- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ഇന്ത്യൻസിലെ കാഴ്ചകൾ അത്ര നല്ലതല്ലെന്ന് ഹർഭജൻ
മുംബൈ: ഐപിഎൽ സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ കടുത്ത സമ്മർദ്ദത്തിലാണ് മുംബൈ ഇന്ത്യൻസ് ടീം. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിൽ വിമർശനങ്ങൾ തുടരവെ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് ടീമിലെ മുൻ താരമായ ഹർഭജൻ സിങ്. ഹാർദിക്കിനെ ക്യാപ്റ്റനായി താരങ്ങൾ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്ന് ചോദിച്ച ഹർഭജൻ, അദേഹത്തെ ടീമിലെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയതായും കുറ്റപ്പെടുത്തുന്നു.
'മുംബൈ ഇന്ത്യൻസിലെ കാഴ്ചകൾ അത്ര നല്ലതല്ല. ഹാർദിക് പാണ്ഡ്യയെ എല്ലാവരും കയ്യൊഴിഞ്ഞു. ക്യാപ്റ്റനായി ടീമിലെ താരങ്ങൾ പാണ്ഡ്യയെ അംഗീകരിക്കേണ്ടതുണ്ട്. ഫ്രാഞ്ചൈസി എടുത്ത തീരുമാനം താരങ്ങൾ ഒറ്റക്കെട്ടായി അംഗീകരിക്കേണ്ടതുണ്ട്. ഞാൻ കളിച്ചിട്ടുള്ള ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ ഇപ്പോൾ മുംബൈ ഇന്ത്യൻസിലെ കാഴ്ചകൾ അത്ര സുഖകരമായി തോന്നിന്നില്ല. മുംബൈ ഇന്ത്യൻസ് ഡ്രസിങ് റൂമിലെ വന്മരങ്ങൾ ക്യാപ്റ്റനായി ഹാർദിക്കിനെ സ്വാതന്ത്യത്തോടെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. ബോധപൂർവമോ അല്ലാതെയോ ടീമിലെ നിരവധി പേർ ഹാർദിക് പാണ്ഡ്യയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇത് ഏതൊരു ക്യാപ്റ്റനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്' എന്നും ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.
ഡ്രസിങ് റൂമിലെ വന്മരങ്ങൾ എന്നതിലൂടെ മുംബൈ ഇന്ത്യൻസ് മുൻ നായകനും ടീമിന്റെ മെന്ററുമായ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെയാണോ ഹർഭജൻ സിങ് ലക്ഷ്യമിട്ടതെന്ന് സംശയം ആരാധകർ ഉന്നയിക്കുന്നുണ്ട്. ആദ്യ മത്സരങ്ങളിലെ തോൽവിക്ക് പിന്നാലെ നിരാശ തുറന്നു പ്രകടിപ്പിച്ച മുൻ നായകൻ രോഹിത് ശർമയുമായി സച്ചിൻ സംസാരിക്കുന്നതിന്റെ വിഡിയോ നേരത്തെ പ്രചരിച്ചിരുന്നു.
എന്നാൽ ക്യാപ്റ്റൻസി രോഹിത് ശർമ്മയിൽ നിന്ന് ഹാർദിക് പാണ്ഡ്യയിലേക്ക് മുംബൈ ഇന്ത്യൻസ് കുറച്ചുകൂടി സുതാര്യമായി ഏൽപിക്കണമായിരുന്നു എന്നാണ് ഓസ്‌ട്രേലിയൻ ബാറ്റിങ് ഇതിഹാസം മാത്യൂ ഹെയ്ഡന്റെ വിലയിരുത്തൽ.
'ആരാധകരാണ് ടീമുകളുടെ ഏറ്റവും വലിയ കരുത്ത്. അവർക്ക് ടീമിനുള്ളിലെ കാര്യങ്ങളൊന്നും ചിലപ്പോൾ അറിയണമെന്നില്ല, എങ്കിലും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്. രോഹിത് ശർമ്മയെ ആരാധകർക്ക് ഇഷ്ടമാണ്. കുറച്ചുകൂടി വ്യത്യസ്തമായി ക്യാപ്റ്റൻ സ്ഥാനത്തെ മാറ്റം മുംബൈ ഇന്ത്യൻസ് നടപ്പിൽവരുത്തണമായിരുന്നു. രോഹിത്തിനെ കൃത്യമായി കാര്യങ്ങൾ അറിയിക്കണമായിരുന്നു. കൃത്യമായ വഴിയിലൂടെയല്ലാതെ തീരുമാനങ്ങൾ അറിയിക്കുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. കഴിഞ്ഞ സീസണിൽ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയ ശേഷം മാറ്റിയ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. ആവശ്യമെങ്കിൽ ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിലും ഒരു വീണ്ടാലോചന നടത്താവുന്നതേയുള്ളൂ' എന്നും ഹെയ്ഡൻ കൂട്ടിച്ചേർത്തു.
മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ തുടർച്ചയായ മൂന്നാം മത്സരത്തിലും കൂവലും പരിഹാസവുമുണ്ടായിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ കഴിഞ്ഞ മത്സരത്തിൽ ടോസിനെത്തിയപ്പോൾ താരത്തിനെതിരായ കൂവലുണ്ടായി. ടോസ് സമയത്ത് ഹാർദിക്കിനെ അവതാരകനായ സഞ്ജയ് മഞ്ജരേക്കർ പേരെടുത്ത് പറഞ്ഞപ്പോൾ 'രോഹിത്... രോഹിത്...' ചാന്റുകൾ ഗ്യാലറിയിൽ മുഴങ്ങിയതാണ് ഒടുവിലത്തെ സംഭവം.
ഐപിഎൽ 2024 സീസണിന് മുന്നോടിയായാണ് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാക്കിയത്. എന്നാൽ ഇത് വലിയ വിവാദമാവുകയും ആരാധകർ പ്രതിഷേധിക്കുകയും ചെയ്തു. ഈ സീസണിൽ മുംബൈ കളിച്ച മൂന്ന് മത്സരങ്ങളിലും പാണ്ഡ്യയെ ആരാധകർ കൂവി. പാണ്ഡ്യയുടെ നായകത്വത്തിൽ മൂന്ന് കളികളും മുംബൈ ഇന്ത്യൻസ് തോറ്റതിലും വിമർശനം ശക്തമാണ്. രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണം എന്നാണ് ഒരുവിഭാഗം ആരാധകരുടെ വാദം. നിലവിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ് മുംബൈ ഇന്ത്യൻസ് നിൽക്കുന്നത്.