- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയുടെ തോൽവി, ഹാർദികിനെതിരെ ഇന്ത്യൻ താരങ്ങൾ
അഹമ്മദാബാദ്: ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് മുംബൈ ഇന്ത്യൻസ് ആറ് റൺസിന്റെ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നായകൻ ഹാർദ്ദിക് പാണ്ഡ്യക്കെതിരെ വിമർശനം തുടരുന്നു. ക്യപ്റ്റനെന്ന നിലയിൽ ഹാർദിക്കിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. ആരാധകരും മുൻ താരങ്ങളുമടക്കം നിരവധിപേരാണ് താരത്തെ വിമർശിച്ച് രംഗത്തുവന്നത്.
169 റൺസ് പിന്തുടരുമ്പോൾ ഹാർദിക് ബാറ്റിംഗിനിറങ്ങിയത് ഏഴാമതായിരുന്നു. 12 പന്തിൽ 27 റൺസ് വേണ്ടപ്പോഴായിരുന്നു ക്യാപ്റ്റൻ ക്രീസിലെത്തിയത്. നാലു പന്തിൽ 11 റൺസെടുത്ത ഹാർദിക് അഞ്ചാം പന്തിൽ ലോംഗ് ഓണിൽ ക്യാച്ച് നൽകി മടങ്ങിയതോടെ മുംബൈ തോൽവിയും ഉറപ്പിച്ചു. ആറ് റൺസിന് ഗുജറാത്ത് മുംബൈയെ വീഴ്‌ത്തി സീസണിലെ ആദ്യ ജയവും സ്വന്തമാക്കി. ഗുജറാത്ത് ടൈറ്റൻസിലെ മുൻ സഹതാരം മുഹമ്മദ് ഷമിയാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ ഹാർദിക്കിന്റെ തന്ത്രങ്ങൾക്കെതിരെ പരസ്യമായി രംഗത്ത് വന്നത്.
ഗുജുറാത്തിനെതിരെ ബാറ്റിങ് ഓർഡറിൽ ഏഴാമനായി ഇറങ്ങാനുള്ള ഹാർദ്ദിക്കിന്റെ നീക്കത്തെയാണ് ഷമി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ചെന്നൈ സൂപ്പർ കിങ്‌സിനായി ധോണി ഏഴാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങി കളി ഫിനിഷ് ചെയ്യുന്നതിനെ അനുകരിക്കാനാണ് ഹാർദ്ദിക് ശ്രമിച്ചതെന്ന് വിമർശനം ഉണ്ടായിരുന്നു. എന്നാൽ ധോണി ധോണിയാണെന്നും ഒരാൾ മറ്റൊരാളെ പോലെയാകാൻ നോക്കിയിട്ട് കാര്യമില്ലെന്നും ഷമി ക്രിക് ബസിലെ ചർച്ചയിൽ പറഞ്ഞു.
ധോണി, ധോണിയാണ്. ആർക്കും അദ്ദേഹമാവാൻ പറ്റില്ല. എല്ലാവർക്കും വ്യത്യസ്ത മനോനിലയാണുള്ളത്. അത് കോലിയായാലും ധോണിയായാലും നിങ്ങളുടെ കഴിവിന് അനുസരിച്ചാണ് ഗ്രൗണ്ടിൽ കളിക്കേണ്ടത്. കഴിഞ്ഞ സീസണിൽ ഗുജറാത്തിലായിരുന്നപ്പോൾ ഹാർദ്ദിക് മൂന്നാം നമ്പറിലും നാലാം നമ്പറിലുമായിരുന്നു ബാറ്റിംഗിന് ഇറങ്ങിയിരുന്നത്. ഹാർദ്ദിക്കിന് ആ പൊസിഷനിൽ ബാറ്റ് ചെയ്ത് നല്ല പരിചയവുമുണ്ട്. പരമാവധി അഞ്ചാം നമ്പർ വരെയൊക്കെയെ ഹാർദ്ദിക്കിന് കാത്തിരിക്കാനാവു. അല്ലാതെ ഏഴാ നമ്പറിലൊന്നും ഹാർദ്ദിക് ബാറ്റിംഗിന് ഇറങ്ങരുതെന്നും പരിക്കുമൂലം ഇത്തവണ ഐപിഎല്ലിൽ കളിക്കാത്ത ഷമി പറഞ്ഞു.
എന്നാൽ ബാറ്റിങ് ഓർഡറിൽ താഴെ ഇറങ്ങാനുള്ള ഹാർദ്ദിക്കിന്റെ തീരുമാനം അദ്ദേഹത്തിന്റെ മാത്രമാകാൻ വഴിയില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത മുൻ ഇന്ത്യൻ താരം മനോജ് തിവാരി പറഞ്ഞു. അത് ഒരു പക്ഷെ ഡഗ് ഔട്ടിലുണ്ടായിരുന്ന സച്ചിൻ ടെൻഡുൽക്കറുടെ നിർദേശമായിരിക്കും. ഗുജറാത്തിലായിരുന്നപ്പോൾ തീരുമാനമെടുക്കുക ഹാർദ്ദിക്കിന് എളുപ്പമാണ്. കാരണം, അവിടെ ഹാർദ്ദിക്കും നെഹ്‌റയും മാത്രമെയുള്ളു. എന്നാൽ മുംബൈ ഡഗ് ഔട്ടിൽ സച്ചിനെപ്പോലുള്ള മഹാരഥന്മാരുടെ സാന്നിധ്യമുണ്ട്. തിലക് വർമയും ഡെവാൾഡ് ബ്രെവിസും പോലെയുള്ള യുവതാരങ്ങളിൽ വലിയ പ്രതീക്ഷയുള്ള മുംബൈ അതുകൊണ്ടായിരിക്കും ഹാർദ്ദിക്കിനെ ഏഴാം നമ്പറിൽ ഇറക്കിയതെന്നും മനോജ് തിവാരി പറഞ്ഞു.
അതേ സമയം മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനും ഹാർദിക്കിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. 'അവർ ചേസ് ചെയ്തുകൊണ്ടിരുന്നപ്പോൾ, ടിം ഡേവിഡിന് സ്ഥാനക്കയറ്റം നൽകി. കാരണം റാഷിദ് ഖാന് ഒരു ഓവർകൂടിയുണ്ടായിരുന്നു. ഹാർദിക്കിന് റാഷിദിനെ നേരിടാൻ താത്പ്പര്യമില്ലായിരുന്നു. കാരണം കുറച്ചുനാളായി ക്രിക്കറ്റിൽ നിന്ന് അകന്നു നിൽക്കുകയാണല്ലോ ഹാർദിക്" ഇർഫാൻ പറഞ്ഞു.