മുംബൈ: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെപ്പിന്റെ പ്രചാരണച്ചൂടിനിടെ ഐപിഎല്ലിൽ ശേഷിക്കുന്ന മത്സരങ്ങളുടെ മത്സരക്രമവും പുറത്തുവിട്ട് ബിസിസിഐ. പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഏഴ് വരെയുള്ള 21 മത്സരങ്ങളുടെ മത്സരക്രമം മാത്രമായിരുന്നു നേരത്തെ പുറത്തു വിട്ടിരുന്നത്. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശേഷിക്കുന്ന മത്സരങ്ങളുടെ മത്സര ക്രമം ബിസിസിഐ അറിയിച്ചത്.

ഏപ്രിൽ എട്ടിന് ചെന്നൈ സൂപ്പർ കിങ്‌സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം നടക്കും. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം ഏപ്രിൽ 14ന് മുംബൈയിൽ നടക്കും.

രണ്ടാം ഘട്ടത്തിൽ ഗുവാഹത്തി, ധരംശാല എന്നിവിടങ്ങളിലും മത്സരങ്ങളുണ്ട്. പഞ്ചാബ് കിംഗിസിന്റെ ഹോം മത്സരങ്ങളാണ് ധരംശാലയിൽ നടക്കുക. ആർസിബിയും ചെന്നൈയുമാണ് പഞ്ചാബിന്റെ എതിരാളികൾ. രാജസ്ഥാൻ റോയൽസിന്റെ രണ്ടാം ഹോം ഗ്രൗണ്ടായാണ് ഗുവാഹത്തി തെരഞ്ഞെടുത്തിരിക്കുന്നത്. രാജസ്ഥാന്റെ അവസാന രണ്ട് ഹോം മത്സരങ്ങളാണ് ഗുവാഹത്തിയിൽ നടക്കുക. മെയ് 15ന് പഞ്ചാബ് കിങ്‌സും 19ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായിരിക്കും ഈ മത്സരങ്ങളിൽ രാജസ്ഥാന്റെ എതിരാളികൾ.

ഏപ്രിൽ 11ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും മുംബൈയിൽ ഏറ്റുമുട്ടും. സീസണിൽ വിരാട് കോലിയും രോഹിത് ശർമയും നേർക്കുനേർ വരുന്ന ഒരേയൊരു മത്സരമാണിത്. 12 വർഷത്തിനുശേഷം ഐപിഎൽ ഫൈനൽ ചെന്നൈയിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേതയതുമുണ്ട്.

മെയ് 26ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഐപിഎൽ ഫൈനൽ. 21ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യ ക്വാളിഫയർ പോരാട്ടം നടക്കും. 22ന് അഹമ്മദാബാദിൽ തന്നെയാണ് എലിമിനേറ്റർ പോരാട്ടവും. രണ്ടാ ക്വാളിഫയർ പോരാട്ടം 24ന് ചെന്നൈയിലാണ്.