അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയിക്കാമായിരുന്ന മത്സരം കൈവിട്ടതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ പോര് മൂർച്ഛിക്കുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ശകാരിച്ച് മുൻ നായകൻ രോഹിത് ശർമ രംഗത്ത് വന്നതോടെ ടീമിലെ പടലപ്പിണക്കം മറനീക്കി പുറത്തുവന്നത്. തോൽവിക്കു ശേഷം രോഹിത്തിനെ ഹാർദിക് കെട്ടിപ്പിടിക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. ഏറെ നേരം ഗ്രൗണ്ടിൽവച്ചു സംസാരിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. മുംബൈ ഇന്ത്യൻസ് ടീം ഉടമ ആകാശ് അംബാനി അടുത്തുനിൽക്കെയാണ് ഹാർദിക് പാണ്ഡ്യയെ രോഹിത് ശകാരിച്ചത്.

രോഹിത് ഹാർദിക് പാണ്ഡ്യയെ ശകാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റനായ പാണ്ഡ്യയ്ക്കു കീഴിലാണ് രോഹിത് ഇന്നലെ കളിച്ചത്. വർഷങ്ങളായി മുംബൈയെ നയിച്ചിരുന്ന രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ടീം മാനേജ്‌മെന്റ് മാറ്റിയത് ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റശേഷം സമ്മാനദാനച്ചടങ്ങിന് മുമ്പ് മുംബൈ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയും ഇഷാൻ കിഷനുമെല്ലാം ഗ്രൗണ്ടിൽ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിനോട് കുശലം പറഞ്ഞ് തമാശ പങ്കിട്ട് നിൽക്കുമ്പോൾ മുംബൈ ഡഗ് ഔട്ടിൽ മുൻ നായകൻ രോഹിത് ശർമയും ജസ്പ്രീത് ബുമ്രയും അർജ്ജുൻ ടെൻഡുൽക്കറുമെല്ലാം കൂലങ്കുഷമായ ചർച്ചയിലായിരുന്നു. ചർച്ചക്കിടെ ബുമ്ര എന്തോ രോഹിത്തിനോട് പറയുന്നതും നിരാശയോടെ രോഹിത് തല താഴ്‌ത്തി ഇരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ഇതോടെ മുംബൈ ഡഗ് ഔട്ടിൽ എന്തോ കാര്യമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളും ആരാധകർക്കിടയിൽ നടക്കുന്നുണ്ട്.കഴിഞ്ഞ 12 സീസണുകളിലും ഉദ്ഘാടന മത്സരത്തിൽ ജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് മാറ്റിയെടുക്കുന്നതിന് തൊട്ടടുത്ത് എത്തിയതായിരുന്നു ഇന്നലെ മുംബൈ ഇന്ത്യൻസ്.എന്നാൽ ആറ് റൺസ് തോൽവി വഴങ്ങിയതോടെ ഹാർദ്ദിക്കിന് കീഴിലും ആ ചീത്തപ്പേര് മാറ്റാൻ മുംബൈ ഇന്ത്യൻസിനായില്ല.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തപ്പോൾ തുടക്കത്തിൽ 30-2ലേക്ക് വീണെങ്കിലും രോഹിത് ശർമയും ഡെവാൾഡ് ബ്രെവിസും ചേർന്ന് 77 റൺസ് കൂട്ടുകെട്ടിലൂടെ മുംബൈയെ വിജയവഴിയിൽ തിരിച്ചെത്തിച്ചു. 13-ാം ഓവറിൽ രോഹിത് പുറത്താവുമ്പോൾ മുംബൈക്ക് അവസാന ഓവറിൽ ഏഴോവറിൽ ജയിക്കാൻ 60 റൺസ് മതിയായിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായ മുംബൈക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെ നേടാനായുള്ളു.

ഐപിഎല്ലിൽ ഗുജറാത്തിലേക്കുള്ള തിരിച്ചുവരവിൽ തിരിച്ചടിയേറ്റ ഹാർദ്ദിക് പാണ്ഡ്യയെ വിമർശിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും മുംബൈ, ഗുജറാത്ത് ആരാധകർ നഷ്ടമാക്കുന്നില്ല. തങ്ങളെ ചതിച്ച് മുംബൈയിലേക്ക് പോയതാണ് ഗുജറാത്ത് ആരാധകരുടെ അനിഷ്ടത്തിന് കാരണമെങ്കിൽ രോഹിത്തിനെ മാറ്റി മുംബൈ നായകനായതാണ് മുംബൈ ആരാധകരുടെ അതൃപ്തിക്ക് കാരണമായത്.

ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ കോടികളെറിഞ്ഞ് മുംബൈ സ്വന്തമാക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം കൂടി തനിക്കു വേണമെന്ന് ഹാർദിക് പാണ്ഡ്യ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് രോഹിത് ശർമയെ നീക്കിയത്. കഴിഞ്ഞ രണ്ടു സീസണുകളിൽ ഗുജറാത്തിനെ നയിച്ച ഹാർദിക് പെട്ടെന്ന് ടീം വിട്ടത് ഗുജറാത്ത് ആരാധകർക്കും രസിച്ചിട്ടില്ല. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആരാധകർ പാണ്ഡ്യയ്‌ക്കെതിരെ നിരന്തരം ചാന്റുകൾ ഉയർത്തി.

ഗാലറിയിൽനിന്ന് ആരാധകർ രോഹിത് ശർമയുടെ പേരു വിളിക്കുന്നതും മത്സരത്തിനിടെ കേൾക്കാമായിരുന്നു. ഫീൽഡ് സെറ്റ് ചെയ്യുന്നതിനിടെ രോഹിത് ശർമയോട് ഹാർദിക് പാണ്ഡ്യ മര്യാദയില്ലാതെ പെരുമാറിയെന്നും പരാതി ഉയർന്നു.