- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വൺ ഫാമിലി' പറച്ചിൽ മാത്രം; മുംബൈ ഇന്ത്യൻസ് ടീമിൽ വിഭാഗീയത കടുക്കുന്നു
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യൻസ് ടീം അധികൃതർക്ക് തിരിച്ചടിയായി ടീമിലെ ഗ്രൂപ്പിസവും പടലപ്പിണക്കവും മൂർച്ഛിക്കുന്നു. മുംബൈ ഇന്ത്യൻസ് ടീം രണ്ടു സംഘങ്ങളായി പിരിഞ്ഞ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ അനുകൂലിക്കുന്നവരും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം നിൽക്കുന്നവരും ചേർന്ന സംഘമായി ടീം മാറിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. ജസ്പ്രീത് ബുമ്ര, തിലക് വർമ തുടങ്ങിയ താരങ്ങളാണ് രോഹിത് ശർമയ്‌ക്കൊപ്പമുള്ളത്.
രോഹിത് ശർമയെ പിന്തുണക്കുന്നവരുടെ കൂട്ടത്തിൽ പേസർ ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, യുവതാരം തിലക് വർമ എന്നിവരാണുള്ളതെന്നാണ് ദൈനിക് ജാഗരണിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഹാർദ്ദിക് പാണ്ഡ്യയെ പിന്തുണക്കുന്നവരുടെ കൂട്ടത്തിൽ ഇഷാൻ കിഷൻ അടക്കമുള്ള താരങ്ങളുണ്ട്. രോഹിത് ശർമക്ക് ടീമിനകത്ത് പിന്തുണയുണ്ടെങ്കിലും ടീം മാനേജ്‌മെന്റിന്റെ പിന്തുണ ഹാർദ്ദിക് പാണ്ഡ്യക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.
രോഹിത് ശർമയെ മുംബൈ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയ രീതിലുള്ള എതിർപ്പും വർഷങ്ങളായി ടീമിൽ തുടരുന്ന തങ്ങളെയെല്ലാം അവഗണിച്ച് ടീമിനെ ചതിച്ച് ഗുജറാത്തിലേക്ക് പോയ ഹാർദ്ദിക്കിനെ തിരിച്ചെത്തിച്ച് ക്യാപ്റ്റൻ സ്ഥാനം കൊടുത്തതുമാണ് ബുമ്രയുടെയും സൂര്യയുടെയുമെല്ലാം എതിർപ്പിന് കാരണമായി പറയുന്നത്. ആകാശ് മധ്വാൾ അടക്കമുള്ള യുവതാരങ്ങളുടെ പിന്തുണയും രോഹിത്തിനുണ്ട്.
രോഹിത്തിന്റെ വിശ്വസ്തനായിരുന്ന ഇഷാൻ കിഷൻ ഏകദിന ലോകകപ്പിനുശേഷമാണ് ഹാർദ്ദിക് ക്യാംപിലേക്ക് മാറിയത്. ഏകദിന ലോകകപ്പിൽ തുടർച്ചയായി സൈഡ് ബെഞ്ചിലിരുത്തിയതും പിന്നീട് രഞ്ജി ട്രോഫി കളിക്കാത്തതിന്റെ പേരിൽ ബിസിസിഐ വാർഷിക കരാർ പോലും നിരസിച്ചതിനുമെല്ലാം പിന്നിൽ രോഹിത്തിനും പങ്കുണ്ടെന്നാണ് ഇഷാൻ കിഷൻ കരുതുന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ ഹാർദ്ദിക്കിന്റെ വലംകൈയായി കിഷൻ മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ സീസണിൽ തിളങ്ങിയ ആകാശ് മധ്വാളിനെപ്പോലുള്ള താരങ്ങൾക്ക് ഇതുവരെ പ്ലേയിങ് ഇലവനിൽ അവസരം നൽക്കാത്തതിന് കാരണവും ഹാർദ്ദിക്കിന്റെ പക്ഷപാതിത്വമാണെന്നാണ് മറ്റൊരു റിപ്പോർട്ട്. കഴിഞ്ഞ ദിവസം മധ്വാൾ രോഹിത് ശർമ മുംബൈ കുപ്പായത്തിൽ 200 മത്സരം പൂർത്തിയാക്കുന്നതിന് മുന്നോടിയായി രോഹിത്തിനെ രാജാവാക്കിയുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയും പങ്കുവെച്ചിരുന്നു.
കളിക്കുന്ന ഇടങ്ങളിലെല്ലാം ഹാർദ്ദിക്കിനെ ആരാധകർ രോഹിത്തിന്റെ പേര് വിളിച്ച് കൂവി വിളിച്ചിട്ടും ഇതുവരെ എന്തെങ്കിലും പ്രതികരിക്കാൻ രോഹിത് തയാറായിട്ടില്ല. എന്നാൽ ടീം മാനേജ്‌മെന്റിന്റെ ഉറച്ച പിന്തുണയാണ് വിമർശനങ്ങളെയെല്ലാം ചിരിയോടെ നേരിടാന് ഹാർദ്ദിക്കിന് കരുത്ത് പകരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ടീം മാനേജ്‌മെന്റ് പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു പിന്തുണ നൽകുന്നു. ആദ്യ രണ്ടു കളികളും തോറ്റുനിൽക്കവെയാണ് ടീമിനു തലവേദനയായി ഗ്രൂപ്പിസവുമെത്തുന്നത്. മുംബൈയിലെ വിദേശ താരങ്ങൾ ആരെയാണു പിന്തുണയ്ക്കുന്നതെന്നു വ്യക്തമല്ല. സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടും രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോടും മുംബൈ തോറ്റു.
രണ്ടാം മത്സരത്തിൽ 278 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യമാണ് ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയത്. മറുപടിയിൽ മുംബൈയുടെ ഇന്നിങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 246 റൺസിൽ അവസാനിച്ചു. 31 റൺസിനാണ് ഹൈദരാബാദിന്റെ സീസണിലെ ആദ്യ ജയം. 34 പന്തിൽ 64 റൺസ് നേടിയ തിലക് വർമയാണ് മുംബൈയുടെ ടോപ് സ്‌കോറർ.
20 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ 24 റൺസെടുത്താണു പുറത്തായത്. ബോളിങ്ങിലും മുംബൈ ക്യാപ്റ്റനു തിളങ്ങാൻ സാധിച്ചില്ല. നാല് ഓവറുകൾ പന്തെറിഞ്ഞ താരം 46 റൺസാണു വഴങ്ങിയത്. ആകെ ലഭിച്ചത് ഒരു വിക്കറ്റും. ഏപ്രിൽ ഒന്നിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.