- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാംഖഡെയിലും തലതാഴ്ത്തി മുംബൈ ഇന്ത്യൻസ്; രാജസ്ഥാന് 126 റൺസ് വിജയലക്ഷ്യം
മുംബൈ: ഐപിഎല്ലിൽ ആദ്യ ഹോം മത്സരത്തിലും തല ഉയർത്താനാകാതെ മുംബൈ ഇന്ത്യൻസ്. രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 34 റൺസെടുത്ത ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോൾട്ടും യുസ്വേന്ദ്ര ചാഹലും ചേർന്നാണ് മുംബൈയെ എറിഞ്ഞിട്ടത്.
മുംബൈ ബാറ്റിങ് നിരയിലെ നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. 21 പന്തിൽ 33 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറർ. ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ മുംബൈക്ക് ട്രെന്റ് ബോൾട്ടെറിഞ്ഞ ആദ്യ ഓവറിൽ തന്നെ അടിതെറ്റി. അഞ്ചാം പന്തിൽ രോഹിത് ശർമയെ വിക്കറ്റിന് പിന്നിൽ സ്ജുവിന്റെ കൈകളിലേക്ക് പറഞ്ഞയച്ച ബോൾട്ട് അടുത്ത പന്തിൽ നമൻ ധിറിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. രണ്ടുപേരും നേരിട്ട ആദ്യ പന്തിൽ പുറത്തായി ഗോൾഡൻ ഡക്കായി.
അവിടംകൊണ്ട് തീർന്നില്ല, തന്റെ അടുത്ത ഓവറിൽ ഡെവാൾഡ് ബ്രെവിസിനെക്കൂടി(0) ഗോൾഡൻ ഡക്കാക്കിയ ബോൾട്ട് മുംബൈയുടെ ബോൾട്ടൂരി. പിന്നാലെ പ്രതീക്ഷ നൽകിയ ഇഷാൻ കിഷനെ(16) അസാധ്യമായൊരു പന്തിൽ നാന്ദ്രെ ബർഗർ വിക്കറ്റിന് പിന്നിൽ സഞ്ജുവിന്റെ കൈകളിലെത്തിച്ചു.
ഇതോടെ 20-4ലേക്ക് വീണ മുംബൈക്ക് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയുടെയും തിലക് വർമയുടെയും പ്രത്യാക്രമണം നേരിയ പ്രതീക്ഷ നൽകി. പവർ പ്ലേയിൽ ഇരുവരും ചേർന്ന് മുംബൈയെ 45 റൺസിൽ എത്തിച്ചു. പത്താം ഓവറിൽ 75 റൺസിലെത്തിയ മുംബൈ മാന്യമായ സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ക്യാപ്റ്റന്റെ അമിതാവേശം വിനയായി. ചാഹലിനെ സിക്‌സിന് പറത്താനുള്ള ഹാർദ്ദിക്കിനെ(21 പന്തിൽ 34) റൊവ്മാൻ പവൽ ഓടിപ്പിടിച്ചു.
ടീം സ്‌കോർ 100 തികയും മുൻപ് തിലക് വർമയും (29 പന്തിൽ 32) മടങ്ങി. വാലറ്റത്തിനൊപ്പം ടിം ഡേവിഡ് (24 പന്തിൽ 17) നടത്തിയ ചെറുത്തുനിൽപാണ് ടീം സ്‌കോർ 100 കടത്തിയത്.
പിന്നീട് ക്രീസിലെത്തിയത് പിയൂഷ് ചൗളയായിരുുന്നു. ചൗളയെ(3)ആവേശ് ഖാന്റെ പന്തിൽ ഷിമ്രോൺ ഹെറ്റ്‌മെയർ പറന്നു പിടിച്ചപ്പോൾ പിടിച്ചു നിൽക്കാൻ നോക്കിയ തിലക് വർമയെ(29 പന്തിൽ 32) അശ്വിൻ പറന്നുപിടിച്ചു. അവസാന ഓവറുകളിൽ അടിച്ചു തകർക്കുമെന്ന് കരുതിയ ടിം ഡേവിഡും(24 പന്തിൽ 17) നനഞ്ഞ പടക്കമായതോടെ മുംബൈ സ്‌കോർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസിൽ അവസാനിച്ചു.