ ഇന്ത്യൻസ് ആദ്യ കളിയിൽ ജയിച്ചിട്ടില്ല. ഈ ചരിത്രം തിരുത്താൻ ഹർദിക്കിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ട്വന്റി 20യിലെ ലോക ഒന്നാം നമ്പർ താരം സൂര്യകുമാർ യാദവ് ഇല്ലാതെയാണ് മുംബൈ ഐപിഎൽ 17ാം സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. രോഹിത് ശർമ പുതിയ വേഷത്തിൽ മുംബൈ ജഴ്‌സിയിൽ ഇറങ്ങുന്നു എന്നത് തന്നെയാണ് ഇന്നത്തെ പ്രത്യേകത. നായകസ്ഥാനം നഷ്ടപ്പെട്ട രോഹിത് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ റോളിലാണ് മുംബൈ ടീമിൽ കളിക്കുക.

രോഹിത്തിനും ഇഷാനും പിന്നാലെ മൂന്നാം നമ്പറിൽ തിലക് വർമയാകും മുബൈയ്ക്കായി ഇറങ്ങുക. തൊട്ടുപിന്നാലെ ഹർദിക്കും നേഹൽ വധേരയും ക്രീസിലെത്തും. കഴിഞ്ഞ ഐപിൽ പരിക്ക് മൂലം നഷ്ടപ്പെട്ട ജസ്പ്രിത് ബുംറ ഇത്തവണ മുംബൈയുടെ ബൗളിങ് ആക്രമണം നയിക്കുക. സ്പിൻ നിരയുടെ നിയന്ത്രണം ഇത്തവണയും പീയുഷ് ചൗളയുടെ കൈയിൽ തന്നെയാകും.

മുംബൈയുടെ ഇമ്പാക്ട് പ്ലേയറായി സർപ്രൈസ് താരം കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 24കാരനായ അർജുൻ ടെണ്ടുൽക്കർ ഇമ്പാക്ട് പ്ലേയറുടെ റോളിൽ കളത്തിലെത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞവർഷം ഐപിഎല്ലിൽ അരങ്ങേറിയ അർജുൻ നാല് മത്സരങ്ങളിൽനിന്ന് മൂന്ന് വിക്കറ്റുകൾ നേടിയിരുന്നു.