ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തിന്റെ ആവേശത്തിനിടെ ആരാധകരെ അമ്പരപ്പിച്ച് ഔദ്യോഗികമായി പേര് മാറ്റം പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലർ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനായി മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാജസ്ഥാൻ ടീം അംഗങ്ങൾക്ക് ഒപ്പമുള്ള ജോസ് ബട്‌ലർ സഹതാരങ്ങൾക്ക് പോലും സർപ്രൈസ് നൽകിയാണ് പേര്മാറ്റം പ്രഖ്യാപിച്ചത്. ജോസ് ബട്ലർക്ക് പകരം ഇനി മുതൽ താൻ ജോഷ് ബട്ലർ എന്നായിരിക്കും അറിയപ്പെടുകയെന്ന് ബട്ലർ അറിയിച്ചു. ചുരുക്കത്തിൽ പറഞ്ഞാൽ രാജസ്ഥാന്റെ ജോസേട്ടൻ ഇനി ജോഷേട്ടനാകും.

മുപ്പത് വർഷമായി തന്റെ ജീവിത്തിൽ തുടർന്നു വരുന്നൊരു തെറ്റിന് ഒടുവിൽ താൻ ഔദ്യോഗിക അംഗീകാരം നൽകുകയാണെന്ന് പ്രഖ്യാപിച്ചാണ് ബട്ലർ ഔദ്യോഗികമായി പേര് മാറ്റം പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ബട്ലർ നിർണായക പ്രഖ്യാപനം നടത്തിയത്.

അങ്ങനെ ആ പ്രശ്‌നം പരിഹരിച്ചു. കഴിഞ്ഞ 30 വർഷമായി എല്ലാവരും എന്നെ ജോഷ് എന്നാണ് തെറ്റായി വിളിച്ചിരുന്നത്. പലരെയും തിരുത്താൻ നോക്കിയിട്ടും നടന്നില്ല. എന്നാൽ പിന്നെ ജോഷ് ഔദ്യോഗികമാക്കാമെന്ന് കരുതിയെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇംഗ്ലണ്ട് വൈറ്റ് ബോൾ ടീം നായകനായ ബട്ലർ പറയുന്നത്. ഇംഗ്ലണ്ട് ജഴ്‌സിയണിഞ്ഞ് ബട്‌ലർ പങ്കുവച്ച വീഡിയോയിലാണ് വിശദീകരണം.

പ്രിയപ്പെട്ടവരെ ഞാൻ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ നിങ്ങളുടെ സ്വന്തം ജോസ് ബട്ലർ. എന്റെ ജീവിതകാലം മുഴുവൻ എന്നെ തെറ്റായ പേരാണ് ആളുകൾ വിളിച്ചത്, തെരുവിലെ ആളുകൾ മുതൽ എന്റെ അമ്മ വരെ, എന്റെ ജന്മദിന കാർഡിൽ. പ്രിയപ്പെട്ട ജോഷ്, നിനക്ക് വയസാവുന്നു, ജന്മദിനാശംസകൾ. ഒരുപാട് സ്‌നേഹം എന്നാണ് ആളുകൾ കുറിച്ചത്.

അങ്ങനെ, 13 വർഷത്തിന് ശേഷം എന്റെ രാജ്യത്തിനായി രണ്ട് ലോകകപ്പ് വിജയങ്ങൾ നേടിയശേഷം, ഞാനാ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ്. ഞാൻ ഇനി മുതൽ ഔദ്യോഗികമായും ജോഷ് ബട്ലറാണ്- ബട്ലർ പറഞ്ഞു. ഔദ്യോഗികമായി പേര് മാറിയശേഷം മുംബൈ ഇന്ത്യൻസിനെതിരെ ആണ് ബട്ലർ ആദ്യ മത്സരം കളിക്കുക.

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളാണ് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലർ. പരിമിത ഓവർ മത്സരങ്ങളിൽ അതിശക്തനായ താരം വെടിക്കെട്ട് ബാറ്റിങിന്റെ ആശാനാണ്. ടി20 ക്രിക്കറ്റിലാണ് ജോസ് ബട്‌ലർ ഏറ്റവുമധികം മികവ് കാട്ടിയിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗിൽ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ താരമാണ് അദ്ദേഹം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബട്‌ലർ തന്നെയാണ് രാജസ്ഥാന്റെ ഏറ്റവും മികച്ച കളിക്കാരൻ. അതുകൊണ്ടു തന്നെ ബട്‌ലറില്ലാതെ കളിക്കുന്നതിനെപ്പറ്റി രാജസ്ഥാന് ചിന്തിക്കാൻ പോലുമാവില്ല. 2022 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഓറഞ്ച് ക്യാപ്പ് ജേതാവാണ് ജോസ് ബട്‌ലർ. നിലവിൽ ഏകദിന, ടി20 മത്സരങ്ങളിൽ ഇംഗ്ലണ്ട് ടീമിന്റെ നായകനാണ് മുപ്പത്തിമൂന്നുകാരനായ ജോസ് ബട്‌ലർ.