ചണ്ഡീഗഢ്: ഐപിഎല്ലിലെ അവസാന ഓവർ ത്രില്ലറിൽ പഞ്ചാബ് കിങ്‌സിനെതിരെ തോറ്റെന്നുറപ്പിച്ച മത്സരത്തിൽ രണ്ട് റൺസിന് ജയം പിടിച്ചുവാങ്ങി സൺറൈസേഴ്‌സ് ഹൈദരബാദ്. അവസാന ഓവറിലെ ബാറ്റിങ് വെടിക്കെട്ടോടെ ശശാങ്ക് സിങ്ങും അശുതോഷ് ശർമയും ആരാധകരെ ആവേശത്തിലാക്കിയെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദിനോട് രണ്ടു റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു പഞ്ചാബ് കിങ്സ്.

ഗുജറാത്തിനെതിരായ മത്സരത്തിലെ താരങ്ങളായ ശശാങ്ക് സിങ്ങും അശുതോഷ് ശർമയും തന്നെയാണ് ഇത്തവണ അവസാന ഓവറുകളിൽ ഹൈദരാബാദിന്റെയും ചങ്കിടിപ്പേറ്റിയത്. ജയ്ദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറിൽ 29 റൺസായിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 26 റൺസെടുക്കാനേ ഇരുവർക്കുമായുള്ളൂ. അനായാസ ജയമെച്ചെന്നുറപ്പിച്ച ഹൈദരാബാദിന്റെ നെഞ്ചിൽ തീ കോരിയിട്ടാണ് പഞ്ചാബിന്റെ കീഴടങ്ങൽ. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തിൽ 180 റൺസിലൊതുങ്ങി. അഞ്ചു മത്സരങ്ങളിൽ ഹൈദരാബാദിന്റെ മൂന്നാം ജയമാണിത്.

ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്‌സ് അടിച്ച അശുതോഷ് പഞ്ചാബിന് പ്രതീക്ഷ നൽകി. ക്യാച്ചെടുക്കാവുന്ന പന്താണ് നിതീഷ് റെഡ്ഡിയുടെ കൈകൾക്കിടയിലൂടെ സിക്‌സ് ആയത്. അടുത്ത രണ്ട് പന്തും വൈഡായി. രണ്ടാം പന്തിൽ വീണ്ടും അശുതോഷ് ശർമയുടെ സിക്‌സ്. ഇത്തവണ അബ്ദുൾ സമദിന്റെ കൈകൾക്കിടയിലൂടെ പന്ത് സിക്‌സായി. അടുത്ത രണ്ട് പന്തിലും രണ്ട് റൺസ് വീതം അശുതോഷ് ശർമയും ശശാങ്ക് സിംഗും ഓടിയെടുത്തു. അഞ്ചാം പന്ത് വൈഡായി. ഇതോടെ ലക്ഷ്യം രണ്ട് പന്തിൽ 10 റൺസായി.

അഞ്ചാം പന്തിൽ അശുതോഷ് ശർമ നൽകിയ അനായാസ ക്യാച്ച് രാഹുൽ ത്രിപാഠി നിലത്തിട്ടു. ഇതോടെ ലക്ഷ്യം ഒരു പന്തിൽ 9 റൺസായി. ഉനദ്ഘട്ടിന്റെ അവസാന പന്ത് ശശാങ്ക് സിങ് സിക്‌സിന് പറത്തിയെങ്കിലും ഹൈദരാബാദ് രണ്ട് റൺസിന്റെ വിജയം നേടി. സ്‌കോർ സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 182-9, പഞ്ചാബ് കിങ്‌സ് 20 ഓവറിൽ 180-6

15.3 ഓവറിൽ ആറിന് 114 റൺസെന്ന നിലയിൽ നിന്നാണ് ശശാങ്ക് - അശുതോഷ് സഖ്യം മത്സരം ആവേശകരമാക്കിയത്. 25 പന്തുകൾ നേരിട്ട ശശാങ്ക് ഒരു സിക്സും ആറ് ഫോറുമടക്കം 46 റൺസോടെ ടോപ് സ്‌കോററായപ്പോൾ അശുതോഷ് 15 പന്തിൽ നിന്ന് രണ്ടു സിക്സും മൂന്ന് ഫോറുമടക്കം 33 റൺസോടെ പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 66 റൺസാണ് മത്സരത്തെ ആവേശത്തിലാക്കിയത്.

ജോണി ബെയർസ്റ്റോ (0), പ്രഭ്സിമ്രാൻ സിങ് (4), ക്യാപ്റ്റൻ ശിഖർ ധവാൻ (14) എന്നിവർ ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ പവലിയനിൽ തിരിച്ചെത്തിയതോടെ പഞ്ചാബ് പ്രതിരോധത്തിലായിരുന്നു. തുടർന്ന് സാം കറനും സിക്കന്ദർ റാസയും ചേർന്നുള്ള രക്ഷാപ്രവർത്തനം. എന്നാൽ 22 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 29 റൺസെടുത്ത കറനെ പുറത്താക്കി നടരാജൻ ഹൈദരാബാദിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. അധികം വൈകാതെ 22 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 28 റൺസുമായി റാസയും മടങ്ങിയതോടെ കളി വീണ്ടും ഹൈദരാബാദിന്റെ വരുതിയിലായി. പിന്നാലെ 11 പന്തിൽ നിന്ന് 19 റൺസെടുത്ത ജിതേഷ് ശർമ സ്‌കോർ ഉയർത്താനുള്ള ശ്രമത്തിൽ പുറത്തായി. എന്നാൽ തുടർന്നായിരുന്നു ശശാങ്ക് - അശുതോഷ് കൂട്ടുകെട്ടിന്റെ പിറവി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഹൈദരാബാദ് ടീം 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തിരുന്നു. നാല് ഓവറിൽ 29 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ഇടംകൈയൻ പേസർ അർഷ്ദീപ് സിങ്ങാണ് പേരുകേട്ട ഹൈദരാബാദ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. സാം കറനും ഹർഷൽ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ബാറ്റിങ് തകർച്ചയ്ക്കിടെ നാലാമനായി ക്രീസിലെത്തി 37 പന്തിൽ നിന്ന് അഞ്ച് സിക്‌സും നാല് ഫോറുമടക്കം 64 റൺസെടുത്ത നിതിഷ് റെഡ്ഡിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

15 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 21 റൺസെടുത്ത് ഭേദപ്പെട്ട തുടക്കമിട്ട ട്രാവിസ് ഹെഡിനെ നാലാം ഓവറിൽ മടക്കിയാണ് അർഷ്ദീപ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അതേ ഓവറിലെ നാലാം പന്തിൽ ഏയ്ഡൻ മാർക്രവും (0) അർഷ്ദീപിനു മുന്നിൽ വീണു. പിന്നാലെ 11 പന്തിൽ നിന്ന് 16 റൺസെടുത്ത അഭിഷേക് ശർമയെ പുറത്താക്കി സാം കറനും വിക്കറ്റ് വേട്ടയിൽ പങ്കാളിയായി. തകർച്ചയ്ക്കിടെ ഇംപാക്റ്റ് പ്ലെയറായി രാഹുൽ ത്രിപാഠിയെ കൊണ്ടുവന്ന തീരുമാനവും പാളി. 14 പന്തിൽ നിന്ന് 11 റൺസുമായി യാതൊരു ഇംപാക്റ്റും ഉണ്ടാക്കാനാകാതെ താരം മടങ്ങി.

കഴിഞ്ഞ മത്സരങ്ങളിൽ തല്ലുവാങ്ങിയെങ്കിലും വെടിക്കെട്ട് വീരൻ ഹെന്റിച്ച് ക്ലാസനെ (9) പുറത്താക്കി ഹർഷൽ പട്ടേൽ കളി പഞ്ചാബിന്റെ വരുതിയിലാക്കി. ആറാം വിക്കറ്റിൽ നിതീഷ് - അബ്ദുൾ സമദ് സഖ്യം കൂട്ടിച്ചേർത്ത 50 റൺസാണ് ഹൈദരാബാദ് സ്‌കോർ 150 കടത്തിയത്. 12 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 25 റൺസെടുത്ത സമദിനെ 17-ാം ഓവറിൽ പുറത്താക്കി അർഷ്ദീപ് രക്ഷയ്‌ക്കെത്തി. അതേ ഓവറിലെ അഞ്ചാം പന്തിൽ നിതീഷും അർഷ്ദീപിനു മുന്നിൽ വീണു. ഏഴു പന്തിൽ നിന്ന് 14 റൺസോടെ പുറത്താകാതെ നിന്ന ഷഹബാസ് അഹമ്മദാണ് ഹൈദരാബാദ് സ്‌കോർ 182-ൽ എത്തിച്ചത്.