- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാണ്ഡ്യയെ കൂവുന്നത് ശരിയായ നടപടിയല്ലെന്ന് സൗരവ് ഗാംഗുലി
ന്യൂഡൽഹി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ ആരാധകരിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി ഡൽഹി ക്യാപ്പിറ്റൽസ് ടീം ഡയറക്ടറും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ഹാർദിക്കിനെ കൂവുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹത്തെ ക്യാപ്റ്റനാക്കിയത് ടീം മാനേജ്മെന്റാണെന്നും അത് ഹാർദിക്കിന്റെ കുറ്റമല്ലെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
ഹാർദിക് പാണ്ഡ്യയെ കൂവുന്നത് ശരിയല്ല എന്ന് വ്യക്തമാക്കിയ ദാദ, പാണ്ഡ്യയുടെ പിഴവ് കൊണ്ടല്ല ക്യാപ്റ്റനായത് എന്നും കൂട്ടിച്ചേർത്തു. മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിൽ രണ്ടുതട്ട് ക്രിക്കറ്റ് ലോകത്ത് നിൽക്കുമ്പോഴാണ് ഗാംഗുലി തന്റെ നയം വ്യക്തമാക്കിയത്.
ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റിയതിൽ ഹാർദിക്കിന് യാതൊരു പങ്കുമില്ല. ഉടമകളാണ് തീരുമാനമെടുക്കുന്നത്. അതിനുള്ള അവകാശം അവർക്കും ടീം മാനേജ്മെന്റിനും ഉണ്ട്. അതിന് ഹാർദിക്കിനെ കൂവുന്നത് ശരിയായ നടപടിയല്ലെന്നും ഗാംഗുലി വ്യക്തമാക്കി.
'ഹാർദിക് പാണ്ഡ്യയെ ആരാധകർ കൂവേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. ഹാർദിക്കിനെ കൂവുന്നത് ശരിയല്ല. അദേഹത്തെ ക്യാപ്റ്റനായി നിയമിച്ചത് ഫ്രാഞ്ചൈസിയാണ്. അതാണ് കായികരംഗത്ത് സംഭവിക്കുക. തീർച്ചയായും രോഹിത് ശർമ്മ ഒരു ക്ലാസ് താരമാണ്. മുംബൈ ഇന്ത്യൻസിനായും ടീം ഇന്ത്യക്കായും മറ്റൊരു തലത്തിലുള്ള പ്രകടനം പാണ്ഡ്യ പുറത്തെടുത്തിട്ടുണ്ട്. മുംബൈയിൽ ക്യാപ്റ്റനായി നിയമിക്കപ്പെട്ടത് ഹാർദിക്കിന്റെ പിഴവല്ല. അക്കാര്യം നമ്മളെല്ലാവരും മനസിലാക്കേണ്ടതുണ്ട്' എന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ ഡയറക്ടർ കൂടിയാണ് ടീം ഇന്ത്യയുടെ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായ ഗാംഗുലി.
ഐപിഎൽ 2024 സീസണിന് മുന്നോടിയായാണ് മുംബൈ ഇന്ത്യൻസ് സ്റ്റാർ ബാറ്റർ രോഹിത് ശർമ്മയെ മാറ്റി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാൽ 10 സീസണുകളിൽ ടീമിനെ നയിക്കുകയും അഞ്ച് ഐപിഎൽ കിരീടം ഫ്രാഞ്ചൈസിക്ക് സമ്മാനിക്കുകയും ചെയ്ത രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് ആരാധകർക്ക് ഉൾക്കൊള്ളാനായില്ല. സീസണിൽ മുംബൈ കളിച്ച മൂന്ന് മത്സരങ്ങളിലും കാണികൾ ഹാർദിക് പാണ്ഡ്യയെ കൂവി. പാണ്ഡ്യക്ക് കീഴിൽ മൂന്ന് കളിയും മുംബൈ തോൽക്കുകയും ചെയ്തതോടെ രോഹിത്തിന് ക്യാപ്റ്റൻസി മടക്കി നൽകണം എന്നാണ് ആരാധകരുടെ ആവശ്യം. എന്നാൽ ആരാധകരുടെ അതിരുവിട്ട പ്രകടനത്തിൽ ഹാർദിക് പാണ്ഡ്യക്ക് പിന്തുണയും ക്രിക്കറ്റ് ലോകത്ത് നിന്ന് വരുന്നുണ്ട്.