മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ 29 റൺസിന് കീഴടക്കി സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്കായി 25 പന്തിൽ 71 റൺസടിച്ച ട്രൈസ്റ്റൻ സ്റ്റബ്‌സും 40 പന്തിൽ 60 റൺസടിച്ച പൃഥ്വി ഷായും വീരോചിതമായി പൊരുതിയെങ്കിലും 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്‌കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 234-5, ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 205-8.

മുംബൈക്കായി ജെറാൾഡ് കോയെറ്റ്‌സീ നാലു വിക്കറ്റെടുത്തപ്പോൺ ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റെടുത്തു. അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 34 റൺസായിരുന്നു. എന്നാൽ തകർത്തടിച്ച സ്റ്റബ്‌സിന് അവസാന ഓവറിൽ ഒറ്റ പന്തുപോലും നേരിടാൻ കഴിയാതിരുന്നതോടെ ഡൽഹി തോൽവി വഴങ്ങി. ഡൽഹിയുടെ ആന്റിച്ച് നോർക്യ എറിഞ്ഞ മുംബൈ ഇന്നിങ്‌സിലെ അവസാന ഓവറിൽ റൊമാരിയോ ഷെപ്പേർഡ് 32 റൺസടിച്ചതാണ് മത്സര ഫലം നിർണയിച്ചത്.

സീസണിൽ മുംബൈയുടെ ആദ്യ ജയവും ഡൽഹിയുടെ നാലാം തോൽവിയുമാണിത്. ജയത്തോടെ മംബൈ ഡൽഹിയെ അവസാന സ്ഥാനത്തേക്ക് പിന്തള്ളി ഒമ്പതാം സ്ഥാനത്തേക്ക് കയറി. ജയത്തോടെ ഐപിഎൽ ചരിത്രത്തിൽ 250 വിജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈക്ക് സ്വന്തമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് സ്‌കോർ ബോർഡിൽ 22 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ ഡേവിഡ് വാർണറെ നഷ്ടമായി. അർധ സെഞ്ചറി കണ്ടെത്തിയ പൃഥ്വി ഷായെ (40 പന്തിൽ 66) 12ാം ഓവറിൽ ജസ്പ്രീത് ബുമ്ര ക്ലീൻ ബോൾഡാക്കി. 31 പന്തിൽ 41 റൺസ് നേടിയ അഭിഷേക് പൊറൽ ടിം ഡേവിഡിന് ക്യാച്ച് നൽകി മടങ്ങി. അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്‌സ് നടത്തിയ വെടിക്കെട്ടാണ് ഡൽഹിയെ 200 കടക്കാൻ സഹായിച്ചത്. എന്നാൽ മുംബൈ ഉയർത്തിയ റൺമല മറികടക്കാൻ അതു മതിയാകുമായിരുന്നില്ല.

മധ്യ ഓവറുകളിൽ റൺനിരക്ക് കുറഞ്ഞത് ഡൽഹി ടീമിന് വിനയായി. ക്യാപ്റ്റൻ റിഷഭ് പന്ത് (1), അക്ഷർ പട്ടേൽ (8), ലളിത് യാദവ് (3), കുമാർ കുശാഗ്ര (0), ജേ റിച്ചാർഡ്‌സൻ (2) എന്നിവർ നിരാശപ്പെടുത്തുന്ന പ്രകടമാണ് പുറത്തെടുത്തത്. മുംബൈ ഇന്ത്യൻസിനായി ജെറാൾഡ് കോട്‌സീ നാല് ഓവറിൽ 34 റൺസ് വഴങ്ങി നാല് വിക്കറ്റു പിഴുതു.

പൊരുതിവീണ് ഡൽഹി

കൂറ്റൻ ലക്ഷ്യത്തിന് മുന്നിൽ ഡൽഹിക്ക് തുടക്കത്തിലെ അടിതെറ്റി. എട്ട് പന്തിൽ ഒരു സിക്‌സ് അടക്കം 10 റൺസെടുത്ത ഡേവിഡ് വാർണർ നാലാം ഓവറിൽ വീണു. എന്നാൽ പൃഥ്വി ഷായും അഭിഷേക് പോറലും മൂന്നാം വിക്കറ്റിൽ തകർത്തടിച്ചതോടെ ഡൽഹിക്ക് പ്രതീക്ഷയായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 88 റൺസടിച്ചു. 31 പന്തിൽ 41 റൺസടിച്ച പോറലിനെയും 40 പന്തിൽ 60 റൺസടിച്ച പൃഥ്വി ഷായെയും മടക്കിയ ജസ്പ്രീത് ബുമ്ര മുംബൈയെ മത്സരത്തിൽ തിരിച്ചെത്തിച്ചു. റിഷഭ് പന്ത്(3 പന്തിൽ 1 റൺസ്) നിരാശപ്പെടുത്തിയപ്പോൾ സ്റ്റബ്‌സിന്റെ പോരാട്ടം(18 പന്തിൽ 48) ഡൽഹിയുടെ തോൽവിഭാരം കുറച്ചു. മുംബൈക്കായി ബുമ്ര നാലോവറിൽ 18 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ കോയെറ്റ്‌സിയും റൊമാരിയോ ഷെപ്പേർഡും ഓരോ വിക്കറ്റും വീഴ്‌ത്തി.

മിന്നിച്ച് മുംബൈ ബാറ്റർമാർ

ഓപ്പണർമാർ തുടങ്ങിയ വെടിക്കെട്ട്, അവസാന ഓവറുകളിൽ ടിം ഡേവിഡും റൊമാരിയോ ഷെപേർഡും തുടർന്നതോടെയാണ് ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ മുംബൈ 235 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. അവസാന അഞ്ച് ഓവറുകളിൽ 96 റൺസാണ് മുംബൈ ബാറ്റർമാർ അടിച്ചുകൂട്ടിയത്. ആന്റിച് നോർജെ എറിഞ്ഞ അവസാന ഓവറിൽ മാത്രം 32 റൺസാണ് പിറന്നത്. 49 റൺസ് നേടിയ രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്‌കോറർ. ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ സൂര്യകുമാർ യാദവ് (0) നിരാശപ്പെടുത്തി. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 234 റൺസ് നേടിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്, ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ആറോവറിൽ 75 റൺസാണ് മുംബൈ ഓപ്പണർമാർ അടിച്ചുകൂട്ടിയത്. സ്‌കോർ 80ൽ നിൽക്കേ, 7ാം ഓവറിന്റെ അവസാന പന്തിൽ രോഹിത് ശർമ ക്ലീൻ ബോൾഡായി. 27 പന്തിൽ 3 സിക്‌സും 6 ഫോറും സഹിതം 49 റൺസ് നേടിയ താരത്തെ അക്ഷർ പട്ടേലാണ് കൂടാരം കയറ്റിയത്. തൊട്ടടുത്ത ഓവറിൽ റണ്ണൊന്നുമെടുക്കാതെ സൂര്യകുമാർ യാദവ് മടങ്ങി.

നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയോടൊപ്പം ഇഷാൻ കിഷൻ സ്‌കോർ ബോർഡ് ചലിപ്പിച്ചു. ഇരുവരും ചേർന്ന് 10ാം ഓവറിൽ ടീം സ്‌കോർ 100 കടത്തി. 11ാം ഓവറിൽ ഇഷാനെ തകർപ്പൻ റിട്ടേൺ ക്യാച്ചിലൂടെ മടക്കിയ അക്ഷർ പട്ടേൽ വീണ്ടും മുംബൈയ്ക്ക് പ്രഹരമേൽപിച്ചു. 23 പന്തിൽ 42 റൺസ് നേടിയാണ് താരം പുറത്തായത്. പിന്നാലെയിറങ്ങിയ തിലക് വർമയും (5 പന്തിൽ 6) നിരാശപ്പെടുത്തി. ടിം ഡേവിഡും റൊമാരിയോ ഷെപേർഡും അവസാന രണ്ടോവറിൽ തകർത്തടിച്ചതോടെ സ്‌കോർ 200 കടന്നു. ടിം ഡേവിഡ് 21 പന്തിൽ 45, ഷെപേർഡ് 10 പന്തിൽ 39 വീതം റൺസ് നേടി പുറത്താകാതെ നിന്നു.