മുംബൈ: ഐപിഎല്ലിൽ ഹോം ഗ്രൗണ്ടിലിറങ്ങിയപ്പോഴും പതിവ് തെറ്റിക്കാതെ മുംബൈ ഇന്ത്യൻസ് ആരാധകർ നായകൻ ഹാർദ്ദിക് പാണ്ഡ്യയെ കൂവലോടെയാണ് വരവേറ്റത്. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണൊപ്പം ടോസിനായി ഇറങ്ങിയ ഹാർദ്ദിക്കിനെ അവതാരകനായ സഞ്ജയ് മഞ്ജരേക്കർ പേരെടുത്ത് പറഞ്ഞപ്പോഴാണ് മുംബൈയിലെ കാണികൾ കൂവിയത്. പിന്നാലെ മുംബൈയിലെ കാണികളോട് അൽപം മര്യാദ കാട്ടൂവെന്നും മുംബൈ നായകന് വലിയൊരു കൈയടി കൊടുക്കൂവെന്നും മഞ്ജരേക്കർ പറഞ്ഞപ്പോഴും കാണികൾ കൂവൽ ആവർത്തിച്ചു.

ടോസിനുശേഷം ജിയോ സിനിമയിൽ നടന്ന ചർച്ചയിൽ മുൻ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ പറഞ്ഞത് ഒരു ഹോം ക്യാപ്റ്റനെ കാണികൾ ഇങ്ങനെ കൂവുന്നത് കാണുന്നത് ആദ്യമായി കാണുകയാണെന്നായിരുന്നു. കാണികളുടെ കൂവലിനോട് കൃത്രിമ ചിരിയോടെയായിരുന്നു ഹാർദ്ദിക്കിന്റെ പ്രതികരണം.

സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മുംബൈ ഇന്ത്യൻസ് ആദ്യമായാണ് ഹോം മത്സരത്തിനിറങ്ങുന്നത്.മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് രാജസ്ഥാൻ ഇറങ്ങിയത്. പരിക്കുള്ള സന്ദീപ് ശർമക്ക് പകരം നാന്ദ്രെ ബർഗർ പ്ലേയിങ് ഇലവനിലെത്തിയപ്പോൾ മുംബൈ ടീമിൽ മാറ്റങ്ങളൊന്നുമില്ല.

ഹാർദ്ദിക്കിനെ കൂവുന്നവരെ സ്റ്റേഡിയത്തിന് പുറത്താക്കാൻ നിർദ്ദേശം നൽകിയെന്ന വാർത്തകൾ ഇന്നലെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നിഷേധിച്ചിരുന്നു. ബിസിസിഐ നൽകി മാർഗനിർദ്ദേശങ്ങൾ മാത്രമാണ് നടപ്പാക്കുകയെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

മുംബൈ ഇന്ത്യൻസ് പ്ലേയിങ് ഇലവൻ: ഇഷാൻ കിഷൻ , രോഹിത് ശർമ, നമാൻ ധിർ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ജെറാൾഡ് കൊറ്റ്സി, ഷംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ക്വേന മഫാക.

രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവൻ: യശസ്വി ജയ്സ്വാൾ, ജോഷ് ബട്ലർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), റിയാൻ പരാഗ്, ഷിമ്റോൺ ഹെറ്റ്മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹൽ, നാന്ദ്രെ ബർഗർ, ആവേശ് ഖാൻ.