ഹൈദരാബാദ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 166 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. ശിവം ദുബെ (24 പന്തിൽ 45), അജിൻക്യ രഹാനെ (30 പന്തിൽ 35), രവീന്ദ്ര ജഡേജ (23 പന്തിൽ 31*) എന്നിവരുടെ ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.

45 റൺസ് നേടിയ ശിവം ദുബെയാണ് ടോപ് സ്‌കോറർ. നാല് സിക്‌സും രണ്ടു ഫോറും അടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിങ്‌സ്. 14ാം ഓവറിൽ ദുബെ പുറത്തായതോടെ ചെന്നൈയുടെ സ്‌കോറിങ് വീണ്ടും മന്ദഗതിയിലായി. അവസാന ഓവറുകളിൽ സ്ലോ ബോളുകളുമായി മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു സൺറൈസേഴ്‌സ്. അവസാന ആറോവറിൽ ചെന്നൈ 50 റൺസിലൊതുങ്ങി. പതിവ് ധോണി ഫിനിഷിംഗിന് കാത്തിരുന്ന ആരാധകർ നിരാശരായി.

ഉപ്പൽ സ്റ്റേഡിയത്തിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സിഎസ്‌കെയെ ബാറ്റ് ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. ഹൈദരാബാദിൽ സുഖമില്ലാത്ത മായങ്ക് അഗർവാളിന് പകരം നിതീഷ് റെഡ്ഡി പ്ലേയിങ് ഇലവനിലെത്തി. മൂന്ന് വിദേശ താരങ്ങൾ മാത്രമേ സൺറൈസേഴ്‌സിന്റെ ഇലവനിലുള്ളൂ. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് സിഎസ്‌കെ കളത്തിലിറങ്ങിയത്. പരിക്കേറ്റ മതീഷ പരിതാനയ്ക്ക് പകരം മഹീഷ് തീക്ഷന ഇലവനിലെത്തിയപ്പോൾ മൊയീൻ അലി, മുകേഷ് ചൗധരി എന്നിവരാണ് ഇന്ന് കളിക്കാനിറങ്ങിയ മറ്റ് താരങ്ങൾ.

ഓപ്പണർ രചിൻ രവീന്ദ്രയെ (9 പന്തിൽ 12) നാലാം ഓവറിൽ മടക്കി പേസർ ഭുവനേശ്വർ കുമാർ ഹൈദരാബാദിന് ആദ്യ മേൽക്കൈ നേടിക്കൊടുത്തു. മിഡ് ഓണിൽ ഏയ്ഡൻ മാർക്രമിനായിരുന്നു ക്യാച്ച്. ഇതിന് ശേഷം സിഎസ്‌കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും അജിങ്ക്യ രഹാനെയും സ്‌കോർ മുന്നോട്ടുകൊണ്ടുപോയി. എന്നാൽ ഷഹ്ബാസ് അഹമ്മദിന്റെ പന്തിൽ സിക്‌സറിന് ശ്രമിച്ച റുതു 8-ാം ഓവറിലെ ആദ്യ പന്തിൽ ലോങ് ഓൺ ബൗണ്ടറിക്കരികെ അബ്ദുൾ സമദിന്റെ ക്യാച്ചിൽ മടങ്ങി. 21 പന്തിൽ 26 റൺസാണ് റുതുരാജ് നേടിയത്. ഇതിന് ശേഷം അജിങ്ക്യ രഹാനെ- ശിവം ദുബെ സഖ്യം സ്‌കോർ ഉയർത്തുന്നതാണ് കണ്ടത്. പേസർ ടി നടരാജനെ തുടർച്ചയായ സിക്‌സുകൾക്ക് പായിച്ച് ദുബെ ടോപ് ഗിയറിലേക്ക് മാറി.

നാല് സിക്‌സുകളുമായി തകർത്തടിച്ച് മുന്നേറുകയായിരുന്ന ശിവം ദുബെയെ (24 പന്തിൽ 45) 14ാം ഓവറിലെ മൂന്നാം പന്തിൽ പാറ്റ് കമ്മിൻസ് സ്ലോ ബോളിൽ തളച്ചു. ഒരോവറിന്റെ ഇടവേളയിൽ അജിങ്ക്യ രഹാനെയെ (30 പന്തിൽ 35) ജയ്‌ദേവ് ഉനദ്കട്ടും മടക്കി. രവീന്ദ്ര ജഡേജയും ഡാരിൽ മിച്ചലും ക്രീസിൽ നിൽക്കേ 16 ഓവറിൽ 132-4 എന്ന സ്‌കോറിലായിരുന്നു സിഎസ്‌കെ. അവസാന ഓവറുകളിലെ സ്ലോ ബോളുകളിൽ വെടിക്കെട്ട് ഫിനിഷിങ് ചെന്നൈ സൂപ്പർ കിങ്‌സിന് അപ്രാപ്യമായപ്പോൾ സൺറൈസേഴ്‌സ് ശക്തമായി തിരിച്ചെത്തുകയായിരുന്നു. നട്ടു അവസാന ഓവറിൽ ഡാരിൽ മിച്ചലിനെ (11 പന്തിൽ 13) മടക്കി. അവസാന മൂന്ന് പന്ത് നേരിടാനെത്തിയ എം എസ് ധോണിക്കും ഒന്നും ചെയ്യാനായില്ല. ധോണി 2 പന്തിൽ 1* ഉം, ജഡ്ഡു 23 പന്തിൽ 31* ഉം റൺസുമായി പുറത്താവാതെ നിന്നു.