മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആറ് റൺസിന് മുംബൈ ഇന്ത്യൻസ് തോൽവി ഏറ്റുവാങ്ങിയതോടെ കടുത്ത വിമർശനമാണ് നായകൻ ഹാർദ്ദിക് പാണ്ഡ്യ നേരിട്ടത്. ഏകാധിപത്യ രീതിയിൽ ഹാർദ്ദിക് പെരുമാറുന്നു, സ്വന്തം താൽപര്യങ്ങൾക്കായി മറ്റ് താരങ്ങളെ അവഗണിക്കുന്നു എന്ന രീതിയിലായിരുന്നു ആരാധകർ വിമർശനം ഉയർത്തിയത്. എന്നാൽ ഹാർദ്ദികിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ടീമിന്റെ മുൻ താരവും ബാറ്റിങ് കോച്ചുമായ കെയ്‌റോൺ പൊള്ളാർഡ്.

ഹാർദിക്കിന്റെ തീരുമാനങ്ങൾ ടീമിന്റെ കൂട്ടായ അഭിപ്രായങ്ങളാണെന്ന് പൊള്ളാർഡ് പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ആറ് റണ്ണിനായിരുന്നു മുംബൈ ഇന്ത്യൻസിന്റെ തോൽവി. ഏഴാമനായി ക്രീസിലെത്തിയ ഹാർദ്ദിക് പണ്ഡ്യ കുറച്ചുകൂടി നേരത്തേ ബാറ്റിംഗിന് ഇറങ്ങിയിരുന്നെങ്കിൽ മുംബൈ ജയിച്ചേനെയെന്നും ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക്കിന്റെ പരാജയമാണിതെന്നുമാണ് പ്രധാന വിമർശനം.

ഗുജറാത്തിൽ ഹാർദിക് ടോപ് ഓർഡറിൽ ബാറ്റ് ചെയ്തതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഹാർദിക് ഏഴാമനായി ബാറ്റ് ചെയ്യാൻഎത്തിയത് ടീം കൂട്ടായെടുത്ത തീരുമാനം ആണെന്ന് പറയുന്നു ബാറ്റിങ് കോച്ച് കെയ്‌റോൺ പൊള്ളാർഡ്. മുംബൈ ഇന്ത്യൻസിൽ ആരും ഏകാധിപതികളല്ല. ഒരാളും ഒറ്റയ്ക്ക് തീരുമാനമെടുത്ത് അത് നടപ്പാക്കാറില്ല. എല്ലാം ടീം അംഗങ്ങൾ കൂട്ടായി ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ്.

ഇത്തരം സന്ദർഭങ്ങളിൽ ടിം ഡേവിഡ് മുൻപ് നന്നായി കളിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഹാർദിക്കിന് മുൻപ് ബാറ്റിംഗിന് ഇറങ്ങിയത്. അതിന് ഹാർദ്ദിക് ഇത് ചെയ്തു, ഹാർദ്ദിക് അത് ചെയ്തു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് നിർത്തു. ടീം എന്ന നിലയിൽ വ്യക്തമായ പദ്ധതികളോടെയാണ് മുംബൈ മുന്നോട്ട് പോകുന്നത്. ആരൊക്കെ എവിടെയൊക്കെ കളിക്കണമെന്ന് നേരത്തേ നിശ്ചയിക്കുന്നതാണ്. ഇതിന് ഹാർദിക്കിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും പൊള്ളാർഡ് വ്യക്തമാക്കി.

ജസ്പ്രീത് ബുമ്രയ്ക്ക് പകരം ഹാർദിക് ബൗളിങ് ഓപ്പൺ ചെയ്തതിനെയും പൊള്ളാർഡ് ന്യായീകരിച്ചു. പുതിയ പന്ത് സ്വിങ് ചെയ്യിക്കാൻ കഴിവുള്ള ബൗളറാണ് ഹാർദിക്. കഴിഞ്ഞ രണ്ടുവർഷം ഗുജറാത്തിനായി ഹാർദിക് തുടക്കത്തിൽ നന്നായി പന്തെറിഞ്ഞു. ഇതേ ഹാർദിക് മുംബൈയ്ക്കായി ബൗളിങ് ഓപ്പൺ ചെയ്തതിൽ പുതിയതായി ഒന്നുമില്ലെന്നും പൊള്ളാർഡ് പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിനിടെ ജസ്പ്രീത് ബുമ്രയുടെ നിർദ്ദേശം കേൾക്കാൻ നിൽക്കാതെ ഹാർദിക് പാണ്ഡ്യ മടങ്ങിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഗുജറാത്തിന്റെ ബാറ്റിങ് അവസാനിച്ച ശേഷം മുംബൈ താരങ്ങൾ ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. ബുമ്ര ഹാർദിക് പാണ്ഡ്യയോട് സംസാരിക്കുന്നുണ്ടെങ്കിലും, ശരി എന്ന് ആംഗ്യം കാട്ടിയ ശേഷം പാണ്ഡ്യ നടന്നകലുകയായിരുന്നു.

ഈ സമയത്ത് ബുമ്രയോടൊപ്പം ചർച്ച ചെയ്യാൻ മുൻ ക്യാപ്റ്റൻ രോഹിത് ശർമയും എത്തി. മത്സരത്തേക്കുറിച്ച് ഇരുവരും സംസാരിച്ചെങ്കിലും പാണ്ഡ്യ ഇതിന്റെ ഭാഗമായില്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മത്സരത്തിൽ ഗുജറാത്തിനെതിരായ ആദ്യ ഓവർ ക്യാപ്റ്റൻ പാണ്ഡ്യ തന്നെ എറിഞ്ഞതിനെ മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കം വിമർശിച്ചിരുന്നു. ജസ്പ്രീത് ബുമ്ര, ലൂക്ക് വുഡ്, ജെറാൾഡ് കോട്‌സെ എന്നീ മൂന്ന് സ്‌പെഷലിസ്റ്റ് പേസർമാർ ടീമിലുണ്ടായിരുന്നിട്ടും പാണ്ഡ്യ തന്നെ ബോളിങ്ങിനെത്തുകയായിരുന്നു.

മത്സരത്തിൽ ഹാർദിക് പാണ്ഡ്യ മൂന്ന് ഓവർ പന്തെറിഞ്ഞപ്പോൾ 30 റൺസാണു വഴങ്ങിയത്. മുംബൈ ക്യാപ്റ്റന് വിക്കറ്റൊന്നും കിട്ടിയതുമില്ല. മൂന്നാം ഓവർ എറിയാനെത്തിയ ബുമ്രയാണ് സാഹയെ പുറത്താക്കി മുംബൈയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. നാലോവറുകൾ പൂർത്തിയാക്കിയ ബുമ്ര മൂന്നു വിക്കറ്റുകൾ നേടിയിരുന്നു.