ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കേണ്ടി വരുമെന്ന് 2022ൽ തന്നെ മുൻ ക്യാപ്റ്റൻ എം.എസ്.ധോണി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് നായകൻ ഋതുരാജ് ഗെയ്ക്വാദ്. ക്യാപ്റ്റൻസി ഏറ്റെടുക്കാനായി തയാറായിരിക്കണമെന്ന് അന്നുതന്നെ ധോണി പറഞ്ഞിരുന്നു. അതിനാൽ ഇത്തവണ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും ഋതുരാജ് പറഞ്ഞു.

ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കാൻ നേരത്തെ തന്നെ തയാറായിരുന്നു. ടീം മാനേജ്‌മെന്റ് പ്രഖ്യാപനം നടത്തിയപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും ഋതുരാജ് പറയുന്നു. കഴിഞ്ഞ ദിവസം കൊൽക്കത്തയ്‌ക്കെതിരായ മത്സര ശേഷം പ്രസന്റേഷൻ സെറിമണിയിലായിരുന്നു ചെന്നൈ ക്യാപ്റ്റൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഐപിഎൽ 2019 സീസണിന് മുമ്പാണ് ഗെയ്ക്വാദിനെ സിഎസ്‌കെ ടീമിൽ എടുത്തത്. ആ സീസണിൽ അദ്ദേഹം ഒരു കളിയും കളിച്ചില്ല, 2020 ടീമിൽ ഉൾപ്പെടുത്തിയ ശേഷം സ്ഥിരതയാർന്ന പ്രകടനമാണ് ഋതുരാജ് നടത്തുന്നത്. ഒരു തവണ റൺവേട്ടയിൽ മുന്നിലെത്തി ഓറഞ്ച് തൊപ്പി കൈവശം വയ്ക്കുകയും രണ്ട് കിരീട വിജയങ്ങളിൽ നിർണായകമാകുകയും ചെയ്തിരുന്നു.

"ക്യാപ്റ്റൻസി മാറുന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളൊന്നും ടീം ക്യാംപിൽ ഉണ്ടായിരുന്നില്ല. ചെന്നൈ ടീമിനകത്ത് എപ്പോഴും ലളിതമായാണ് കാര്യങ്ങൾ നടക്കുന്നത്. എന്നാൽ പുറത്തുനിന്ന് നോക്കുന്നവർക്ക് എന്തൊക്കെയോ വലിയ കാര്യം നടക്കുന്നതു പോലെ തോന്നിയേക്കാം. 2022ൽ തന്നെ ധോണി എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. അടുത്ത സീസണില്ല, പക്ഷേ അതു കഴിഞ്ഞ് ക്യാപ്റ്റൻസി ഏറ്റെടുക്കേണ്ടിവരുമെന്നും അതിനു തയാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതുപ്രകാരം ഞാൻ നേരത്തെ തന്നെ തയാറായിരുന്നു. ടീം മാനേജ്‌മെന്റ് പ്രഖ്യാപനം നടത്തിയപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല" ഋതുരാജ് പറഞ്ഞു.

ഐപിഎൽ 17ാം സീസൺ ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ് ധോണി ചെന്നൈയുടെ ക്യാപ്റ്റൻസി ഒഴിഞ്ഞത്. പിന്നാലെ ഋതുരാജിനെ പുതിയ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. 2022ൽ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയെങ്കിലും തുടർ തോൽവികളുടെ പശ്ചാത്തലത്തിൽ ധോണി തന്നെ നായകത്വം ഏറ്റെടുക്കുകയായിരുന്നു. അഞ്ച് കിരീടങ്ങൾ ടീമിന് നേടിക്കൊടുത്ത എം എസ് ധോണിയോട് ചെന്നൈ സൂപ്പർ കിങ്‌സ് അധികൃതർക്കും ആരാധകർക്കും വൈകാരികമായ അടുപ്പമാണുള്ളത്. ഇത്തവണയും ധോണി നയിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി നായക സ്ഥാനം ഋതുരാജിന് വിട്ടുനൽകിയത്. ഋതുരാജിനു കീഴിൽ അഞ്ചു മത്സരങ്ങൾ കളിച്ച ചെന്നൈ മൂന്നെണ്ണത്തിൽ ജയിച്ച് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്. 14ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.