അഹമ്മദാബാദ്: ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് ആറ് റൺസിന് പരാജയപ്പെട്ടതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യക്കെതിരെ രൂക്ഷവിമർശനങ്ങളാണെങ്ങും. ഇന്ത്യൻ ടീമിലെയും ഗുജറാത്ത് ടൈറ്റൻസിലെയും മുൻ സഹതാരമായ മുഹമ്മദ് ഷമിയാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ ഹാർദ്ദിക്കിന്റെ തന്ത്രങ്ങൾക്കെതിരെ ഒടുവിൽ രംഗത്തുവന്നത്. ക്രിക്‌ബസിന് നൽകിയ അഭിമുഖത്തിലാണ് ഷമിയുടെ വിമർശനം.

ഗുജുറാത്തിനെതിരെ ബാറ്റിങ് ഓർഡറിൽ ഏഴാമനായി ഇറങ്ങാനുള്ള ഹാർദ്ദിക്കിന്റെ നീക്കത്തെയാണ് ഷമി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ചെന്നൈ സൂപ്പർ കിങ്‌സിനായി ധോണി ഏഴാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങി കളി ഫിനിഷ് ചെയ്യുന്നതിനെ അനുകരിക്കാനാണ് ഹാർദ്ദിക് ശ്രമിച്ചതെന്ന് വിമർശനം ഉണ്ടായിരുന്നു. എന്നാൽ ധോണി ധോണിയാണെന്നും ഒരാൾ മറ്റൊരാളെ പോലെയാകാൻ നോക്കിയിട്ട് കാര്യമില്ലെന്നും ഷമി ക്രിക് ബസിലെ ചർച്ചയിൽ പറഞ്ഞു.

ധോണി, ധോണിയാണ്. ആർക്കും അദ്ദേഹമാവാൻ പറ്റില്ല. എല്ലാവർക്കും വ്യത്യസ്ത മനോനിലയാണുള്ളത്. അത് കോലിയായാലും ധോണിയായാലും നിങ്ങളുടെ കഴിവിന് അനുസരിച്ചാണ് ഗ്രൗണ്ടിൽ കളിക്കേണ്ടത്. കഴിഞ്ഞ സീസണിൽ ഗുജറാത്തിലായിരുന്നപ്പോൾ ഹാർദ്ദിക് മൂന്നാം നമ്പറിലും നാലാം നമ്പറിലുമായിരുന്നു ബാറ്റിംഗിന് ഇറങ്ങിയിരുന്നത്. ഹാർദ്ദിക്കിന് ആ പൊസിഷനിൽ ബാറ്റ് ചെയ്ത് നല്ല പരിചയവുമുണ്ട്. പരമാവധി അഞ്ചാം നമ്പർ വരെയൊക്കെയെ ഹാർദ്ദിക്കിന് കാത്തിരിക്കാനാവു. അല്ലാതെ ഏഴാ നമ്പറിലൊന്നും ഹാർദ്ദിക് ബാറ്റിംഗിന് ഇറങ്ങരുതെന്നും പരിക്കുമൂലം ഇത്തവണ ഐപിഎല്ലിൽ കളിക്കാത്ത ഷമി പറഞ്ഞു.

ഒരു നായകൻ ടീമിനോട് കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ഏഴാം നമ്പറിലായിരുന്നില്ല ഹാർദ്ദിക്ക് ബാറ്റിംഗിനെത്തേണ്ടത്. അത് വാലറ്റത്തിന്റെ തുടക്കമാണ്. ഗുജറാത്ത് ടൈറ്റൻസിൽ മൂന്ന്, നാല് സ്ഥാനങ്ങളിലാണ് ഹാർദ്ദിക്ക് ബാറ്റു ചെയ്തത്. മുംബൈ ഇന്ത്യൻസിൽ നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തിയാൽ പോലും ആ മത്സരം വിജയിക്കുമായിരുന്നു. ഒരു നായകൻ എങ്ങനെയാകണമെന്ന് ഹാർദ്ദിക്ക് പാറ്റ് കമ്മിൻസിനെ കണ്ട് പഠിക്കണമെന്നും ഷമി അഭിപ്രായപ്പെട്ടു.

എന്നാൽ ബാറ്റിങ് ഓർഡറിൽ താഴെ ഇറങ്ങാനുള്ള ഹാർദ്ദിക്കിന്റെ തീരുമാനം അദ്ദേഹത്തിന്റെ മാത്രമാകാൻ വഴിയില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത മുൻ ഇന്ത്യൻ താരം മനോജ് തിവാരി പറഞ്ഞു. അത് ഒരു പക്ഷെ ഡഗ് ഔട്ടിലുണ്ടായിരുന്ന സച്ചിൻ ടെൻഡുൽക്കറുടെ നിർദേശമായിരിക്കും. ഗുജറാത്തിലായിരുന്നപ്പോൾ തീരുമാനമെടുക്കുക ഹാർദ്ദിക്കിന് എളുപ്പമാണ്. കാരണം, അവിടെ ഹാർദ്ദിക്കും നെഹ്‌റയും മാത്രമെയുള്ളു. എന്നാൽ മുംബൈ ഡഗ് ഔട്ടിൽ സച്ചിനെപ്പോലുള്ള മഹാരഥന്മാരുടെ സാന്നിധ്യമുണ്ട്. തിലക് വർമയും ഡെവാൾഡ് ബ്രെവിസും പോലെയുള്ള യുവതാരങ്ങളിൽ വലിയ പ്രതീക്ഷയുള്ള മുംബൈ അതുകൊണ്ടായിരിക്കും ഹാർദ്ദിക്കിനെ ഏഴാം നമ്പറിൽ ഇറക്കിയതെന്നും മനോജ് തിവാരി പറഞ്ഞു.