ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 182 റൺസ് വിജലക്ഷ്യം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗവിന് വേണ്ടി ക്വിന്റൺ ഡി കോക്ക് (81) മികച്ച പ്രകടനം പുറത്തെടുത്തു. നിക്കോളാസ് പുരാൻ (21 പന്തിൽ പുറത്താവാതെ 40) നിർണായക പിന്തുണ നൽകി. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് ലക്‌നൗ നേടിയത്.

56 പന്തിൽ എട്ടു ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയോടെ 81 റൺസ് നേടിയ ഡി കോക്കും അവസാന ഓവറുകളിൽ തകർത്തടിച്ച നിക്കോളാസ് പൂരാനുമാണ് ലക്‌നൗവിന് രക്ഷയായത്. ബെംഗളൂരൂവിനായ് ഗ്ലെൻ മാക്‌സ്‌വെൽ രണ്ടു വിക്കറ്റും ടോപ്‌ലേ, യാഷ് ദയാൽ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടി.

ആർസിബിക്ക് വേണ്ടി ഗ്ലെൻ മാക്സ്വെൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഇരു ടീമുകളും ഓരോ മാറ്റം വരുത്തിയിട്ടുണ്ട്. ലഖ്നൗ നിരയിൽ പേസർ മുഹ്സിൻ ഖാൻ പരിക്കിനെ തുടർന്ന് കളിക്കുന്നില്ല. പകരം യഷ് താക്കൂർ ടീമിലെത്തി. ആർസിബി ജോസഫ് അൽസാരിക്ക് പകരം റീസെ ടോപ്ലിയെ ടീമിലെത്തിച്ചു.

ഒന്നാം വിക്കറ്റിൽ കെ എൽ രാഹുൽ (20) ഡി കോക്ക് സഖ്യം 53 റൺസ് കൂട്ടിചേർത്തു. എന്നാൽ പവർ പ്ലേയ്ക്ക് തൊട്ടുമുമ്പ് രാഹുലിനെ മാക്സ്വെൽ മടക്കി. തുടർന്നെത്തിയ ദേവ്ദത്ത് പടിക്കലും (6) നിരാശയാണ് സമ്മാനിച്ചത്. നാലാം വിക്കറ്റിൽ ഡി കോക്ക് - മാർകസ് സ്റ്റോയിനിസ് (24) സഖ്യം 56 റൺസ് കൂട്ടിചേർത്തു. എന്നാൽ സ്റ്റോയിനിസ്, മാക്സ്വെല്ലിന്റെ പന്തിൽ പുറത്തായി. അധികം വൈകാതെ ഡി കോക്കിനെ ടോപ്ലിയും തിരിച്ചയച്ചു. 56 പന്തുകൾ നേരിട്ട താരം അഞ്ച് സിക്സും എട്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിങ്സ്.

ആയുഷ് ബദോനി (0) ഒരിക്കൽകൂടി നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളിൽ പുരാൻ നടത്തിയ വെടിക്കെട്ട് ലഖ്നൗവിനെ മാന്യമായ സ്‌കോറിലെത്തിച്ചു. അഞ്ച് സിക്സും ഒരു ഫോറും ഉൾപ്പെടുന്നതയിരുന്നു പുരാന്റെ ഇന്നിങ്സ്. ക്രുനാൽ പാണ്ഡ്യ (0) പുറത്താവാതെ നിന്നു. ആർസിബിയുടെ മുഹമ്മദ് സിറാജ് നാല് ഓവറിൽ 47 റൺസ് വഴങ്ങി.