മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവിയും വഴങ്ങിയതോടെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യക്കും പരിശീലകൻ മാർക്ക് ബൗച്ചർക്കും എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. തിങ്കളാഴ്ച വാങ്കഡെയിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസാണ് ഹാർദ്ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയെ പരാജയപ്പെടുത്തിയത്.

പരാജയത്തിന് പിന്നാലെ വാങ്കഡെയിലെ ഡഗ്ഗൗട്ടിൽ ഏകനായി ഇരിക്കുന്ന ഹാർദ്ദിക് പാണ്ഡ്യയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മത്സരത്തിന് ശേഷം മുംബൈ താരങ്ങൾ എതിർ താരങ്ങൾക്ക് ഹസ്തദാനം നൽകി. അതിന് ശേഷം ഹാർദ്ദിക് ഡഗൗട്ടിൽ പോയി അൽപസമയം തനിച്ചിരിക്കുകയാണ് ചെയ്തത്. എന്നാൽ മറ്റു മുംബൈ താരങ്ങളാണെങ്കിൽ ക്യാപ്റ്റനെ ഒറ്റക്കാക്കി പവിലിയനിലേക്ക് പോവുകയും ചെയ്തു.

എല്ലാ മത്സരങ്ങളിലെയും പോലെ സ്വന്തം ഹോം ഗ്രൗണ്ടിലും കൂവലോടെയാണ് ആരാധകർ ഹാർദ്ദിക്കിനെ വരവേറ്റത്. മത്സരത്തിന് മുൻപും ശേഷവും മുംബൈ നായകന് കനത്ത കൂവലാണ് ലഭിച്ചത്. ആരാധക രോഷം അതിര് കടന്നപ്പോൾ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ഇടപെടുകയും ചെയ്തത് വാർത്തയായിരുന്നു. ഹാർദ്ദിക്കിന് കൂവലും രോഹിത് ശർമ്മയ്ക്ക് ജയ് വിളികളും ലഭിച്ചതോടെ ഒരൽപ്പം മരാദ്യ കാണിക്കുവാൻ മഞ്ജരേക്കർ അഭ്യർത്ഥിക്കുകയായിരുന്നു.

എന്നാൽ ഹാർദ്ദിക് പാണ്ഡ്യക്ക് ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമക്ക് കൈമാറേണ്ടിവരുമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി പറഞ്ഞു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് തുടർച്ചയായി മൂന്ന് തോൽവികൾ വഴങ്ങിയതിന് പിന്നാലെയാണ് മനോജ് തിവാരിയുടെ പ്രവചനം. എന്റെ അറിവിൽ മുംബൈ ടീം മാനേജ്‌മെന്റ് തീരുമാനങ്ങളെടുക്കുന്നതിൽ മടി കാണിക്കാറില്ല. അതുകൊണ്ടാണ് അവർ ഗുജറാത്തിൽ നിന്ന് ഹാർദ്ദിക്കിനെ തിരിച്ചെത്തിച്ചതും, അഞ്ച് ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയ രോഹിത്തിനെ മാറ്റി ക്യാപ്റ്റൻ സ്ഥാനം ഹാർദ്ദിക്കിന് കൈമാറിയതും.

ടീമിന്റെ ക്യാപ്റ്റനെ മാറ്റുക എന്നത് വലിയ തീരുമാനമാണ്.എന്നിട്ടും ഈ സീസണിൽ ഒറ്റ വിജയം പോലും നേടാൻ മുംബൈക്കായിട്ടില്ല. ക്യാപ്റ്റൻസി നന്നായിട്ടും സീസണിലെ മൂന്ന് കളികളിലും നിർഭാഗ്യം കൊണ്ട് തോറ്റതൊന്നുമല്ല മുംബൈ ഇന്ത്യൻസ്. തോറ്റ കളികളിലൊന്നും ഹാർദ്ദിക്കിന്റെ ക്യാപ്റ്റൻസിയും അത്ര മഹത്തരമൊന്നുമായിരുന്നില്ലെന്നും മനോജ് തിവാരി ക്രിക് ബസിലെ ചർച്ചയിൽ പറഞ്ഞു.

സീസണിലെ ആദ്യ മൂന്ന് കളികളും തോറ്റ മുംബൈ ഇന്ത്യൻസ് പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. തോൽവിക്ക് പുറമെ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയെ അംഗീകരിക്കാൻ മടി കാണിക്കുന്ന മുംബൈ ഫാൻസ് ഹാർദ്ദിക്കിനെ കൂവുകയും രോഹിത് ചാന്റുയർത്തുകയും ചെയ്യുന്നതാണ് മുംബൈ ഇന്ത്യൻസ് ടീം മാനേജ്‌മെന്റിന്റെ മറ്റൊരു തലവേദന.

മുംബൈ ചെന്നൈ സൂപ്പർ കിങ്‌സ് നായക സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയ എം എസ് ധോണി സീസണിലെ ആദ്യ ഏഴ് കളികളിലെ മോശം പ്രകടനത്തെത്തുടർന്ന് പാതിവഴിക്ക് ക്യാപ്റ്റൻ സ്ഥാനം തിരിച്ചെടുത്തിരുന്നു. അതുപോലെ ഹാർദ്ദിക്കിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം തിരിച്ചെടുക്കുമോ മുംബൈ മാനേജ്‌മെന്റ് എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.