ഹൈദരാബാദ്: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് പരാജയം നേരിട്ടതോടെ കടുത്ത വിമർശനമാണ് നായകൻ ഹാർദിക് പാണ്ഡ്യക്ക് എതിരെ ഉയരുന്നത്. രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ കനത്ത തോൽവിയാണ് നേരിട്ടത്. ഐപിഎല്ലിലെ എക്കാലത്തേയും മികച്ച ടോട്ടലായ 277 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മുംബൈക്ക് അഞ്ച് വിക്കറ്റ് നനഷ്ടത്തിൽ 246 റൺസെടുക്കാനാണ് സാധിച്ചത്. ഫലം 31 റൺസിന്റെ തോൽവി. മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ളവർ ഹാർദിക്കിനെതിരെ തുറന്നടിച്ചു.

ഹാർദിക് വെറുമൊരു സാധാരണ ക്യാപ്റ്റൻ മാത്രമാണെന്ന് പത്താൻ തുറന്നടിച്ചു. പ്രധാനമായും ജസ്പ്രിത് ബുമ്രയെ വേണ്ടവിധത്തിൽ ഉപയോഗിക്കാത്തതാണ് പഠാനെ ചൊടിപ്പിച്ചത്. ഹൈദരാബാദിനെതിരെ നാലാം ഓവറിലാണ് ബുമ്ര പന്തെറിയാനെത്തുന്നത്. പിന്നീട് 13-ാം ഓവറിലാണ് ബുമ്ര വീണ്ടുമെത്തുന്നത്. നാല് ഓവറിൽ 36 റൺസ് വിട്ടുകൊടുത്ത ബുമ്രയ്ക്ക് ഒരു വിക്കറ്റും വീഴ്‌ത്താൻ സാധിച്ചിരുന്നില്ല. ഇപ്പോൾ പഠാന് പിന്നാലെ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും ഹാർദിക്കിന്റെ ക്യാപ്റ്റൻസിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഐപിഎൽ കമന്റേറ്റർമാരിൽ ഒരാളാണ് സ്മിത്ത്. ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ വ്യക്തതയില്ലായ്മയുണ്ടെന്ന് സ്മിത്ത് വ്യക്തമാക്കി. ഓസീസ് താരത്തിന്റെ വാക്കുകൾ... "ബൗളിങ് മാറ്റങ്ങളാണ് ആശയക്കുഴപ്പത്തിലാക്കുന്നത്. ബുമ്ര നാലാം ഓവറിലാണ് പന്തെറിയാനെത്തിയത്. അഞ്ച് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. പിന്നീട് ബുമ്രയെ കാണുന്നത് 13-ാം ഓവറിലാണ്. ലോകത്തെ മികച്ച ബൗളറാണ് ബുമ്ര. വിക്കറ്റ് ടേക്കറായ ബുമ്രയെ പന്തെറിയാൻ ഇത്രയും വൈകിപ്പിച്ച് മുംബൈ ഇന്ത്യൻസിനെ ബാധിച്ചു. ആ തന്ത്രം ക്യാപ്റ്റന് മനസിലാക്കിയില്ല. ചില കാര്യങ്ങൾ ബുമ്രയ്ക്ക് തെറ്റിപ്പോയി." സ്മിത്ത് പറഞ്ഞു.

നേരത്തെ പഠാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.. "ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ അസാധാരണമായി ഒന്നുമില്ല. ബുമ്രയെ എന്തിനാണ് വൈകിപ്പിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല." പത്താൻ എക്സിൽ കുറിച്ചിട്ടു. ഹാർദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗിനെയും ഇർഫാൻ പഠാൻ വിമർശിച്ചിരുന്നു. ആദ്യ പത്തോവറിൽ 140 റൺസും 13 ഓവറിൽ 170ഉം റൺസിലുമെത്തിയ മുംബൈ ഇന്ത്യൻസ് വിജയപ്രതീക്ഷ ഉയർത്തിയിരുന്നു.

എന്നാൽ പതിനാലാം ഓവറിലെ ആദ്യ പന്തിൽ ഹൈദരാബാദ് നായകൻ പാറ്റ് കമിൻസ് തകർത്തടിക്കുകയായിരുന്ന തിലക് വർമയെ പുറത്താക്കിയതോടെ മുംബൈയുടെ താളം തെറ്റി. പതിനൊന്നാം ഓവറിൽ അഞ്ചാമനായി ക്രീസിലെത്തിനേരിട്ട മൂന്നാം പന്തിൽ സിസ്‌കും നാലാം പന്തിൽ ഫോറും അടിച്ച് നാലു പന്തിൽ 11 റൺസെടുത്ത് പ്രതീക്ഷ നൽകിയിരുന്നെങ്കിലും പിന്നീട് ഒറ്റ ബൗണ്ടറി പോലും നേടാൻ കഴിയാതിരുന്ന യ ഹാർദ്ദിക് പാണ്ഡ്യ കൂടുതലും സിംഗിളുകളാണെടുത്തത്.

ഒടുവിൽ 20 പന്തിൽ 24 റൺസെടുത്ത് പതിനെട്ടാം ഓവറിലെ അവസാന പന്തിൽ പുറത്താവുകയും ചെയ്തു. തുടക്കത്തിൽ അടിച്ച ഒരു ഫോറും ഒരു സിക്‌സും മാത്രമാണ് ഹാർദ്ദിക്കിന്റെ ഇന്നിങ്‌സിലുള്ളത്. 22 പന്ത് നേരിട്ട ടിം ഡേവിഡ് 190 സ്‌ട്രൈക്ക് റേറ്റിൽ 42 റൺസും 13 പന്ത് നേരിട്ട ഇഷാൻ കിഷൻ 261 സ്‌ട്രൈക്ക് റേറ്റിൽ 34 റൺസും 12 പന്ത് നേരിട്ട രോഹിത് ശർമ 216 സ്‌ട്രൈക്ക് റേറ്റിൽ 26 റൺസും 34 പന്ത് നേരിട്ട തിലക് വർമ 188.24 സ്‌ട്രൈക്ക് റേറ്റിൽ 64 റൺസും 14 പന്ത് നേരിട്ട നമൻ ധിർ 214 സ്‌ട്രൈക്ക് റേറ്റിൽ 30 റൺസും ആറ് പന്ത് നേരിട്ട റൊമാരിയോ ഷെപ്പേർഡ് 250 സ്‌ട്രൈക്ക് റേറ്റിൽ 15 റൺസും അടിച്ചപ്പോഴാണ് 20 പന്ത് നേരിട്ട ഹാർദ്ദിക് പാണ്ഡ്യ 120 സ്‌ട്രൈക്ക് റേറ്റിൽ 24 റൺസടിച്ച് നിരാശപ്പെടുത്തിയത്.

278 റൺസ് ചേസ് ചെയ്യുമ്പോൾ ടീമിലെ മറ്റ് താരങ്ങളെല്ലാം 200ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ റൺസടിക്കുമ്പോൾ ക്യാപ്റ്റൻ മാത്രം 120 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇർഫാൻ പഠാൻ എക്‌സിൽ കുറിച്ചത്.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ (29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല. അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)