- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 235 റൺസ് വിജയലക്ഷ്യം
മുംബൈ: സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് വാംഖഡെ സ്‌റ്റേഡിയത്തിൽ ഇറങ്ങിയ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെതിരെ അടിച്ചുകൂട്ടിയത് പടുകൂറ്റൻ വിജയലക്ഷ്യം. ഓപ്പണർമാർ തുടക്കമിട്ട ബാറ്റിങ് വെടിക്കെട്ട്, അവസാന ഓവറുകളിൽ ടിം ഡേവിഡും റൊമാരിയോ ഷെപേർഡും ഏറ്റെടുത്ത് ആളിക്കത്തിച്ചതോടെ മുംബൈ ഡൽഹിക്കു മുന്നിൽ 235 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തുകയായിരുന്നു.
അവസാന അഞ്ച് ഓവറുകളിൽ 96 റൺസാണ് മുംബൈ ബാറ്റർമാർ അടിച്ചുകൂട്ടിയത്. ആന്റിച് റോർജെ എറിഞ്ഞ അവസാന ഓവറിൽ മാത്രം 32 റൺസാണ് പിറന്നത്. 49 റൺസ് നേടിയ രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്‌കോറർ. ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ സൂര്യകുമാർ യാദവ് (0) നിരാശപ്പെടുത്തി. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 234 റൺസ് നേടിയത്.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ മുംബൈക്ക് രോഹിത്തും ഇഷാൻ കിഷനും ചേർന്ന് സ്വപ്നതുല്യമായ തുടക്കാമാണ് നൽകിയത്.ഇഷാന്ത് ശർമയെറിഞ്ഞ രണ്ടാം ഓവറിൽ 14 റൺസടിച്ച് വെടിക്കെട്ട് തുടങ്ങിയ രോഹിത് ജെയ് റിച്ചാർഡ്‌സൺ എറിഞ്ഞ നാലാം ഓവറിൽ തുടർച്ചയായി സിക്‌സുകൾ പറത്തി ടോപ് ഗിയറിലായി. അക്‌സർ പട്ടേലിനെയും സിക്‌സിന് പറത്തിയ രോഹിത് പവർ പ്ലേയിൽ മുംബൈയെ 75 റൺസിലെത്തിച്ചു.
പവർ പ്ലേക്ക് പിന്നാലെ ഏഴാം ഓവറിലെ അവസാന പന്തിൽ അക്‌സർ രോഹിത്തിനെ ക്ലീൻ ബൗൾഡാക്കി. 23 പന്തിൽ 49ൽ എത്തിയ രോഹിത് പിന്നീട് മൂന്ന് പന്തുകൾ തട്ടിയിട്ടശേഷം നാലാം പന്തിൽ ബൗൾഡാവുകയായിരുന്നു. മാസങ്ങളുടെ ഇടവേളക്കുശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവിന് രണ്ട് പന്തുകളുടെ ആയുസെ ഉണ്ടായിരുന്നുള്ളു. യോർക്കറോടെ സൂര്യയെ വരവേറ്റ ആന്റിച്ച് നോർക്യ അടുത്ത പന്തിൽ സൂര്യയെ മിഡോണിൽ ഫ്രേസർ മക്ഗുർക്കിന്റെ കൈകളിലെത്തിച്ചു.
നേരിട്ട ആദ്യ പന്തിൽ തന്നെ റണ്ണൗട്ടിൽ നിന്ന് രക്ഷപ്പെട്ട ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ തുടക്കത്തിൽ തകർത്തടിച്ചെങ്കിലും പിന്നീട് പ്രതിരോധത്തിലേക്ക് പിൻവാങ്ങിയതാണ് മുംബൈ സ്‌കോർ 250 കടക്കാൻ തടസ്സമായത്. ഇഷാൻ കിഷനെ(23 പന്തിൽ 42) സ്വന്തം ബൗളിംഗിൽ ഒറ്റക്കൈയിൽ പറന്നു പിടിച്ച അക്‌സർ പിന്നീടെത്തിയ തിലക് വർമയെയും(6) ഖലീൽ അഹമ്മദിന്റെ പന്തിൽ മനോഹരമായി കൈയിലൊതുക്കിയതോടെ മുംബൈ 120-4ലേക്ക് വീണു. ഇതോടെ പ്രതിരോധത്തിലേക്ക് നീങ്ങിയ മുംബൈയെ പിന്നീട് എത്തിയ ടിം ഡേവിഡും റൊമാരിയോ ഷെപ്പേർഡും ചേർന്നാണ് 23ൽ എത്തിച്ചത്.
ഖലീൽ അഹമ്മദിനെ തുടർച്ചയായി സിക്‌സിന് പറത്തിയ ഡേവിഡ് നോർക്യയെയയും ഇഷാന്ത് ശർമയെയും സിക്‌സിന് പറത്തി. പതിനെട്ടാം ഓവറിൽ ഹാർദ്ദിക്കിനെ(33 പന്തിൽ 39) നോർക്യ മടക്കിയെങ്കിലും ഇഷാന്ത് എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 19 റൺസടിച്ച മുംബൈ നോർക്യ എറിഞ്ഞ അവസാന ഓവറിൽ 32 റൺസ് കൂടി നേടിയാണ് 234ൽ എത്തിയത്. 21 പന്തിൽ 45 റൺസുമായി ടിം ഡേവിഡും 10 പന്തിൽ മൂന്ന് ഫോറും നാലു സിക്‌സും പറത്തി 39 റൺസുമായി ഷെപ്പേർഡും പുറത്താകാതെ നിന്നു. ഡൽഹിക്കായി അക്‌സർ പട്ടേൽ 35 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ ആന്റിച്ച് നോർക്യ 65 റൺസിന് രണ്ട് വിക്കറ്റെടുത്തു.