- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശാഖപട്ടണത്ത് കരീബിയൻ വെടിക്കെട്ട്; ഡൽഹിക്ക് 273 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം
വിശാഖപട്ടണം: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ പഞ്ഞിക്കിട്ട സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിങ് വെടിക്കെട്ടിന് സമാനമായി ഡൽഹി കാപിറ്റൽസിനെതിരെ റെക്കോർഡ് സ്‌കോർ പടുത്തുയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 273 റൺസിന്റെ വിജയലക്ഷ്യമാണ് കൊൽക്കത്ത മുന്നോട്ടുവച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്.
വിശാഖപട്ടണത്ത് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് റൺമല താണ്ടിയത്. സുനിൽ നരെയ്ൻ (39 പന്തിൽ 85), ആംഗ്കൃഷ് രഘുവൻഷി (27 പന്തിൽ 54), ആന്ദ്രേ റസ്സൽ (19 പന്തിൽ 41 ), റിങ്കു സിങ് (8 പന്തിൽ 26) എന്നിവരാണ് കൊൽക്കത്തയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ആന്റിച്ച് നോർജെ ഡൽഹിക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്കായി ഫിലിപ്പ് സാൾട്ട് - നരെയ്ൻ ഓപ്പണിങ് സഖ്യം വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. 27 പന്തിൽ നിന്ന് ഇരുവരും 60 റൺസ് ചേർത്തു. 12 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 18 റൺസെടുത്ത സാൾട്ടിനെ മടക്കി ആന്റിച്ച് നോർക്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
മൂന്നാമതെത്തിയ രഘുവൻഷി, നരെയ്‌നൊപ്പം ചേർന്ന് അടി തുടർന്നു. ഇരുവരും 104 റൺ കൂട്ടിചേർത്തു. എന്നാൽ 13-ാം ഓവറിൽ നരെയ്ൻ മടങ്ങി. മിച്ചൽ മാർഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ക്യാച്ച്. ഏഴ് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു നരെയ്‌ന്റെ ഇന്നിങ്‌സ്. വൈകാതെ രഘുവൻഷിയും പവലിയനിൽ തിരിച്ചെത്തി. മൂന്ന് സിക്‌സും അഞ്ച് ഫോറും താരം നേടിയിരുന്നു. ശ്രേയസ് അയ്യർക്ക് (18) അധികനേരം പിടിച്ചു നിൽക്കാനായില്ല.
തുടർന്നെത്തിയ റിങ്കു ആക്രമിച്ച് കളിച്ചതോടെ കൊൽക്കത്ത റെക്കോർഡ് സ്‌കോർ പടുത്തുയർത്തി. റിങ്കുവും റസ്സലും അവസാന ഓവറുകളിൽ വീണു. നോർക്യ എറിഞ്ഞ 19-ാം ഓവറിൽ 25 റൺസടിച്ച് റിങ്കു സിങ്ങും ഈ വെടിക്കെട്ടിൽ പങ്കാളിയായി. എട്ടു പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 26 റൺസായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. വെങ്കടേഷ് അയ്യർ (5), മിച്ചൽ സ്റ്റാർക്ക് (1) പുറത്താവാതെ നിന്നു. രമൺദീപ് സിംഗാണ് (2) പുറത്തായ മറ്റൊരു താരം. ഒരു ഘട്ടത്തിൽ സൺറൈസേഴ്സ് നേടിയ 277 റൺസ് കൊൽക്കത്ത മറികടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറിൽ കണിശതയോടെ പന്തെറിഞ്ഞ ഇഷാന്ത് ശർമ അവരെ 272-ൽ പിടിച്ചു.
നേരത്തെ, ഇരു ടീമുകളും ഓരോ മാറ്റം വരുത്തി. ഡൽഹി മുകേഷ് കുമാറിന് പകരം സുമിത്തിനെ ടീമിൽ ഉൾപ്പെടുത്തി. ആംഗ്കൃഷ് രഘുവൻഷി കൊൽക്കത്ത പ്ലേയിങ് ഇലവനിൽ ഇടം നേടി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത. നിലവിൽ രണ്ടാം സ്ഥാനത്താണ് ടീം. മൂന്നിൽ രണ്ട് മത്സരം ജയിച്ച ഡൽഹി ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ നിലവിലെ ചാപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിനെ തോൽപ്പിച്ച ആത്മവിശ്വാസം അവർക്കുണ്ട്.