- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാംഖഡെയിൽ 'ആദ്യ' ജയം തേടി മുംബൈ ഇന്ത്യൻസ്; ഹർദിക്കിന് വെല്ലുവിളി
മുംബൈ: ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിൽ പോരാട്ടത്തിനിറങ്ങും. സീസണിൽ തുടർച്ചയായ മൂന്നാം ജയം തേടിയെത്തുന്ന സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസാണ് എതിരാളികൾ. ആദ്യ രണ്ട് മത്സരങ്ങളിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനേയും ഡൽഹി കാപിറ്റൽസിനേയും തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് സഞ്ജുവും സംഘവും പോരാട്ടത്തിന് ഇറങ്ങുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടും രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോടും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസിന് ഹോം ഗ്രൗണ്ടിൽ അഭിമാനം വീണ്ടെടുത്തെ മതിയാകു.
കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച് വാംഖഡെ സ്റ്റേഡിയത്തിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹർദിക്കും കൂട്ടരും. ഹൈദരബാദിനോട് റെക്കോർഡ് റൺസ് വാങ്ങികൂട്ടിയ മുംബൈ ബൗളർമാരെ രാജസ്ഥാനും പഞ്ഞികിടുമോ എന്ന് കണ്ടറിയണം. ഹോം ഗ്രൗണ്ടിലും ജയിക്കാനായില്ലെങ്കിൽ നായകൻ ഹർദിക്കെനെതിരെ കലാപകൊടി ഉയരുമെന്ന് ഉറപ്പ്. രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിൽ മുംബൈ ആരാധകരുടെ പ്രതിഷേധം വാംഖഡേയിലും കണ്ടേക്കാം.
നായകനെന്ന നിലയിൽ ഹർദിക്കെടുക്കുന്ന തീരുമാനങ്ങളാണ് ആദ്യ രണ്ട് മത്സരങ്ങളിലെയും തോൽവിക്ക് കാരണമെന്ന് ഇതിനോടകം ആരാധകർ പറഞ്ഞു തുടങ്ങി. ഹൈദരാബാദിനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത തിലക് വർമയിലാണ് മുംബൈയുടെ പ്രതീക്ഷ. രോഹിതും ഇഷാനും ടിം ഡേവിഡും ഫോം കണ്ടെത്തിയിട്ടുണ്ട്. സൂര്യകൂമാർ യാദവിന്റെ തിരിച്ചുവരവ് വൈകുമെന്നാണ് റിപ്പോർട്ടുകൾ. ജസ്പ്രിത് നയിക്കുന്ന ബൗളിങ് യൂണിറ്റും മികവ് പുറത്തെടുക്കേണ്ടി വരും.
രണ്ട് മത്സരങ്ങളിലും തിളങ്ങിയ റിയാൻ പരാഗാണ് രാജസ്ഥാന്റെ് തുറപ്പുചീട്ട്. ഡൽഹിക്കെതിരെ പുറത്താകാതെ 84 റൺസാണ് താരം അടിച്ചുകൂട്ടിയത്. ആദ്യ മത്സരത്തിൽ തിളങ്ങിയ സഞ്ജുവിലും പ്രതീക്ഷകളേറെ. ഓപ്പണർമാരായ ജോസ്ബട്ലറും യശ്വസി ജയ്സ്വാളും ഫോം കണ്ടെത്തിയാൽ മുംബൈയ്ക്ക് രാജസ്ഥാനെ പിടിച്ചുകെട്ടുക വെല്ലവിളിയാകും. അവസാന ഓവറുകളിൽ തകർത്തടിക്കാൻ ധ്രുവ് ജുറലും ഹിറ്റ്മെയറും. ട്രെൻഡ് ബോൾട്ട് നയിക്കുന്ന ബൗളിങ് നിരയും രാജസ്ഥാന് കരുത്തേകുന്നു. നാന്ദ്രെ ബർഗറും ആവേശ് ഖാനുമൊക്കെ ആദ്യ മത്സരങ്ങളിൽ തന്നെ മികവ് പുറത്തെടുത്തു.
കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ആദ്യമായിട്ടാണ് സീസണിൽ ആദ്യമായിട്ടാണ് സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങുന്നത്. നിലവിൽ ഒരു പോയിന്റ് പോലും മുംബൈക്ക് ഇല്ല. രോഹിത് ശർമയ്ക്ക് പകരം നായകസ്ഥാനം ഏറ്റെടുത്ത ഹാർദിക് പാണ്ഡ്യക്കെതിരെ കടുത്ത വിമർശനമുണ്ട്.
അതേസമയം, രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഡൽഹി കാപിറ്റൽസിനെതിരെ ആദ്യം കളിച്ച ടീമിൽ നിന്ന് മാറ്റമൊന്നും വരുത്താതെയാണ് രാജസ്ഥാൻ ഇറങ്ങിയിരുന്നത്. ഇന്നും മാറ്റമൊന്നും വരുത്താൻ സാധ്യയില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇനി ഉണ്ടെങ്കിൽ തന്നെ റോവ്മാൻ പവൽ രാജസ്ഥാൻ ജേഴ്സിയിൽ അരങ്ങേറിയേക്കും.
അങ്ങനെയെങ്കിൽ ആരെ പുറത്തിരുത്തുമെന്നുള്ളത് പ്രധാന ചോദ്യമാണ്. ജോസ് ബട്ലർക്ക് ആദ്യ രണ്ട് മത്സരങ്ങളിലും ഫോമിലാവാൻ സാധിച്ചിരുന്നില്ല. എന്നാൽ താരത്തെ പുറത്തിരിത്താനുള്ള സാധ്യത കുറവാണ്. ഇനിയും അവസരം ലഭിച്ചേക്കും. മറ്റൊരു ഓവർസീസ് ബാറ്റർ ഷിംറോൺ ഹെറ്റ്മെയറാണ്. എന്നാൽ, താരം ഡൽഹിക്കെതിരായ മത്സരത്തിൽ ഫോമിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ടീമിൽ മാറ്റം പ്രതീക്ഷിക്കേണ്ട.
കഴിഞ്ഞ വർഷം വാംഖഡെയിൽ നടന്ന ഏഴ് മത്സരങ്ങളിൽ അഞ്ചും സ്‌കോർ പിന്തുടർന്ന ടീമാണ് ജയിച്ചത്. ടോസ് നേടിയാൽ ക്യാപ്റ്റൻ ബൗളിങ് തിരഞ്ഞെടുത്തേക്കും. ഹൈ സ്‌കോറിങ് മത്സരമായിരിക്കുമെന്നതിൽ സംശയമില്ല. ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ 15 തവണയും മുംബൈയാണ് ജയിച്ചിട്ടുള്ളത്. 12 തവണ രാജസ്ഥാനും. വാംഖഡെയിൽ അഞ്ച് തവണ ഹോം ടീമും മൂന്ന് തവണ രാജസ്ഥാനും ജയം സ്വന്തമാക്കി.