ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനേഴാം സീസണിൽ ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിന് തൊട്ടു മുമ്പ് ചെന്നൈ സൂപ്പർ കിങ്‌സ് നായകസ്ഥാനം ഒഴിഞ്ഞ് എം എസ് ധോണി ആരാധകരെ ഞെട്ടിച്ചെങ്കിലും ഗ്രൗണ്ടിൽ ഇപ്പോഴും യഥാർത്ഥ തല ധോണി തന്നെയാണെന്നാണ് ചെന്നൈ ആരാധകർ കരുതുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഉദ്ഘാടന മത്സരത്തിൽ റുതുരാജ് ഗെയ്ക്വാദ് ചെന്നൈയുടെ ക്യാപ്റ്റനായി അരങ്ങേറിയെങ്കിലും ഫീൽഡ് സെറ്റ് ചെയ്‌തൊക്കെ പതിവുപോലെ ധോണിയായിരുന്നു. ഇതോടെ ധോണിയാണോ റുതുരാജ് ആണോ ചെന്നൈ ക്യാപ്റ്റനെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

ഇതേസംശയം കളിക്കാർക്കും ഇപ്പോഴുണ്ടെന്ന് തുറന്നു പറയുകയാണ് ചെന്നൈ ടീം അംഗമായണ് പേസർ ദീപക് ചാഹർ. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരശേഷം ഫീൽഡ് ചെയ്യുമ്പോൾ ആരുടെ നിർദേശമാണ് സ്വീകരിക്കുക എന്ന സുനിൽ ഗവാസ്‌കറുടെ ചോദ്യത്തിന് ചാഹർ നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. അത്തരം സന്ദർഭങ്ങളിൽ ഞാൻ മഹി ഭായിയയെയും റുതുരാജിനെയും നോക്കും. രണ്ടുപേരും ഇപ്പോൾ ഫീൽഡ് സെറ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് ഫീൽഡ് ചെയ്യാൻ നിൽക്കുമ്പോൾ ആരെ നോക്കണമെന്ന കാര്യത്തിൽ ഇപ്പോൾ ചെറിയൊരു കൺഫ്യൂഷനുണ്ട്. ചെന്നൈയെ മികച്ച രീതിയിലാണ് റുതുരാജ് നയിക്കുന്നതെന്നും ദീപക് ചാഹർ പറഞ്ഞു.

"ഫീൽഡ് സെറ്റ് ചെയ്യുമ്പോൾ ഞാൻ ഇപ്പോഴും സഹായത്തിനായി എം.എസ്. ധോണിയെ നോക്കും. ക്യാപ്റ്റനെന്ന നിലയിൽ ഋതുരാജ് ഗെയ്ക്വാദ് നന്നായി കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ പന്തെറിയുമ്പോൾ ഞാൻ രണ്ടു പേരെയും നോക്കിപ്പോകും." ദീപക് ചാഹർ വ്യക്തമാക്കി.

ആർസിബിക്കെതിരായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആദ്യ മത്സരത്തിൽ ധോണി ഫീൽഡ് സെറ്റ് ചെയ്യുന്നത് കണ്ട് ഓൺഫീൽഡ് കമന്ററിക്കിടെ വീരേന്ദർ സെവാഗും ഇർഫാൻ പത്താനും ധോണിയാണോ ഇനി ശരിക്കും ക്യാപ്റ്റനെന്ന് ചോദിച്ചിരുന്നു.ആദ്യ മത്സരത്തിൽ ആർസിബിയെ തകർച്ച ചെന്നൈ ഇന്നലെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിന്റെ ആധികാരിക ജയവുമായി പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. രണ്ട് മത്സരങ്ങളിലും ചെന്നൈക്കായി ധോണി ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല.

2024 ഐപിഎൽ സീസണിനു തൊട്ടുമുൻപാണു ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വിവരം ചെന്നൈ സൂപ്പർ കിങ്‌സ് പുറത്തുവിട്ടത്. ടീമിന്റെ പുതിയ ക്യാപ്റ്റനായി യുവതാരം ഗെയ്ക്വാദിനെ നിയമിക്കുകയായിരുന്നു. ക്യാപ്റ്റൻസി കൈമാറിയെങ്കിലും വിക്കറ്റ് കീപ്പറുടെ റോളിൽ എം.എസ്. ധോണി ടീമിനൊപ്പമുണ്ട്. ഐപിഎല്ലിലെ ആദ്യ രണ്ടു മത്സരങ്ങളിലും ധോണി ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. മത്സരങ്ങൾക്കിടെ ധോണി വിക്കറ്റിനു പിന്നിൽനിന്ന് ഫീൽഡിങ് നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

ചെന്നൈ ക്യാപ്റ്റൻ ഗെയ്ക്വാദ് സഹായത്തിനായി ധോണിയെ സമീപിക്കുന്നതും മത്സരങ്ങൾക്കിടയിലെ പതിവു കാഴ്ചയാണ്. ഈ സീസണിനു ശേഷം ധോണി ഐപിഎൽ കളിക്കുമോയെന്നു വ്യക്തമല്ല. ക്യാപ്റ്റൻ സ്ഥാനം കൈമാറിയ സാഹചര്യത്തിൽ അടുത്ത സീസണോടെ ധോണി കരിയർ പൂർണമായും അവസാനിപ്പിച്ചേക്കും. രാജ്യാന്തര ക്രിക്കറ്റിൽനിന്നു 2020 ൽ വിരമിച്ച ധോണി പിന്നീടും ഐപിഎല്ലിൽ തുടരുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎൽ കിരീടം നേടിയിരുന്നു.