മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ഫീൽഡിങ് തെരഞ്ഞെടുത്തു. സീസണിലെ ആദ്യ ജയം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യൻസ് മൂന്ന് മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. പരിക്കിന്റെ നീണ്ട ഇടവേളക്കുശേഷം സൂപ്പർ ബാറ്റർ സൂര്യകുമാർ യാദവ് മുംബൈ ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പരിക്കേറ്റ സൂര്യ ശസ്ത്രക്രിയക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു.

സൂര്യകുമാർ തിരിച്ചെത്തിയപ്പോൾ ആദ്യ മൂന്ന് കളികളിലും മൂന്നാം നമ്പറിൽ കളിച്ച നമൻ ധിർ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി. മഫാകക്ക് പകരം റൊമാരിയോ ഷെപ്പേർഡും ഡെവാൾഡ് ബ്രെവിസിന് പകരം മുഹമ്മദ് നബിയും പ്ലേയിങ് ഇലവനിലെത്തി. കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ഇന്ന് ടോസിടാൻ എത്തിയ ഹാർദ്ദിക്കിന് ആരാധകരുടെ കൂവലുണ്ടായില്ലെന്നതും ശ്രദ്ധേയമായി. ഡൽഹിയുടെ പ്ലേയിങ് ഇലവനിലും ഒരു മാറ്റമുണ്ട്. ജെയ് റിച്ചാർഡ്‌സൺ ഇന്ന് അരങ്ങേറ്റം കുറിക്കുമ്പോൾ മിച്ചൽ മാർഷ് പ്ലേയിങ് ഇലവനിലില്ല.

ഐപിഎൽ സീസണിലെ ആദ്യ മൂന്ന് കളികളും തോറ്റ മുംബൈക്ക് ഇനിയൊരു തോൽവി ചിന്തിക്കാൻ പോലുമാകില്ല. മറുവശത്ത് ഡൽഹിയുടെ അവസ്ഥയും വ്യത്യസ്തമല്ല. നാലു കളികളിൽ ഒരു ജയം മാത്രമാണ് റിഷഭ് പന്തിനും സംഘത്തിനുമുള്ളത്. പോയന്റ് ടേബിളിൽ മുംബൈ പത്താമതും ഡൽഹി ഒമ്പതാമതുമാണ്. റിഷഭ് പന്ത് ഫോമിലായെങ്കിലും മിച്ചൽ മാർഷ് അടക്കമുള്ള താരങ്ങൾ ഫോമിലാവാത്തത് ഡൽഹിക്ക് തിരിച്ചടിയാണ്. പരിക്ക് മൂലമാണ് മിച്ചൽ മാർഷിനെ ഇന്ന് പുറത്തിരുത്തിയത്.

മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേർഡ്, പിയൂഷ് ചൗള, ജെറാൾഡ് കോട്‌സി, ജസ്പ്രീത് ബുമ്ര.

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, പൃഥ്വി ഷാ, അഭിഷേക് പോറൽ, റിഷഭ് പന്ത്, ട്രൈസ്റ്റൻ സ്റ്റബ്സ്, അക്‌സർ പട്ടേൽ, ലളിത് യാദവ്, ജെയ് റിച്ചാർഡ്സൺ, ആന്റിച്ച് നോർക്യ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.