മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസൺ പുരോഗമിക്കുന്നതിനിടെ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ പ്രമുഖ താരത്തെ കൈമാറ്റം ചെയ്യാൻ നടത്തിയ ശ്രമത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്. കോടികൾ ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ച മുംബൈ ഇന്ത്യൻസ് അഞ്ച് തവണ ടീമിന് ഐപിഎൽ കിരീടം സമ്മാനിച്ച നായകൻ രോഹിത് ശർമയെ ഡൽഹി ക്യാപിറ്റൽസിന് കൈമാറ്റം ചെയ്യാൻ ശ്രമിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

ക്യാപ്റ്റനായിരുന്ന രോഹിത് ശർമയെ ഡൽഹി ക്യാപിറ്റൽസിനു വിറ്റ് പകരം ഡേവിഡ് വാർണറെ വാങ്ങാനായിരുന്നു മുംബൈ ഇന്ത്യൻസിന്റെ പദ്ധതിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. രോഹിത് ശർമയ്ക്കുള്ള വലിയ ആരാധക പിന്തുണ പരിഗണിച്ചാണ് മുംബൈ ഈ തീരുമാനത്തിൽനിന്നു പിന്നോട്ടുപോയത്.

ഏകദിന ലോകകപ്പിൽ രോഹിത് ശർമയ്ക്കു കീഴിൽ ഇന്ത്യ ഫൈനൽ വരെയെത്തിയിരുന്നു. തുടർച്ചയായി പത്തു മത്സരങ്ങളും വിജയിച്ചായിരുന്നു ടീം ഇന്ത്യയുടെ കുതിപ്പ്. ലോകകപ്പിൽ രോഹിത്തിന്റെ ആരാധക പിന്തുണ കണ്ടതോടെ താരത്തെ കൈമാറേണ്ടതില്ലെന്നു മുംബൈ ഇന്ത്യൻസ് ടീം മാനേജ്‌മെന്റ് തീരുമാനമെടുത്തു.

ഹാർദിക് പാണ്ഡ്യ മുംബൈയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ വന്നപ്പോൾ തന്നെ ഡൽഹി രോഹിത്തിനായി ശ്രമം തുടങ്ങിയിരുന്നെന്നാണു പുറത്തുവരുന്ന വിവരം. നായകൻ ഋഷഭ് പന്തിന് ഐപിഎല്ലിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ രോഹിത് ശർമ ഡൽഹി ക്യാപിറ്റൽസിനെ നയിക്കണമെന്നായിരുന്നു മാനേജ്‌മെന്റിന്റെ താൽപര്യം.

കോടികൾ നൽകി ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ച മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനവും കൈമാറിയിരുന്നു. മുംബൈയിൽ കളിക്കണമെങ്കിൽ ക്യാപ്റ്റൻ സ്ഥാനവും തനിക്കു വേണമെന്ന് പാണ്ഡ്യ ആവശ്യപ്പെട്ടതായി പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നു.