ഹൈദരാബാദ്: ഐപിഎല്ലിലെ റെക്കോഡ് സ്‌കോർ അടിച്ചുകൂട്ടിയ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മുമ്പിൽ പൊരുതി വീണെങ്കിലും മുംബൈ ഇന്ത്യൻസ് ആവേശകരമായ ഒട്ടേറെ മുഹൂർത്തങ്ങൾക്കാണ് മത്സരം സാക്ഷ്യം വഹിച്ചത്. ഗാലറിയെ ഒരേ സമയം ത്രസിപ്പിക്കുകയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും ചെയ്ത ശേഷമാണ് ലക്ഷ്യം എത്തിപ്പിടിക്കാൻ കഴിയാതെ മുംബൈ മുട്ടുമടക്കിയത്. മത്സരത്തിൽ സൺറൈസേഴ്‌സിന് 31 റൺസിന്റെ ജയമാണ് നേടിയത് . 278 റൺസെന്ന വിജയലക്ഷ്യം വെച്ച് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ 5 വിക്കറ്റിന് 246 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ടർഫുകളിൽ നടക്കുന്ന സോഫ്റ്റ് ബോൾ ക്രിക്കറ്റ് മത്സരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദ് - മുംബൈ ഇന്ത്യൻസ് ഐപിഎൽ പോരാട്ടം. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദും മറുപടി ബാറ്റിംഗിൽ മുംബൈയും ബോളർമാരെ കശാപ്പു ചെയ്തു. സൺറൈസേഴ്‌സ് ഉയർത്തിയ 278 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ മത്സരത്തിന്റെ പലഘട്ടത്തിലും റെക്കോർഡ് സ്‌കോർ മറികടക്കുമെന്ന പ്രതീതി ഉയർത്തുകയും ചെയ്തു. എന്നാൽ 246 റൺസിൽ അവരുടെ ഇന്നിങ്‌സ് അവസാനിച്ചു.

ഇതിനിടെ മത്സരത്തിന്റെ പലഘട്ടത്തിലും ടീം ഉടമകളുടെ ഭാവങ്ങളും ക്യാമറ ഒപ്പിയെടുത്തു. ആദ്യ പത്തോവറിൽ മുംബൈ 141 റൺസ് അടിച്ചെടുത്തതോടെ മത്സരത്തിന്റെ ഗതി എങ്ങോട്ടാകുമെന്ന ആശങ്ക ഇരു ക്യാംപുകളിലും ഉയർന്നു. 14 പന്തിൽ 30 റൺസെടുത്ത നമൻ ധിർ 11ാം ഓവറിൽ പുറത്തായെങ്കിലും തിലക് വർമ ഒരറ്റത്ത് നിലയുറപ്പിച്ച് വെടിക്കെട്ട് തുടർന്നതോടെ ഹൈദരാബാദിന് സമ്മർദമേറി. ടീമിന്റെ സഹഉടമ കാവ്യ മാരൻ ആശങ്കയോടെ ഇരിക്കുന്ന കാഴ്ചയും ക്യാമറയിൽ പതിഞ്ഞു.

34 പന്തിൽ 64 റൺസ് നേടിയ തിലക് വർമ പാറ്റ് കമിൻസ് എറിഞ്ഞ 15ാം ഓവറിലാണ് പുറത്തായത്. കാവ്യ മാരൻ ഈ വിക്കറ്റു നേട്ടം ആഘോഷിച്ചത് തുള്ളിച്ചാടിക്കൊണ്ടാണ്. സമൂഹമാധ്യമങ്ങളും വൻ ആഘോഷത്തോടെയാണ് ഈ ദൃശ്യം ഏറ്റെടുത്തത്. ഹൈദരാബാദിന്റെ ജയം ഉറപ്പിച്ചത് ആ വിക്കറ്റ് വീണതോടെയായിരുന്നു. 'ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീ' എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്.

അതേസമയം നിരാശ നിറഞ്ഞ മുംബൈ ഡഗ് ഔട്ടിൽ തലകുനിച്ച് ഇരിക്കുന്ന ടീം ഉടമ നിത അംബാനിയുടെയും മകൻ ആകാശിന്റെയും ചിത്രവും പുറത്തുവന്നു. നിത ഹാർദിക് പാണ്ഡ്യയുടെ കോൺട്രാക്ടിൽ പറഞ്ഞിരിക്കുന്ന 'പ്രൊബേഷൻ പിരിയഡ്' പരിശോധിക്കുകയാണെന്നുവരെ ട്രോളുയർന്നു.

മത്സരത്തിൽ 31 റൺസിനാണ് സൺറൈസേഴ്‌സ് ജയം സ്വന്തമാക്കിയത്. തോൽവിയോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തായി. പിന്നാലെ നായകൻ ഹാർദിക് പാണ്ഡ്യയ്ക്കു നേരെയുള്ള വിമർശനവും ശക്തി പ്രാപിച്ചു. മത്സരത്തിന്റെ പൂർണ നിയന്ത്രണം സൺറൈസേഴ്‌സ് ബാറ്റർമാർ ഏറ്റെടുത്തതോടെ നിർണായക തീരുമാനങ്ങൾക്ക് ഹാർദിക് മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ സഹായം തേടുന്ന കാഴ്ചയ്ക്കും കഴിഞ്ഞ മത്സരം സാക്ഷിയായി.

ഓപ്പണറായെത്തിയ രോഹിത് ശർമ്മയും ഇഷാൻ കിഷനും മികച്ച തുടക്കമായിരുന്നു മുംബൈക്ക് നൽകിയത്. 13 പന്തിൽ 34 റൺസ് നേടിയ ഇഷാൻ കിഷനെ ഷഹബാസ് അഹ്‌മദ് പുറത്താക്കി. പിന്നാലെ 12 ബോളിൽ 26 റൺസ് നേടി രോഹിതും പുറത്തായി. മികച്ചതുടക്കത്തിന് പിന്നാലെ കൂറ്റനടികൾക്ക് മുതിർന്ന മുൻ ക്യാപ്റ്റനെ കുമ്മിൻസ് അഭിഷേക് ശർമ്മയുടെ കൈയിലെത്തിക്കുകയായിരുന്നു. 34 പന്തിൽ 64 റൺസ് നേടി വിജയപ്രതീക്ഷ നൽകിയ തിലക് വർമയെ പുറത്താക്കി വീണ്ടും കുമ്മിൻസ് മുംബൈയ്ക്ക് പ്രഹരമേൽപ്പിച്ചു.

നമൻ ധിർ 14 പന്തിൽ 30 റൺസെടുത്തു. ടിം ഡേവിഡ് (42), ഹാർദിക് പാണ്ഡ്യെ (24) എന്നിവർ മുംബൈയ്ക്ക് വേണ്ടി പൊരുതിയെങ്കിലും രണ്ടാം വിജയം ലക്ഷ്യമിട്ടെത്തിയ മുംബൈയ്ക്ക് നിരാശയായിരുന്നു ഫലം. സൺറൈസേഴ്‌സിന് വേണ്ടി ജയദേവ് ഉദ്കട്, പാറ്റ് കുമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. ഷഹബാസ് അഹ്‌മദ് ഒരു വിക്കറ്റ് നേടി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനം അക്ഷരാർഥത്തിൽ തെറ്റി. കളിക്കളത്തിൽ സൺറൈസേഴ്‌സ് താരങ്ങൾ തകർത്താടി. തുടക്കം മുതൽ തന്നെ മുംബൈ ബൗളർമാരെ ചവിട്ടിക്കൂട്ടിയ സൺറൈസേഴ്‌സ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എടുത്തു. ഇതോടെ ഐപിഎല്ലിൽ ഏറ്റവും വലിയ റൺസ് നേടുന്ന ടീം എന്ന റെക്കോഡ് സൺറൈസേഴ്‌സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ അതേരീതിയിൽ തിരിച്ചടിക്കുകയാണ്.

എട്ട് ഓവർ പിന്നിടുന്നതിനുമുമ്പേ നൂറ് റൺസും 15 ഓവർ പിന്നിടുന്നതിന് മുമ്പേ സൺറൈസേഴ്‌സ് 200 റൺസും കടന്നിരുന്നു. 2013-ൽ പുണെ വാരിയേഴ്‌സിനെതിരേ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയ 263 റൺസായിരുന്നു ഇതിന് മുമ്പ് ഉണ്ടായിരുന്ന റെക്കോർഡ്. ഇതാണ് സൺറൈസേഴ്‌സ് തകർത്തത്.

ഓപ്പണിങ് ബാറ്റിങ്ങിന് ഇറങ്ങിയ ട്രേവിസ് ഹെഡിന്റെ തകർപ്പൻ അർധസെഞ്ചുറിയിൽ 12 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റിന് 174 റൺസ് എന്ന നിലയിലായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദ്. മായങ്ക് അഗർവാൾ 13 പന്തിൽ 12 റൺസെടുത്ത് ഹാർദിക് പാണ്ഡ്യയുടെ ബോളിൽ പുറത്തായി. പിന്നാലെ എത്തിയ അഭിഷേക് ശർമ്മയും ഹെഡും കൂറ്റനടികളുമായി കളംനിറഞ്ഞു. 18 പന്തിലായിരുന്നു ഹെഡിന്റെ അർധസെഞ്ചുറി നേട്ടം. 24 പന്തിൽ 62 റൺസെടുത്താണ് ഹെഡ് പുറത്തായത്. മൂന്ന് സിക്‌സും ഒൻപത് ഫോറും അടങ്ങുന്നതായിരുന്നു ഹെഡ് നേടിയ സ്‌കോർ. കൂറ്റനടിക്ക് മുതിർന്ന ഹെഡിനെ റാൾഡ് കോട്സി തളച്ചിട്ടു.

അപ്പോഴേക്കും മറുവശത്ത് അഭിഷേക് ശർമ്മ നിലയുറപ്പിച്ചിരുന്നു. 16 പന്തിൽ അർധസെഞ്ചുറിയുമായി അഭിഷേക് ശർമ്മയും കളത്തിൽ തകർത്താടി. 23 പന്തിൽ 63 റൺസെടുത്ത ശേഷമായിരുന്നു അഭിഷേക് ശർമ്മ കളംവിട്ടത്. ഏഴ് സിക്‌സും മൂന്ന് ഫോറും അതിർത്തികടത്തിയായിരുന്നു അഭിഷേക് ശർമ്മയുടെ ബാറ്റിങ്. അഭിഷേക് ശർമ്മയെ ചൗള പുറത്താക്കിയതിന് പിന്നാലെ എത്തിയ ഐഡൻ മാർക്രമും ഹെന്റിച്ച് ക്ലാസന് പിന്നാലെ തകർത്താടി. 28 പന്തിൽ 42 റൺസായിരുന്നു മാർക്രാം നേടിയത്. 34 പന്തിൽ 80 റൺസ് ഹെന്റിച്ച് ക്ലാസന്റെ വക അടിച്ചു കൂട്ടി. ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു സ്‌കോർ.

മുംബൈയ്ക്കായ് അരങ്ങേറ്റം കുറിച്ച ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 താരം ക്വെന മഫാകയാണ് മുംബൈ ബോളിങ് നിരയിൽ ഏറ്റവും കൂടുതൽ അടിവാങ്ങിക്കൂട്ടിയത്. നാല് ഓവറിൽ 66 റൺസായിരുന്നും മഫാക വഴങ്ങിയത്. ജെറാൾഡ് കോട്‌സ് നാല് ഓവറിൽ 57 റൺസും ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 46 റൺസും വഴങ്ങി. ബുംമ്ര നാല് ഓവറിൽ 36 റൺസ് വഴങ്ങി. പാണ്ഡ്യ, കോട്‌സ്, ചൗള എന്നിവർ ഓരോ വിക്കറ്റ് നേടി.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)