ജയ്പൂർ: അർധ സെഞ്ചുറിയുമായി രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചതിന് പിന്നാലെ ഫീൽഡിലും നായക മികവുമായി തിളങ്ങിയ സഞ്ജു സാംസണായിരുന്നു ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കുന്നതിൽ നിർണായകമായത്. രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്‌നൗവിന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ 20 റൺസിനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ജയം.

ടോസ് നേടി ബാറ്റിങ് തിരിഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് നേടിയത്. സഞ്ജു 52 പന്തിൽ പുറത്താവാതെ 82 റൺസാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കെ എൽ രാഹുൽ (44 പന്തിൽ 58), നിക്കൊളാസ് പുരാൻ (41 പന്തിൽ പുറത്താവാതെ 64) തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. നിർണായക ഘട്ടത്തിൽ കെ എൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമായതാണ് മത്സരം രാജസ്ഥാന് അനുകൂലമായി മാറിയത്.

രാജസ്ഥാന്റെ വിജയത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ പ്രകീർത്തിക്കുകയാണ് ക്രിക്കറ്റ് വിദഗ്ദരും ആരാധകരും. ബാറ്റിംഗിൽ മുന്നിൽ നിന്ന് നയിച്ചെന്ന് മാത്രമല്ല, ഫീൽഡിംഗിലെ തീരുമാനങ്ങളും റോയൽസിന്റെ ജയത്തിൽ നിർണായകമായെന്ന് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും പറയുന്നു.

ബൗളിങ് റൊട്ടേഷനാണ് ക്രിക്കറ്റ് ആരാധകർ എടുത്തുപറയുന്നത്. മാത്രമല്ല, സന്ദീപ് ശർമയെ ഉപയോഗിച്ച രീതിയും മികച്ചതായി. യഥാർത്ഥത്തിൽ രാജസ്ഥാന്റെ തുറുപ്പ്ചീട്ടായിരുന്നു സന്ദീപ്. 15-ാം ഓവറിലാണ് സന്ദീപ് ആദ്യമായി പന്തെറിയാനെത്തുന്നത്. രാഹുലിന്റെ നിർണായക വിക്കറ്റ് വീഴ്‌ത്തിയതും സന്ദീപ് തന്നെ. മൂന്ന് ഓവറിൽ 22 റൺസ് മാത്രമാണ് സന്ദീപ് വിട്ടുകൊടുത്തത്. സ്പിന്നർമാരായ ആർ അശ്വിൻ, യൂസ്വേന്ദ്ര ചാഹൽ എന്നിവരെ കൃത്യസമയത്ത് ഉപയോഗിക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.

തുടക്കത്തിൽ തന്നെ മൂന്നു വിക്കറ്റു നഷ്ടപ്പെട്ടെങ്കിലും നിക്കോളാസ് പുരാനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ കെ.എൽ. രാഹുൽ ലക്‌നൗ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. ക്വിന്റൻ ഡി കോക്ക് (നാല്), ദേവ്ദത്ത് പടിക്കൽ (പൂജ്യം), ആയുഷ് ബദോനി (ഒന്ന്) എന്നീ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തി. 13 പന്തുകൾ നേരിട്ട ദീപക് ഹൂഡ 26 റൺസെടുത്തു. മധ്യഓവറുകളിലെ റണ്ണൊഴുക്കു തടയാൻ രാജസ്ഥാൻ പരാജയപ്പെട്ടതോടെ ലക്‌നൗ സ്‌കോർ ഉയർന്നു. പുരാനും രാഹുലും ചേർന്ന് ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിയപ്പോഴാണ് സന്ദീപിനെ ഇറക്കി സഞ്ജു മത്സരത്തിന്റെ ഗതി മാറ്റിയത്.

35 പന്തുകളിൽ രാഹുൽ അർധ സെഞ്ചറി തികച്ചു. രാഹുൽ - പുരാൻ സഖ്യം ക്രീസിൽ ഉറച്ചതോടെ ലഖ്നൗ വിജയം സ്വപ്നം കണ്ടിരുന്നു. ഇരുവരും 85 റൺസ് കൂട്ടിചേർത്തു. സന്ദീപ് ശർമയെറിഞ്ഞ 17ാം ഓവറിൽ ധ്രുവ് ജുറേൽ ക്യാച്ചെടുത്തു രാഹുലിനെ പുറത്താക്കി. പിന്നാലെയെത്തിയ വമ്പൻ അടികൾക്കു പേരുകേട്ട ഓസീസ് ഓൾറൗണ്ടർ മാർകസ് സ്റ്റോയ്‌നിസിനെ ആർ. അശ്വിൻ മടക്കി. അവസാന ആറു പന്തുകളിൽ ലക്‌നൗവിനു ജയിക്കാൻ വേണ്ടിയിരുന്നത് 27 റൺസായിരുന്നു.

20ാം ഓവർ എറിഞ്ഞ ആവേശ് ഖാന്റെ ആദ്യ പന്ത് വൈഡായി. രണ്ടും മൂന്നും പന്തുകളിൽ റൺസൊന്നും വഴങ്ങാതിരുന്നതോടെ രാജസ്ഥാൻ വിജയമുറപ്പിച്ചു. 20ാം ഓവറിൽ ആറു റൺസ് മാത്രമാണ് രാജസ്ഥാൻ വഴങ്ങിയത്. ഇന്ത്യൻ പേസർമാരായ സന്ദീപ് ശർമയെയും ആവേശ് ഖാനെയും അവസാന ഓവറുകളിലേക്കു മാറ്റിവച്ച സഞ്ജുവിന്റെ തന്ത്രം വിജയമുറപ്പിക്കുന്നതിൽ നിർണായകമായി. റോയൽസിനായി ട്രെന്റ് ബോൾട്ട് രണ്ടു വിക്കറ്റും, നാന്ദ്രെ ബർഗർ, അശ്വിൻ, ചെഹൽ, സന്ദീപ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്‌ത്തി.