- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചുറിയുമായി വിരാട് കോലി; രാജസ്ഥാന് 184-റൺസ് വിജയലക്ഷ്യം
ജയ്പുർ; സെഞ്ചുറിയുമായി സൂപ്പർ താരം വിരാട് കോലി മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ രാജസ്ഥാനെതിരേ 184-റൺസ് വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. നിശ്ചിത 20-ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 183 റൺസെടുത്തു. കോലിയും ഡുപ്ലെസിസുമൊഴികെ ബെംഗളൂരു നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. വിക്കറ്റുകൾ വീഴുമ്പോഴും പതറാതെ അവസാനം വരെ പോരാടിയ കോലിയുടെ പ്രകടനമാണ് ഇന്നിങ്സിൽ വേറിട്ടുനിന്നത്.
പേസർമാർ തുടക്കത്തിലെ അടി വാങ്ങിയപ്പോൾ സ്പിന്നർമാരെ ഇറക്കിയുള്ള ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ തന്ത്രമാണ് 200 അനായാസം കടക്കേണ്ടിയിരുന്ന ബെംഗളൂരുവിന് തടയിട്ടത്. എട്ടാം ഐപിഎൽ സെഞ്ചുറി നേടിയ കോലി 72 പന്തിൽ 113* റൺസുമായി പുറത്താവാതെ നിന്നു. ആദ്യ രണ്ടോവറിൽ 26 വഴങ്ങിയ പേസർ ആന്ദ്രേ ബർഗർ അടുത്ത രണ്ടോവറിൽ എട്ട് മാത്രം വിട്ടുകൊടുത്തതും നിർണായകമായി.
സൂപ്പർ താരം വിരാട് കോലിയും നായകൻ ഫാഫ് ഡുപ്ലെസിസും മികച്ച തുടക്കമാണ് ബെംഗളൂരുവിന് സമ്മാനിച്ചത്. പവർപ്ലേയിൽ കോലിയായിരുന്നു കൂടുതൽ അപകടകാരി. ആദ്യ ആറ് ഓവറിൽ തന്നെ ഇരുവരും ചേർന്ന് സ്‌കോർ അമ്പത് കടത്തി. വിക്കറ്റ് നഷ്ടമില്ലാതെ 53-റൺസെന്ന നിലയിലായിരുന്നു ടീം. ഈ സീസണിൽ പവർപ്ലേയിൽ ബെംഗളൂരുവിന് ഇതാദ്യമായാണ് വിക്കറ്റ് നഷ്ടപ്പെടാതിരിക്കുന്നത്.
പിന്നാലെ ഡുപ്ലെസിയും തകർത്തടിക്കാൻ തുടങ്ങിയതോടെ രാജസ്ഥാൻ ബൗളർമാർ പ്രതിരോധത്തിലായി. പത്തോവറിൽ ടീം സ്‌കോർ 88-ലെത്തി. പിന്നാലെ കോലി സീസണിലെ തന്റെ മൂന്നാം അർധസെഞ്ചുറിയും തികച്ചു. 12-ാം ഓവറിൽ ഇരുവരും നൂറ് റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തി. ടീം സ്‌കോർ 125-ൽ നിൽക്കേ ബെംഗളൂരുവിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഡുപ്ലെസിയെ ബട്ലറിന്റെ കൈകളിലെത്തിച്ചാണ് ചാഹൽ കൂട്ടുകെട്ട് പൊളിച്ചത്. 33-പന്തിൽ നിന്ന് 44-റൺസാണ് ബെംഗളൂരു നായകന്റെ സമ്പാദ്യം.
പിന്നാലെ ക്രീസിലിറങ്ങിയ ഗ്ലെൻ മാക്സ്വെൽ നിരാശപ്പെടുത്തി. നാന്ദ്രെ ബർഗറിന്റെ പന്തിൽ ബൗൾഡായി താരം വേഗം കൂടാരം കയറി. മൂന്ന് പന്തിൽ നിന്ന് ഒരു റൺ മാത്രമാണ് മാക്സ്വെൽ നേടിയത്. എന്നാൽ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ കോലി ബെംഗളൂരു സ്‌കോർ 150-കടത്തി. നാലാമനായി ഇറങ്ങിയ സൗരവ് ചഹാന് കാര്യമായി ഒന്നും ചെയ്യാനായില്ല. ആറ് പന്തിൽ നിന്ന് ഒമ്പത് റൺസാണ് താരം നേടിയത്.
വിക്കറ്റുകൾ വീഴുമ്പോഴും ശ്രദ്ധയോടെ ബാറ്റേന്തിയ കോലിയാണ് ജയ്പുരിൽ ബെംഗളൂരുവിന് തുണയായത്. പിന്നാലെ 19-ാം ഓവറിൽ കോലി സെഞ്ചുറിയും തികച്ചു. 67-പന്തിൽ നിന്നാണ് താരത്തിന്റെ സെഞ്ചുറി. ഒടുക്കം നിശ്ചിത 20-ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 183-റൺസെടുത്തു.72-പന്തിൽ നിന്ന് കോലി 113 റൺസെടുത്തു. രാജസ്ഥാനായി ചാഹൽ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ നാന്ദ്രെ ബർഗർ ഒരു വിക്കറ്റെടുത്തു.