ചെന്നൈ: ആദ്യ ഓവറുകളിൽ രചിൻ രവീന്ദ്ര തുടക്കമിട്ട വെടിക്കെട്ട് ബാറ്റിങ് അവസാന ഓവറുകളിൽ ആളിക്കത്തിച്ച് ശിവം ദുബെയും തകർത്തടിച്ചതോടെ ഗുജറാത്ത് ടൈറ്റൻസിനു മുന്നിൽ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്. അർധ സെഞ്ചറി നേടി പുറത്തായ ദുബെയാണ് (23 പന്തിൽ 51) ചെന്നൈയുടെ ടോപ് സ്‌കോറർ.

ഗെയ്കവാദ് പൂജ്യത്തിൽ നിൽക്കെ സ്ലിപ്പിൽ നൽകിയ അവസരം സ്ലിപ്പിൽ സായ് കിഷോർ വിട്ടുകളയുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. പിന്നീട് ഒന്നാം വിക്കറ്റിൽ രചിൻ - ഗെയ്കവാദ് സഖ്യം 62 റൺസ് ചേർത്തു. രചിൻ പവർപ്ലേ നന്നായി മുതലാക്കി. ആറാം ഓവറിൽ രചിൻ മടങ്ങി. റാഷിദിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്താണ് രചിനെ പുറത്താക്കിയത്. 20 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു രചിന്റെ ഇന്നിങ്സ്. മൂന്നാമനായി കളിച്ച അജിൻക്യ രഹാനെയ്ക്ക് (12) തിളങ്ങാനായില്ല.

13-ാം ഓവറിൽ ഗെയ്കവാദിനെ സ്പെൻസർ ജോൺസൺ പുറത്താക്കി. 36 പന്തുകൾ നേരിട്ട ഗെയ്കവാദ് ഒരു സിക്സും അഞ്ച് ഫോറും നേടി. ഇതോടെ മൂന്നിന് 127 എന്ന നിലയിലായി ചെന്നൈ. പിന്നീടായിരുന്നു ദുബെയുടെ വെടിക്കെട്ട്. നേരിട്ട ആദ്യ രണ്ട് പന്തും സിക്സടിച്ചാണ് ദുബെ തുടങ്ങിയത്. ഡാരിൽ മിച്ചലിനൊപ്പം (20 പന്തിൽ 24) 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ദുംബെയ്ക്കായി. 19-ാം ഓവറിൽ ദുബെ മടങ്ങി. 23 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപ്പെടെയാണ് താരം അർധ സെഞ്ചുറി പൂർത്തിയാക്കിയത്.

പിന്നീടെത്തിയ സമീർ റിസ്വി, റാഷിദ് ഖാനെതിരെ രണ്ട് സിക്സ് ഉൾപ്പെടെ 14 റൺസ് നേടി. 6 പന്തിൽ 14 റൺസെടുത്ത താരം സ്‌കോർ 200 കടത്താൻ സഹായിച്ചു. മിച്ചൽ അവസാന പന്തിൽ റണ്ണൗട്ടായി രവീന്ദ്ര ജഡേജ (മൂന്ന് പന്തിൽ 7) പുറത്താവാതെ നിന്നു. മുംബൈ ഇന്നിങ്സിനെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങിയത്. ചെന്നൈ ഒരു മാറ്റം വരുത്തി. മഹീഷ് തീക്ഷണയ്ക്ക് പകരം മതീഷ പതിരാന ടീമിൽ തിരിച്ചെത്തി. പരിക്ക് കാരണം പതിരാനയ്ക്ക് ആദ്യ മത്സരം കളിക്കാൻ കഴിഞ്ഞിരുന്നില്ല.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തീരുമാനം പാളിയെന്ന് ആദ്യ ഓവറുകളിൽ തന്നെ ചെന്നൈ ബാറ്റർമാർ തെളിയിച്ചു. ആദ്യ വിക്കറ്റിൽ 5.2 ഓവറിൽ 62 റൺസാണ് അവർ അടിച്ചു കൂട്ടിയത്. 20 പന്തിൽ 46 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് ആദ്യം പുറത്തായത്. 6 ഫോറും 3 സിക്‌സും ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്. മൂന്നാമനായിറങ്ങിയ രഹാനെ നിരാശപ്പെടുത്തി. 12 പന്തിൽ 12 റൺസ് നേടിയാണ് താരം പുറത്തായത്.

നിലയുറപ്പിച്ചു കളിച്ച ക്യാപ്റ്റൻ ഋതുരാജ് ഗയ്ക്വാദ് 36 പന്തിൽ 46 റൺസ് നേടി. 13ാം ഓവറിലാണ് താരം പുറത്തായത്. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ തുടക്കം മുതൽ തകർത്തടിച്ചു. 2 ഫോറും 5 സിക്‌സും സഹിതമാണ് താരം അർധ ശതകം പൂർത്തിയാക്കിയത്. 19ാം ഓവറിൽ സ്‌കോർ 184ൽനിൽക്കേ വിജയ് ശങ്കറിനു ക്യാച്ച് നൽകിയാണ് ദുബെ മടങ്ങിയത്. ഡാരിൽ മിച്ചൽ (24*), സമീർ റിസ്വി (14), രവീന്ദ്ര ജഡേജ (6*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്‌കോർ. ഗുജറാത്തിനായി റാഷിദ് ഖാൻ 2 വിക്കറ്റു നേടി.