- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷഹീൻ അഫ്രീദിയെ പുറത്താക്കി; പാക് നായകനായി തിരിച്ചെത്തി ബാബർ അസം
കറാച്ചി: ജൂണിൽ ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കെ ക്യാപ്റ്റനെ മാറ്റി വീണ്ടും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ട്വന്റി 20 ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കിയിരിക്കെ ഷഹീൻ അഫ്രീദിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കി മുൻ നായകൻ ബാബർ അസമിനെ ഏകദിന, ട്വന്റി 20 ടീമുകളുടെ നായകനായി സെലക്ഷൻ കമ്മിറ്റി വീണ്ടും തെരഞ്ഞെടുത്തു.
ഏകദിന, ട്വന്റി20 ടീമുകളുടെ ചുമതല ഇനി ബാബറിനായിരിക്കുമെന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. ട്വന്റി20 ലോകകപ്പിലും ബാബറിന്റെ കീഴിലായിരിക്കും പാക്കിസ്ഥാൻ കളിക്കാൻ ഇറങ്ങുക. ഏകദിന ലോകകപ്പിലെ പാക്കിസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് ബാബർ അസം മൂന്നു ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ സെമിയിലെത്തുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ബാബർ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. ഷഹീൻ അഫ്രീദിയെ വൈറ്റ് ബോൾ ടീമിന്റെയും ഷാൻ മസൂദിനെ ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റനായും തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ഷഹീൻ അഫ്രീദിക്ക് കീഴിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ പാക്കിസ്ഥാൻ ദയനീയമായി തോറ്റതിന് പിന്നാലെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ബാബറിനെ തിരികെ കൊണ്ടുവന്നത്.
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ പാക്കിസ്ഥാൻ 1-4ന് തോറ്റിരുന്നു. ഒറ്റ പരമ്പരയിലെ തോൽവികൊണ്ടു മാത്രമല്ല സെലക്ടർമാർ അഫ്രീദിയെ മാറ്റിയതെന്നാണ് സൂചന. കഴിഞ്ഞ മാസം നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിലും അഫ്രീദി നയിച്ച പാക്കിസ്ഥാൻ ക്യുലാൻഡേഴ്‌സ് പ്ലേ ഓഫിന് പോലും യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.ഇതും ക്യാപ്റ്റൻസി മാറ്റത്തിന് കാരണമായതായി സൂചനയുണ്ട്.
ഏപ്രിൽ 18 മുതൽ 27വരെ ന്യൂസിലൻഡുമായി നാട്ടിൽ അഞ്ച് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പര പാക്കിസ്ഥാൻ കളിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ബാബറിനെ സെലക്ഷൻ കമ്മിറ്റി വീണ്ടും നായകനായി തെരഞ്ഞെടുത്തത്.
അഫ്രീദി ക്യാപ്റ്റനായതോടെ ബാബറെ ഓപ്പണർ സ്ഥാനത്തു നിന്ന് മൂന്നാം നമ്പറിലേക്ക് മാറ്റിയിരുന്നു. ഇതിൽ ബാബർ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 71 മത്സരങ്ങളിൽ പാക്കിസ്ഥാനെ നയിച്ച ബാബർ 42 വിജയങ്ങൾ നേടിയിട്ടുണ്ട്.
പിസിബി സിലക്ഷൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ബാബറിനെ വൈറ്റ് ബോൾ ക്യാപ്റ്റനായി നിയമിച്ചെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.
ഷഹീനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെതിരെ മുൻ ക്യാപ്റ്റനും ഷഹീന്റെ ഭാര്യാ പിതാവുമായ ഷാഹിദ് അഫ്രീദി രംഗത്തെത്തിയിരുന്നു. ഷഹീൻ അഫ്രീദിക്ക് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നായിരുന്നു ഷാഹിദ് അഫ്രീദിയുടെ പരാതി. എന്നാൽ പിസിബി ഇതു പരിഗണിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഷാൻ മസൂദ് തന്നെ പാക്കിസ്ഥാനെ നയിക്കും.