ചെന്നൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് 63 റൺസിന്റെ ആധികാരിക ജയം. എം എ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്. ശിവം ദുെബ (51), റുതുരാജ് ഗെയ്കവാദ് (46), രചിൻ രവീന്ദ്ര (46) എന്നിവരുടെ ഇന്നിങ്സാണ് ചെന്നൈയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാൻ രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിൽ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനാണ് സാധിച്ചത്. ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മുസ്തഫിസുർ റഹ്‌മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ജയത്തോടെ സിഎസ്‌കെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സ്‌കോർ: ചെന്നൈ സൂപ്പർ കിങ്‌സ് 20 ഓവറിൽ 6ന് 206, ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 8ന് 143.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന്റെ ഇന്നിങ്‌സിന് ശുഭകരമായ തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (8) ദീപക് ചാഹർ വിക്കറ്റിനു മുന്നിൽ കുടുക്കി. രണ്ടോവർ പിന്നിടുമ്പോഴേക്കും വൃദ്ധിമാൻ സാഹയെ (17 പന്തിൽ 21) കൂടി പുറത്താക്കി ചാഹർ വീണ്ടും പ്രഹരമേൽപിച്ചു. സ്‌കോർ 55ൽ നിൽക്കേ വിജയ് ശങ്കറിനെ (12) ഡാരിൽ മിച്ചൽ ധോണിയുടെ കൈകളിലെത്തിച്ചു. പ്രോട്ടീസ് താരം ഡേവിഡ് മില്ലറെ (21) തുഷാർ പാണ്ഡെ കൂടാരം കയറ്റി.

ഇംപാക്ട് പ്ലെയറായി എത്തി ചെറുത്തുനിന്ന സായ് സുദർശൻ (37) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ ചുരുങ്ങി. അസ്മത്തുല്ല ഒമർസായ് (11), റാഷിദ് ഖാൻ (1), രാഹുൽ തെവാത്തിയ (6), ഉമേഷ് യാദവ് (10*), സ്‌പെൻസർ ജോൺസൻ (5*) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ചെന്നൈക്കു വേണ്ടി ദീപക് ചാഹർ, മുസ്തഫിസുർ റഹ്‌മാൻ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടു വീതം വിക്കറ്റു പിഴുതു.

ആധികാരികം ചെന്നൈ

ചെന്നൈയിൽ ഗെയ്കവാദ് പൂജ്യത്തിൽ നിൽക്കെ സ്ലിപ്പിൽ നൽകിയ അവസരം സ്ലിപ്പിൽ സായ് കിഷോർ വിട്ടുകളയുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. പിന്നീട് ഒന്നാം വിക്കറ്റിൽ രചിൻ - ഗെയ്കവാദ് സഖ്യം 62 റൺസ് ചേർത്തു. രചിൻ പവർപ്ലേ നന്നായി മുതലാക്കി. ആറാം ഓവറിൽ രചിൻ മടങ്ങി. റാഷിദിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്താണ് രചിനെ പുറത്താക്കിയത്. 20 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു രചിന്റെ ഇന്നിങ്സ്. മൂന്നാമനായി കളിച്ച അജിൻക്യ രഹാനെയ്ക്ക് (12) തിളങ്ങാനായില്ല.

13-ാം ഓവറിൽ ഗെയ്കവാദിനെ സ്പെൻസർ ജോൺസൺ പുറത്താക്കി. 36 പന്തുകൾ നേരിട്ട ഗെയ്കവാദ് ഒരു സിക്സും അഞ്ച് ഫോറും നേടി. ഇതോടെ മൂന്നിന് 127 എന്ന നിലയിലായി ചെന്നൈ. പിന്നീടായിരുന്നു ദുബെയുടെ വെടിക്കെട്ട്. നേരിട്ട ആദ്യ രണ്ട് പന്തും സിക്സടിച്ചാണ് ദുബെ തുടങ്ങിയത്. ഡാരിൽ മിച്ചലിനൊപ്പം (20 പന്തിൽ 24) 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ദുംബെയ്ക്കായി. 19-ാം ഓവറിൽ ദുബെ മടങ്ങി. 23 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപ്പെടെയാണ് താരം അർധ സെഞ്ചുറി പൂർത്തിയാക്കിയത്.

പിന്നീടെത്തിയ സമീർ റിസ്വി, റാഷിദ് ഖാനെതിരെ രണ്ട് സിക്സ് ഉൾപ്പെടെ 14 റൺസ് നേടി. 6 പന്തിൽ 14 റൺസെടുത്ത താരം സ്‌കോർ 200 കടത്താൻ സഹായിച്ചു. മിച്ചൽ അവസാന പന്തിൽ റണ്ണൗട്ടായി രവീന്ദ്ര ജഡേജ (മൂന്ന് പന്തിൽ 7) പുറത്താവാതെ നിന്നു. മുംബൈ ഇന്നിങ്സിനെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങിയത്. ചെന്നൈ ഒരു മാറ്റം വരുത്തി. മഹീഷ് തീക്ഷണയ്ക്ക് പകരം മതീഷ പതിരാന ടീമിൽ തിരിച്ചെത്തി.

ബാറ്റിങ് വെടിക്കെട്ടുമായി ദുബെ, രചിൻ

ആദ്യ ഓവറുകളിൽ രചിൻ രവീന്ദ്ര തുടങ്ങിവച്ച വെടിക്കെട്ട് അവസാന ഓവറുകളിൽ ശിവം ദുബെ ഏറ്റെടുത്തതോടെയാണ് ടൈറ്റൻസിനു മുന്നിൽ ചെന്നൈ കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. അർധ സെഞ്ചറി നേടി പുറത്തായ ദുബെയാണ് (23 പന്തിൽ 51) ചെന്നൈയുടെ ടോപ് സ്‌കോറർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റു നഷ്ടത്തിലാണ് ചെന്നൈ 206 റൺസ് നേടിയത്.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തീരുമാനം പാളിയെന്ന് ആദ്യ ഓവറുകളിൽ തന്നെ ചെന്നൈ ബാറ്റർമാർ തെളിയിച്ചു. ആദ്യ വിക്കറ്റിൽ 5.2 ഓവറിൽ 62 റൺസാണ് അവർ അടിച്ചു കൂട്ടിയത്. 20 പന്തിൽ 46 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് ആദ്യം പുറത്തായത്. 6 ഫോറും 3 സിക്‌സും ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്.

ക്രീസിലെത്തിയ ശിവം ദുബെ സിക്‌സറോടെയാണ് ഇന്നിങ്‌സിന് തുടക്കമിട്ടത്. 2 ഫോറും 5 സിക്‌സും സഹിതമാണ് താരം അർധ ശതകം പൂർത്തിയാക്കിയത്. 19ാം ഓവറിൽ സ്‌കോർ 184ൽനിൽക്കേ വിജയ് ശങ്കറിനു ക്യാച്ച് നൽകിയാണ് ദുബെ മടങ്ങിയത്.