- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാംഖഡെയിൽ മുംബൈ ഇന്ത്യൻസിനെ നാണംകെടുത്തി സഞ്ജുവും സംഘവും
മുംബൈ : ഐപിഎല്ലിൽ സ്വന്തം ഗ്രൗണ്ടായ വാംഖഡെയിൽ ആദ്യ ഹോം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് രാജസ്ഥാൻ റോയിൽസിനോട് കനത്ത തോൽവി. സീസണിലെ ആദ്യ ജയം പ്രതീക്ഷിച്ചിറങ്ങിയ മുംബൈയെ ആറ് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസിൽ ഒതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 15.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടി. ജയത്തോടെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തി.
മൂന്ന് കളികളിൽ മൂന്നും ജയിച്ച രാജസ്ഥാൻ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ കളിച്ച മൂന്ന് കളിയും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്. മുംബൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം 54 റൺസുമായി പുറത്താകാതെ നിന്ന റിയാൻ പരാഗിന്റെ ബാറ്റിങ് മികവിലാണ് രാജസ്ഥാൻ അനായാസം മറികടന്നത്. ക്യാപ്റ്റൻ സഞ്ജു സാംസണും ജോഷ് ബട്ലറും യശസ്വി ജയ്സ്വാളും ബാറ്റിംഗിൽ നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ മികവ് ഒരിക്കൽ കൂടി രാജസ്ഥാന് വിജയം സമ്മാനിച്ചു. മുംബൈക്കായി ആകാശ് മധ്വാൾ മൂന്ന് വിക്കറ്റെടുത്തു. സ്‌കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 125-9, രാജസ്ഥാൻ റോയൽസ് ഓവറിൽ 15.3 ഓവറിൽ 127-4.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് സ്‌കോർ ബോർഡിൽ 48 റൺസെത്തിയപ്പോഴേക്കും യശസ്വിയെയും(10) സഞ്ജുവിനെയും(12) ബട്ലറെയും(13) നഷ്ടമായെങ്കിലും ആദ്യം അശ്വിനൊപ്പവും(16) പിന്നീട് ശുഭം ദുബെക്കൊപ്പവും(8) ചെറിയ കൂട്ടുകെട്ടുകളിലൂടെ പരാഗ് രാജസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചു. പതിനാറാം ഓവറിൽ ജെറാൾഡ് കോയെറ്റ്‌സിയെ തുടർച്ചയായി സിക്‌സിന് പറത്തി 38 പന്തിൽ അർധസെഞ്ചുറിയിലെത്തിയ പരാഗ് അടുത്ത പന്ത് ബൗണ്ടറി കടത്തി 27 പന്ത് ബാക്കി നിർത്തി നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
കഴിഞ്ഞ കളിയിലെ രാജസ്ഥാന്റെ രക്ഷകനായ റിയാൻ പരാഗ് തന്നെയാണ് ഇത്തവണയും തുണച്ചത്. പതിനാറാം ഓവറിലെ അവസാന മൂന്ന് പന്തുകളിൽ രണ്ട് സിക്സും ഒരു ഫോറും നേടി സ്റ്റൈലിഷായാണ് പരാഗ് രാജസ്ഥാനെ വിജയിപ്പിച്ചത്. ഇതിനിടെ സീസണിലെ രണ്ടാം അർധ സെഞ്ചുറി കണ്ടെത്താനും പരാഗിനായി. കൂടാതെ ഓറഞ്ച് ക്യാപ്പ് മത്സരത്തിൽ കോലിയെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു. 39 പന്തുകളിൽ 54 റൺസാണ് പരാഗിന്റെ സമ്പാദ്യം. എട്ട് റൺസ് നേടി ശുഭം ദുബെയായിരുന്നു വിജയിക്കുമ്പോൾ ക്രീസിലെ പരാഗിന്റെ കൂട്ട്.
താരതമ്യേന ചെറിയ സ്‌കോറായതിനാൽ, പതിയെയായിരുന്നു രാജസ്ഥാന്റെ മറുപടി. യുവതാരം ക്വെന മഫാകയുടെ ആദ്യ ഓവറിൽത്തന്നെ യശസ്വി ജയ്സ്വാൾ പുറത്തായി. ടിം ഡേവിഡിന് ക്യാച്ച് നൽകിയാണ് മടക്കം. മഫാകയുടെ ഐ.പി.എലിലെ ആദ്യ വിക്കറ്റ്. തുടർന്നെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, 10 പന്തുകൾ നേരിട്ട് 12 റൺസ് നേടി പുറത്തായി. ആകാശ് മാധ്വലിനാണ് വിക്കറ്റ്.
പവർ പ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 46 റൺസാണ് രാജസ്ഥാൻ നേടിയത്. ടീം സ്‌കോർ 48-ൽ നിൽക്കേ, ജോഷ് ബട്ലറും (16 പന്തിൽ 13) പുറത്തായി. പിയൂഷ് ചൗളക്ക് ക്യാച്ച് നൽകി ആകാശ് മാധ്വൽതന്നെയാണ് ബട്ലറെയും മടക്കിയത്. പിന്നാലെയ രവിചന്ദ്രൻ അശ്വിനെയും മാധ്വൽ തന്നെ മടക്കി. നാലോവറിൽ 20 റൺസ് വിട്ടുനൽകിയ മാധ്വൽ മൂന്ന് വിക്കറ്റും നേടി. മഫാകയ്ക്കാണ് ശേഷിച്ച വിക്കറ്റ്.
ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ക്യപ്റ്റൻസിയിലുമെല്ലാം മുംബൈയെ വാരിക്കളയുന്ന പ്രകടനത്തോടെയാണ് രാജസ്ഥാൻ ലക്ഷ്യത്തിലെത്തിയത്. ഹോം ഗ്രൗണ്ടിലും തോൽവി അറിഞ്ഞതോടെ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ കൂടുതൽ സമ്മർദ്ദത്തിലാവും.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുക്കാനെ കഴിഞ്ഞുള്ളു.34 റൺസെടുത്ത ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോൾട്ടും യുസ്വേന്ദ്ര ചാഹലും ചേർന്നാണ് മുംബൈയെ എറിഞ്ഞിട്ടത്.
ട്രെന്റ് ബോൾട്ടെറിഞ്ഞ ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയെയും(0)നമൻ ധിറിനെയും(0) തുടർച്ചയായ പന്തുകളിൽ നഷ്ടമായ മുംബൈക്ക് പിന്നീട് കരകയറാനായില്ല. തന്റെ അടുത്ത ഓവറിൽ ഡെവാൾഡ് ബ്രെവിസിനെക്കൂടി(0) ഗോൾഡൻ ഡക്കാക്കിയ ബോൾട്ട് മുംബൈയുടെ ബോൾട്ടൂരി.പിന്നാലെ പ്രതീക്ഷ നൽകിയ ഇഷാൻ കിഷനെ(16) അസാധ്യമായൊരു പന്തിൽ നാന്ദ്രെ ബർഗർ വിക്കറ്റിന് പിന്നിൽ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. ഇതോടെ 20-4ലേക്ക് വീണ മുംബൈക്ക് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയുടെയും തിലക് വർമയുടെയും പ്രത്യാക്രമണം നേരിയ പ്രതീക്ഷ നൽകിയെങ്കിലും പത്താം ഓവറിൽ 75 റൺസിലെത്തിയ മുംബൈ മാന്യമായ സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ക്യാപ്റ്റന്റെ അമിതാവേശം വിനയായി.
ചാഹലിനെ സിക്‌സിന് പറത്താനുള്ള ഹാർദ്ദിക്കിനെ(21 പന്തിൽ 34) റൊവ്മാൻ പവൽ ഓടിപ്പിടിച്ചു. പിന്നീട് ക്രീസിലെത്തിയത് പിയൂഷ് ചൗളയായിരുന്നു. ചൗളയെ(3)ആവേശ് ഖാന്റെ പന്തിൽ ഷിമ്രോൺ ഹെറ്റ്‌മെയർ പറന്നു പിടിച്ചപ്പോൾ പിടിച്ചു നിൽക്കാൻ നോക്കിയ തിലക് വർമയെ(29 പന്തിൽ 32) അശ്വിൻ പറന്നുപിടിച്ചു. അവസാന ഓവറുകളിൽ അടിച്ചു തകർക്കുമെന്ന് കരുതിയ ടിം ഡേവിഡും(24 പന്തിൽ 17) നനഞ്ഞ പടക്കമായതോടെ മുംബൈ സ്‌കോർ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസിൽ അവസാനിച്ചു.