ലണ്ടൻ: ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 2019ലെ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെ കീഴടക്കി ഇംഗ്ലണ്ടിനെ കിരീടം നേടാൻ സഹായിച്ചത് അമ്പയറിങിൽ വന്ന ഒരു പിഴവാണെന്ന് തുറന്നു സമ്മതിച്ച് മുൻ അമ്പയർ മറയ്സ് എറാസ്മസ്. അമ്പയറിങ് കരിയർ അവസാനിപ്പിച്ച ശേഷം ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. ഓവർത്രോയിലൂടെയുള്ള റൺ കണക്കുകൂട്ടുന്നിതിൽ പിഴവ് സംഭവിച്ചുവെന്നാണ് മറയ്സ് എറാസ്മസ് തുറന്നു പറഞ്ഞത്.

ലോർഡ്സിൽ നടന്ന മത്സരത്തിന്റെ അടുത്ത ദിവസം തന്നെ അന്ന് മത്സരം നിയന്ത്രിച്ചിരുന്ന താനും കുമാർ ധർമസേനയും ഇക്കാര്യം തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പിഴവുകളിലൊന്നായി അത് മാറുകയും ചെയ്തു. ഇംഗ്ലണ്ട് - ന്യൂസീലൻഡ് ഫൈനലിനിടെ ഇംഗ്ലീഷ് ടീമിന് മൂന്ന് പന്തിൽ നിന്ന് ജയിക്കാൻ ഒമ്പത് റൺസ് വേണ്ട ഘട്ടത്തിൽ റണ്ണെടുക്കുന്നതിനിടെ ബെൻ സ്റ്റോക്ക്സിന്റെ ബാറ്റിൽ തട്ടി പന്ത് ബൗണ്ടറി കടന്നിരുന്നു. രണ്ടാം റണ്ണിന് ശ്രമിക്കുമ്പോഴായിരുന്നു ഇത്തരത്തിൽ സംഭവിച്ചതെന്നതിനാൽ ഓടിയെടുത്ത രണ്ടും ഓവർത്രോയിലൂടെ ലഭിച്ച നാലും ചേർത്ത് ആറു റൺസ് അമ്പയർമാർ ഇംഗ്ലണ്ടിന് അനുവദിച്ചു.

എന്നാൽ ആറു റണ്ണിന് പകരം യഥാർഥത്തിൽ അഞ്ചു റൺസായിരുന്നു അവർക്ക് അനുവദിക്കേണ്ടിയിരുന്നത്. കാരണം ഫീൽഡർ പന്തെടുത്ത് എറിയുന്ന സമയത്ത് ബാറ്റർമാർ പരസ്പരം ക്രോസ് ചെയ്തിരുന്നില്ല. ഈ പിഴവാണ് ഇപ്പോൾ എറാസ്മസ് തുറന്നുസമ്മതിച്ചിരിക്കുന്നത്.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 241-ൽ അവസാനിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പർ ഓവറും ടൈയിൽ കലാശിച്ചതോടെ ബൗണ്ടറികളുടെ എണ്ണം കണക്കിലെടുത്ത് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ഇതിനുപിന്നാലെ അന്നുതന്നെ അമ്പയർമാർക്ക് സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടി മുൻ അമ്പയറായ സൈമൺ ടോഫൽ രംഗത്തെത്തിയിരുന്നു. അഞ്ചു റൺസായിരുന്നു ശരിക്കും അനുവദിക്കേണ്ടിയരുന്നതെന്ന് ആദ്യം പറഞ്ഞത് ടോഫലായിരുന്നു.