- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈതാനത്ത് പിണക്കം മറന്ന് പരസ്പരം കെട്ടിപ്പിടിച്ച് ഗംഭീറും കോലിയും
ബെംഗളൂരു: ഐപിഎൽ പോരാട്ടത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിൽ രണ്ട് തവണ അരങ്ങേറിയ വാക്‌പോര് 2013 സീസണിലും കഴിഞ്ഞ സീസണിലും ചൂടേറിയ വാർത്തയായിരുന്നു. ഇരുവരും ഒരിക്കൽകൂടി നേർക്കുനേർ വന്നപ്പോൾ ക്രിക്കറ്റ് ആരാധകർ പലതും പ്രതീക്ഷിച്ചു. എന്നാൽ ആ പിണക്കമെല്ലാം മാറി ഇരുവരും മൈതാനത്ത് കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്യുന്ന കാഴ്ചയ്ക്കാണ് ഇത്തവണ ആരാധകർ സാക്ഷിയായത്. കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ശ്രദ്ധേയമായത് ഇരുവരുടെയും പെരുമാറ്റംകൊണ്ടുകൂടിയായിരുന്നു.
മത്സരത്തിനിടയിലെ സ്ട്രാറ്റജിക് ടൈംഔട്ടിനിടെ പിണക്കം മറന്ന് കോലിക്കടുത്തെത്തിയ ഗംഭീർ, താരത്തിന് ഹസ്തദാനം നൽകി. കോലിയാകട്ടെ തിരിച്ച് ഗംഭീറിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും പരസ്പരം സംസാരിക്കുന്നതും കാണാമായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വളരെ വേഗത്തിൽ തന്നെ സോഷ്യൽ മീഡിയ കീഴടക്കി. ഈ സീസണിൽ കൊൽക്കത്ത ടീമിന്റെ മെന്ററാണ് ഗംഭീർ.
കഴിഞ്ഞ സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് - ആർ.സി.ബി മത്സരത്തിനു ശേഷം അന്ന് സൂപ്പർ ജയന്റ്സിന്റെ മെന്ററായിരുന്ന ഗംഭീറും കോലിയും തർക്കിച്ചത് വലിയ വിവാദമായിരുന്നു. വാക്കേറ്റമായതോടെ സഹതാരങ്ങൾ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. 2023 മെയ് ഒന്നിനായിരുന്നു അത്. ഇതിനു പിന്നാലെ കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനം പിഴ ശിക്ഷയും ലഭിച്ചിരുന്നു. ഇതിനു മുമ്പ് ഗംഭീർ 2013-ൽ കൊൽക്കത്തയ്ക്കായി കളിക്കുമ്പോഴും ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. പോയകാലത്ത് ഈ ഏറ്റുമുട്ടൽ ചരിത്രമെല്ലാം നിലനിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം മൈതാനത്ത് വെച്ച് ഇരുവരും തീർത്തും സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെട്ടത്.
ഇതിനെകുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളും ഇപ്പോൾ കമന്റേറ്റർമാരുമായ രവി ശാസ്്ത്രിയും സുനിൽ ഗവാസ്‌കറും. ഈ ഒരു കെട്ടിപിടുത്തതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഫെയർ പ്ലേ അവാർഡ് ലഭിക്കുമെന്ന് ശാസ്ത്രി വിക്തമാക്കി. വെറും ഫെയർ പ്ലേ അവാർഡ് മാത്രമല്ല, ഓസ്‌കർ വരെ കിട്ടുമെന്ന് ഗവാസ്‌ക്കറുടെ മറുപടി.
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും നേർക്കുനേർ വന്നപ്പോൾ ആരാധകരും എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുകളാണെന്ന് ഈയിടെ വിരാട് കോലിയും ഗൗതം ഗംഭീറും വ്യക്തമാക്കിയതാണ്. അത് ചിന്നസ്വാമിയിലും കണ്ടു. ടൈം ഔട്ട് സമയത്ത് ഗ്രൗണ്ടിലെത്തിയ ഗംഭീർ, കോലിയെ ആശ്ലേഷിക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.
ബംഗളൂരുവിനെതിരായ മത്സരത്തിൽ ഏഴ വിക്കറ്റിനായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജയം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി വിരാട് കോലിയുടെ (59 പന്തിൽ പുറത്താവാതെ 83) കരുത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ കൊൽക്കത്ത 16.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സുനിൽ നരെയ്ൻ (47), വെങ്കടേഷ് അയ്യർ (50) എന്നിവർ കൊൽക്കത്തയ്ക്ക് വേണ്ടി തിളങ്ങി.