- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വന്റി20 ലോകകപ്പ് ടീമിൽ ഹാർദിക് പാണ്ഡ്യ വേണ്ടെന്ന് വെങ്കിടേഷ് പ്രസാദ്
മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ കളിപ്പിക്കേണ്ടതില്ലെന്നും അവസരം നൽകേണ്ടത് സ്പിന്നർമാർക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ശിവം ദുബെയ്‌ക്കെന്നും മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. പാണ്ഡ്യയെ പുറത്തിരുത്തി ഓൾ റൗണ്ടർ ശിവം ദുബെ, റിങ്കു സിങ് എന്നിവരെ സൂര്യകുമാർ യാദവിനൊപ്പം കളിപ്പിക്കണമെന്നാണ് വെങ്കടേഷ് പ്രസാദ് എക്‌സ് പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കിയത്. ട്വന്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് വെങ്കടേഷ് പ്രസാദ് പാണ്ഡ്യയില്ലാത്ത ടീമിനെ കളിപ്പിക്കണമെന്ന നിലപാടെടുത്തത്.
"സ്പിന്നർമാരെ മികച്ച രീതിയിലാണ് ശിവം ദുബെ കൈകാര്യം ചെയ്യുന്നത്. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് സൂര്യ, ഫിനിഷിങ്ങിൽ റിങ്കു സിങ്ങും മിടുക്കനാണ്. ട്വന്റി20 ടീമിൽ ഇവർ മൂന്നു പേരും പ്ലേയിങ് ഇലവനിൽ വരണം. വിരാട് കോലിയും രോഹിത് ശർമയും ഉണ്ടാകും. വിക്കറ്റ് കീപ്പർ ബാറ്ററുടെ സ്ഥാനം മാത്രമാണു പിന്നെ ബാക്കിയുണ്ടാകുക." വെങ്കടേഷ് പ്രസാദ് പ്രതികരിച്ചു.
ടീം ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റിൽ ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ എന്നിവരുടെ സ്ഥാനത്തെക്കുറിച്ച് വെങ്കടേഷ് പ്രസാദ് പ്രതികരിച്ചിട്ടില്ല. ട്വന്റി20 ലോകകപ്പിൽ ആര് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുമെന്ന് ഇതുവരെ വ്യക്തമല്ല. നിലവിൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസൺ, ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത് എന്നിവർക്കും ടീമിൽ ഇടം ലഭിക്കാൻ സാധ്യതയുണ്ട്.
പ്ലേയിങ് ഇലവനിൽ ഫോമിലുള്ള കളിക്കാർക്ക് അവസരം നൽകാൻ സെലക്ഷൻ കമ്മിറ്റി ചെയർമാർ അജിത് അഗാർക്കർ ധൈര്യം കാട്ടണമെന്നാണ് വെങ്കടേഷ് പ്രസാദിന്റെ പക്ഷം. സ്പിന്നർമാർക്കെതിരെ ശിവം ദുബെ കാണിക്കുന്ന മികവ് കണക്കിലെടുത്ത് ദുബെയെ ലോകകപ്പ് ടീമിലെടുത്താൽ മാത്രം പോര പ്ലേയിങ് ഇലവനിൽ കളിപ്പിക്കുകയും വേണമെന്ന് വെങ്കടേഷ് പ്രസാദ് പറഞ്ഞു.
സ്പിന്നർമാർക്കെതിരെ തകർത്തടിക്കുന്നത് കാണുമ്പോൾ ശിവം ദുബെ എന്തായാലും പ്ലേയിങ് ഇലവനിൽ വേണം. സൂര്യകുമാർ ലോകത്തിലെ ഒന്നാം നമ്പർ ടി20 ക്രിക്കറ്ററാണ്. റിങ്കു സിംഗാകട്ടെ അസാമാന്യ ഫിനിഷറും. ഈ മൂന്നുപേരും പ്ലേയിങ് ഇലവനിൽ കളിച്ചാൽ ഇവർക്കൊപ്പം രോഹിത് ശർമയും വിരാട് കോലിയും കൂടി ചേരുമ്പോൾ പിന്നെ ഒരു വിക്കറ്റ് കീപ്പർ ബാറ്ററുടെ ഒഴിവ് മാത്രമാണ് ബാറ്റിങ് നിരയിലുണ്ടാകുക. എങ്ങനെയാണ് ടീം സെലക്ഷൻ വരിക എന്ന് കാത്തിരുന്ന് കാണാമെന്നും വെങ്കടേഷ് പ്രസാദ് ട്വീറ്റിൽ പറഞ്ഞു.
ഹാർദ്ദിക് ഇല്ലാത്ത പ്ലേയിങ് ഇലവനാണ് വെങ്കടേഷ് പ്രസാദ് മുന്നോട്ടുവെച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രസാദ് തെരഞ്ഞെടുത്ത ടീമിൽ ഓപ്പണറായി യശസ്വി ജയ്‌സ്വാളോ ശുഭ്മാൻ ഗില്ലോ കൂടി എത്തിയാൽ പിന്നാട് ബാറ്റിങ് നിരയിൽ മറ്റൊരു താരത്തിനും അവസരമുണ്ടാകില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ പ്രാഥമിക സ്‌ക്വാഡിനെ സെലക്ഷൻ കമ്മിറ്റി ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
മെയ് ഒന്നിന് മുമ്പ് ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിക്കണമെന്നതിനാൽ ഈ മാസം അവസാനം ഇന്ത്യ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തേക്കും. മെയ് 25വരെ ടീമിൽ മാറ്റം വരുത്താൻ അവസരമുണ്ട്.
ഇത്തവണ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. സ്ലോ പിച്ചാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ ആരൊക്കെ ഉൾപ്പെടുമെന്നതാണ് കണ്ടറിയേണ്ടത്. ഓപ്പണിങ്ങിൽ ആരൊക്കെ? വിക്കറ്റ് കീപ്പർ സ്ഥാനത്ത് ആര്? ബൗളിങ്ങിൽ നിരയിൽ ആരൊക്കെ തുടങ്ങി നിരവധി ആശയക്കുഴപ്പങ്ങളാണ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളത്.
വിരാട് കോലിയുടെ സ്ഥാനം ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ഐപിഎല്ലിലെ റൺവേട്ടക്കാരിൽ ഒന്നാമനായി കോലി കുതിക്കുകയാണ്. ഈ സീസണിലെ ആദ്യ സെഞ്ച്വറിയും കോലി സ്വന്തമാക്കിക്കഴിഞ്ഞു. എന്നാൽ കോലിയുടെ സ്ട്രൈക്ക് റേറ്റ് മോശമാണ്. 150ൽ താഴെയാണ് കോലിയുടെ സ്ട്രൈക്ക് റേറ്റ്. അതുകൊണ്ടുതന്നെ കോലി ടി20 ലോകകപ്പിൽ വേണോയെന്ന ചോദ്യം ഇതിനോടകം ശക്തമായി ഉയരുന്നുണ്ട്. അതേ സമയം കോലി അനുഭവസമ്പന്നനായ താരമാണ്.
അതുകൊണ്ടുതന്നെ കോലിയെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതൽ. ഒറ്റക്ക് മത്സരഫലത്തെ മാറ്റി മറിക്കാൻ കോലിക്ക് ശേഷിയുണ്ട്. നായകനായും ഓപ്പണറായും രോഹിത് ശർമ ഉണ്ടാകുമെന്ന് നേരത്തെ ബിസിസി ഐ വൃത്തങ്ങളടക്കം വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.
മോശം സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന രാഹുലിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്നുറപ്പാണ്. രാഹുലിനെ കളിപ്പിച്ചാൽ ബാക്കപ്പ് ഓപ്പണറാക്കാം. എന്നാൽ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് മോശമാണെന്നിരിക്കെ ഇന്ത്യ പരിഗണിച്ചേക്കില്ല. പേസ് നിരയിലും ആശങ്കകളുണ്ട്. മുഹമ്മദ് സിറാജ് തല്ലുകൊള്ളിയാണ്. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരോടൊപ്പം ആരൊക്കെയാണ് വേണ്ടതെന്നതാണ് പ്രസക്തമായ ചോദ്യം.
ദീപക് ചഹാർ അവസരം തേടുന്നു. സ്പിൻ നിരയിൽ കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, രവി ബിഷ്നോയ് എന്നിവരെല്ലാം അവസരത്തിനായി കാത്തിരിക്കുന്നു. ഇതിൽ നിന്ന് ആരെയൊക്കെ പരിഗണിക്കുമെന്നതാണ് കണ്ടറിയേണ്ടത്.