മുംബൈ: മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മുംബൈ ഇന്ത്യൻസ് -രാജസ്ഥാൻ റോയൽസ് പോരാട്ടത്തിൽ രോഹിത് ചാന്റുയർത്തുകയും മുംബൈ നായകൻ ഹാർദ്ദിക് പാണ്ഡ്യയെ കൂവുകയും ചെയ്യുന്നവരെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കാൻ പൊലീസിന് നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടിൽ വിശദീകരണവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. രോഹിത്തിനായി ആർപ്പുവിളിക്കുന്നവരെയും പാണ്ഡ്യക്കെതിരെ കൂവുന്നവരെയും സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു റിപ്പോർട്ട്. സീസണിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സ്റ്റേഡിയങ്ങളിൽ ഹാർദിക്കിനെതിരെ വലിയ രോഷം ഉയർന്നിരുന്നു.

രോഹിത് ശർമക്ക് പകരം ഈ സീസണിൽ മുംബൈ നായകനായ ഹാർദ്ദിക്കിനെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആരാധകർ കൂവിയിരുന്നു. നാളെ നടക്കുന്ന മുംബൈ ഇന്ത്യൻസ്-രാജസ്ഥാൻ റോയൽസ് പോരാട്ടത്തിലും ഹാർദിക്കിനെതിരെ ആരാധകർ രംഗത്തെത്തുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് ഹാർദിക്കിനെ കൂവുന്നവരെ നിരീക്ഷിക്കാൻ പ്രത്യേകം പൊലീസിനെ നിയോഗിച്ചുവെന്നും കൂവുന്ന ആരാധകരെ സ്റ്റേഡിയത്തിൽ നിന്നും ഒഴിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വന്നത്. ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

നേരത്തെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഹമ്മദാബിൽ ഇറങ്ങിയപ്പോഴും സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഹൈദരാബാദിൽ ഇറങ്ങിയപ്പോഴും കാണികൾ ഹാർദ്ദിക്കിനെ കൂവിയിരുന്നു. ടോസ് സമയത്തും മത്സരത്തിനിടയിലും ആരാധകർ ഹാർദ്ദിക്കിനെ കൂവുകയും രോഹിത് ചാന്റുയർത്തുകയും ചെയ്തിരുന്നു. മുംബൈയിൽ ഹാർദ്ദിക്കിന് വലിയ കൂവലായിരിക്കും കേൾക്കേണ്ടിവരികയെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരിയും പറഞ്ഞിരുന്നു.ഇതിനിടെയാണ് രോഹിത് ചാന്റുയർത്തുകയും ഹാർദ്ദിക്കിനെ കൂവൂകയും ചെയ്യുന്നവരെ സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിക്കുമെന്ന റിപ്പോർട്ടുകൾ വന്നത്.

എന്നാൽ ആരാധകരെ നിയന്ത്രിക്കാൻ ബിസിസിഐ നൽകിയ മാർഗനിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്യുകയെന്നും അല്ലാതെ ആരെയും സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിക്കില്ലെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. സീസണിലെ ആദ്യം ഹോം മത്സരത്തിനാണ് മുംബൈ നാളെ രാജസ്ഥാനെ നേരിടാനിറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും മുംബൈ തോറ്റതോടെ ഹാർദ്ദക്കിന്റെ ക്യാപ്റ്റൻസിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.