ജയ്പൂർ: ഐപിഎല്ലിൽ ബാറ്റിംഗിലും ഫീൽഡിലും ടീമിനെ മുന്നിൽ നിന്നു നയിച്ച സഞ്ജു സാംസണിന്റെ മികവിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ കീഴടക്കി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ക്യാപ്റ്റൻ സഞ്ജു (52 പന്തിൽ പുറത്താവാതെ 82) മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ 20 റൺസിനായിരുന്നു രാജസ്ഥാന്റെ ജയം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. മറുപടി ബാറ്റുചെയ്ത ലഖ്നൗവിന് ഓവറിൽ 173 റൺസ് നേടാനേ ആയുള്ളൂ. സഞ്ജു സാംസന്റെ (52 പന്തിൽ 82) ക്ലാസിക് പ്രകടനമാണ് രാജസ്ഥാന് ജയമൊരുക്കിയത്. ലഖ്നൗവിനുവേണ്ടി നിക്കോളസ് പൂരനും (41 പന്തിൽ പുറത്താവാതെ 64) ക്യാപ്റ്റൽ കെ.എൽ. രാഹുലും (44 പന്തിൽ 58) പൊരുതിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ട്രന്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

52 പന്തുകളിൽ 82 റൺസ് നേടിയ സഞ്ജു സാംസണാണ് രാജസ്ഥാൻ റോയൽസിന്റെ ഹീറോ. ആറ് സിക്സും മൂന്ന് ഫോറും ഉൾപ്പെട്ട ഇന്നിങ്സാണ് സഞ്ജുവിന്റേത്. 33 പന്തിലാണ് അർധ സെഞ്ചുറി നേടിയത്. എല്ലാ സീസണിന്റെയും തുടക്കമെന്ന പോലെ ഇത്തവണയും ഗംഭീരമായി തുടക്കംകുറിക്കാൻ സഞ്ജുവിനായി.

മോശം തുടക്കമായിരുന്നു ലഖ്നൗവിന്. 11 റൺസെടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ക്വിന്റൺ ഡി കോക്ക് (4), ദേവ്ദത്ത് പടിക്കൽ (0), ആയുഷ് ബദോനി (1) എന്നിവരാണ് മടങ്ങിയത്. പിന്നീട് ദീപക് ഹൂഡ (26) രാഹുൽ സഖ്യം 49 റൺസ് കൂട്ടിചേർത്തു. എന്നാൽ ഹൂഡയെ പുറത്താക്കി ചാഹൽ കൂട്ടുകെട്ട് പൊളിച്ചു. എന്നാൽ രാഹുൽ - പുരാൻ സഖ്യം ക്രീസിൽ ഉറച്ചതോടെ ലഖ്നൗ വിജയം സ്വപ്നം കണ്ടു. ഇരുവരും 85 റൺസ് കൂട്ടിചേർത്തു. എന്നാൽ സന്ദീപ് ശർമ രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകി. രാഹുൽ പുറത്ത്. തുടർന്നെത്തിയ മാർകസ് സ്റ്റോയിനിസിനെ (3) അശ്വിനും തിരിച്ചയച്ചു. പുരാനൊപ്പം ക്രുനാൽ പാണ്ഡ്യ (3) പുറത്താവാതെ നിന്നു. സന്ദീപിന്റെ സ്പെല്ലാണ് മത്സരത്തിൽ നിർണായകമായത്. മൂന്ന് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് വീഴ്‌ത്തിയത്. അശ്വിൻ, നന്ദ്രേ ബർഗർ, ചാഹൽ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.

രാജസ്ഥാന് പവർ പ്ലേയ്ക്കു മുന്നേതന്നെ ഓപ്പണർമാരായ ജോസ് ബട്ലറെയും യശസ്വി ജയ്സ്വാളിനെയും നഷ്ടമായി. നവീനുൽ ഹഖിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന് ക്യാച്ച് നൽകിയാണ് ബട്ലർ മടങ്ങിയത്. ഒൻപത് പന്തിൽ 11 റൺസാണ് സമ്പാദ്യം. 12 പന്തിൽ 24 റൺസുമായി കത്തിക്കയറിയ യശസ്വി ജയ്സ്വാൾ മൊഹ്സിൻ ഖാന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ചതായിരുന്നു. പന്ത് ക്രുണാൽ പാണ്ഡ്യയുടെ കൈകളിൽച്ചെന്ന് വീണു വിക്കറ്റ് പോയി.

പിന്നാലെയെത്തിയ റിയാൻ പരാഗ്, സഞ്ജുവുമായി ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ടീം സ്‌കോർ 142-ൽ നിൽക്കേ, നവീനുൽ ഹഖിന്റെ പന്തിൽ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നൽകി പരാഗും തിരിച്ചുപോയി. 29 പന്തിൽ 43 റൺസാണ് സമ്പാദ്യം. മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെട്ട ഇന്നിങ്സ്. ഷിംറോൺ ഹെറ്റ്മയറും (5) പുറത്തായതോടെ സഞ്ജുവിനൊപ്പം ധ്രുവ് ജുറേലാണെത്തിയത്. 43 റൺസ് ഇരുവരും ചേർന്ന് നേടി.

സഞ്ജുവിന് പുറമെ രാജസ്ഥാന് വേണ്ടി റിയാൻ പരാഗ് (29 പന്തിൽ 43) മികച്ച പ്രകടനം പുറത്തെടുത്തു. സ്ലോ വിക്കറ്റിൽ പതിഞ്ഞ താളത്തിലായിരുന്നു രാജസ്ഥാന്റെ തുടക്കം. ഓപ്പണർ ജോസ് ബട്ലർ (11) നന്നായി ബുദ്ധിമുട്ടി. രണ്ട് ബൗണ്ടറി നേടി ആത്മവിശ്വാസം വീണ്ടെടുക്കുമ്പോഴേക്ക് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. രണ്ടാം ഓവറിന്റെ അവസാന പന്തിൽ നവീന്റെ പന്തിൽ വിക്കറ്റ കീപ്പർ കെ എൽ രാഹുലിന് ക്യാച്ച്. പിന്നാലെ സഞ്ജു - ജയ്സ്വാൾ സഖ്യം 36 റൺസ് കൂട്ടിചേർത്തു. എന്നാൽ ജയ്സ്വാളിനെ പുറത്താക്കി മുഹ്സിൻ ലഖ്നൗവിന് ബ്രേക്ക് ത്രൂ നൽകി. പുൾ ഷോട്ടിന് ശ്രമിക്കുമ്പോൾ മിഡ് ഓഫിൽ ക്രുനാൽ പാണ്ഡ്യക്ക് ക്യാച്ച്. ഇതോടെ അഞ്ച് ഓവറിൽ രണ്ടിന് 49 എന്ന നിലയിലായി രജാസ്ഥാൻ.

തുടർന്ന് സഞ്ജു-പരാഗ് കൂട്ടുകെട്ട് രാജസ്ഥാന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. ഇരുവരും 93 റൺസാണ് കൂട്ടിചേർത്തത്. രാജസ്ഥാൻ ഇന്നിങ്സിന്റെ നട്ടെല്ലായതും ഈ കൂട്ടുകെട്ട് തന്നെ. 15-ാം ഓവറിൽ കൂട്ടുകെട്ട് പൊളിഞ്ഞു. പരാഗിനെ, നവീൻ പുറത്താക്കുകയായിരുന്നു. തുടർന്നെത്തിയ ഷിംറോൺ ഹെറ്റ്മെയർ (5) നിരാശപ്പെടുത്തി. രവി ബിഷ്ണോയിക്കായിരുന്നു വിക്കറ്റ്. ആറാമനായി ക്രീസിലെത്തിയ ധ്രുവ് ജുറലും (12 പന്തിൽ 20) നിർണായക സംഭാവന നൽകി.