- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽപോരിൽ ചെന്നൈയെ ആറ് വിക്കറ്റിന് കീഴടക്കി ഹൈദരാബാദ്
ഹൈദരാബാദ്: മുകേഷ് ചൗധരി എറിഞ്ഞ രണ്ടാം ഓവറിൽ അഭിഷേക് ശർമ തുടക്കമിട്ട ബാറ്റിങ് വെടിക്കെട്ട് ഏറ്റെടുത്ത് ട്രാവിസ് ഹെഡും ഏയ്ഡൻ മാർക്രവും കത്തിക്കയറിയതോടെ ചെന്നൈ സൂപ്പർ കിങ്‌സിനെ അനായാസം കീഴടക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ചെന്നൈ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം, 18.1 ഓവറിൽ ആറ് വിക്കറ്റ് കൈയിലിരിക്കേ ഹൈദരാബാദ് മറികടന്നു. സ്‌കോർ: ചെന്നൈ-165/ 5 (20 ഓവർ). ഹൈദരാബാദ്-166/4 (18.1 ഓവർ).
എയ്ഡൻ മാർക്രമിന്റെ അർധ സെഞ്ചുറിയും തീജ്വാലയായി പടർന്ന അഭിഷേക് ശർമയുടെ ഇന്നിങ്സുമാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. ചെന്നൈക്കുവേണ്ടി ശിവം ദുബെ ക്ലാസ് പ്രകടനം നടത്തിയെങ്കിലും ടീമിന് പൊരുതാവുന്ന സ്‌കോർ നേടാനായില്ല. ആദ്യം ബാറ്റുചെയ്ത ചെന്നൈ നേടിയ 165-നെതിരേ ഹൈദരാബാദ് തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ചു.
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗിൽ ദീപക് ചാഹറിന്റെ രണ്ടാം പന്തിൽ ഇംപാക്ട് പ്ലെയറും ഓപ്പണറുമായ ട്രാവിസ് ഹെഡിനെ സ്ലിപ്പിൽ മൊയീൻ അലി വിട്ടുകളഞ്ഞു. ഇതേ ഓവറിലെ അവസാന പന്തിൽ സിക്‌സുമായി തുടങ്ങിയ സഹ ഓപ്പണർ അഭിഷേക് ശർമ്മ തൊട്ടടുത്ത ഓവറിൽ നാല് സിക്‌സറുകളോടെ മുകേഷ് ചൗധരിയെ 27 റണ്ണടിച്ചു.
ആ ഓവറിൽ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെയാണ് 27 റൺസ് അഭിഷേക് അടിച്ചെടുത്തത്. ആദ്യ രണ്ടോവറിൽതന്നെ 35 റൺസ്. 12 പന്തുകളിൽ 37 റൺസ് നേടി അഭിഷേകാണ് ആദ്യം പുറത്തായത്. മൂന്നാം ഓവർ എറിഞ്ഞ ദീപക് ചാഹറിനെ അതിർത്തി കടത്താനുള്ള ശ്രമം രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക് വീണ് പരാജയപ്പെടുകയായിരുന്നു. 12 പന്തിൽ മൂന്ന് ഫോറും നാല് സിക്‌സുകളും സഹിതം 37 റൺസാണ് അഭിഷേക് ശർമ്മ അടിച്ചുകൂട്ടിയത്.
പിന്നീട് ട്രാവിസ് ഹെഡും എയ്ഡൻ മാർക്രമും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. പതറാതെ ട്രാവിസ് ഹെഡ്- ഏയ്ഡൻ മാർക്രം സഖ്യം 9-ാം ഓവറിൽ ടീമിനെ 100 കടത്തി. പത്താം ഓവറിൽ മഹീഷ് തീക്ഷണയുട പന്തിൽ രചിൻ രവീന്ദ്രയ്ക്ക് ക്യാച്ച് നൽകി ട്രാവിസ് ഹെഡ് മടങ്ങി (24 പന്തിൽ 31). 36 പന്തിൽ 50 റൺസ് നേടിയ എയ്ഡൻ മാർക്രമാണ് മൂന്നാമത് പുറത്തായത്. ഒരു സിക്സും നാല് ഫോറും ചേർന്നതാണ് ഇന്നിങ്സ്.
പതിനാറാം ഓവറിൽ ഓവറിൽ ഷഹബാസ് അഹ്‌മദ് (19 പന്തിൽ 18) പുറത്തായി. മാർക്രമിനെയും ഷഹബാസിനെയും വിക്കറ്റിന് മുന്നിൽ കുരുക്കി മോയിൻ അലിയാണ് പറഞ്ഞയച്ചത്. അവസാന ഓവറുകളിൽ ഹെന്റിച്ച് ക്ലാസനും (10) നിതീഷ് റെഡ്ഢിയും (14) ആണ് ഹൈദരാബാദിനെ വിജയലക്ഷ്യത്തിലെത്തിച്ചത്. ചെന്നൈ നിരയിൽ മോയിൻ അലി രണ്ടും മഹീഷ് തീക്ഷണ, ദീപക് ചാഹർ എന്നിവർ ഓരോന്നും വിക്കറ്റ് നേടി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി. മൂന്നാം വിക്കറ്റിൽ ശിവം ദുബെയും അജിങ്ക്യ രഹാനെയും ചേർന്ന് നടത്തിയ കൂട്ടുകെട്ടാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 24 പന്തിൽ 45 റൺസ് നേടിയ ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.
നാലാം ഓവറിൽ രചിൻ രവീന്ദ്രയെ എയ്ഡൻ മാർക്രമിന്റെ കൈകളിലേക്ക് നൽകി ഭുവനേശ്വർ കുമാറാണ് ചെന്നൈ ഇന്നിങ്സിന് ആദ്യം ഇളക്കം തട്ടിച്ചത്. ഒൻപത് പന്തിൽ 12 റൺസാണ് രചിൻ നേടിയത്. ടീം സ്‌കോർ 54-ൽ നിൽക്കേ, ശഹ്ബാസ് അഹ്‌മദിന്റെ പന്തിൽ അബ്ദുൽ സമദിന് ക്യാച്ച് നൽകി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും പുറത്തായി (21 പന്തിൽ 26). പിന്നാലെ അജിങ്ക്യ രഹാനെയും ശിവം ദുബെയും ചേർന്ന് 65 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ പന്തിൽ അലക്ഷ്യമായി ബാറ്റുവെച്ച ദുബെ, ഭുവനേശ്വർ കുമാറിന്റെ കൈകളിലെത്തി മടങ്ങി (24 പന്തിൽ 45). നാല് സിക്സും രണ്ട് ഫോറും ഉൾപ്പെട്ട ദുബെയുടെ പ്രഹരം ചെന്നൈ സ്‌കോർ ഉയർത്തുന്നതിൽ നിർണായകമായി. തൊട്ടടുത്ത ഓവറിൽ ജയദേവ് ഉനദ്കട്ടിന്റെ പന്തിൽ മാർക്കണ്ഡെയ്ക്ക് ക്യാച്ച് നൽകി അജിങ്ക്യ രഹാനെയും പുറത്തായി (30 പന്തിൽ 35).
രവീന്ദ്ര ജഡേജ പുറത്താവാതെ 31 (23) റൺസ് നേടി. ഡരിൽ മിച്ചലിനെ 13 (11) നടരാജൻ അബ്ദുൽ സമദിന്റെ കൈകളിലെത്തിച്ച് മടക്കി. മൂന്ന് പന്ത് ബാക്കിയിരിക്കേ ക്രീസിലെത്തിയ ധോനി, രണ്ട് പന്ത് നേരിട്ട് ഒരു റൺ നേടി പുറത്താവാതെ നിന്നു. സൺ റൈസേഴ്സിനുവേണ്ടി ഭുവനേശ്വർ കുമാർ, പാറ്റ് കമിൻസ്, ഷഹ്ബാസ് അഹ്‌മദ്, ജയദേവ് ഉനദ്കട്ട്, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റ് നേടി.