മുംബൈ: മുംബൈ ഇന്ത്യൻസിലെ പടലപ്പിണക്കവും തമ്മിലടിയും രൂക്ഷമായതോടെ അടുത്ത ഐപിഎൽ മെഗാ താരലേലത്തിൽ രോഹിത് ശർമ ടീം വിടുമോ എന്ന ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെ ഇന്ത്യൻ നായകനെ സ്വന്തമാക്കാൻ ഏല്ലാ ടീമുകളും രംഗത്ത്. ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് കരുതുന്ന ഐപിഎൽ മെഗാ താരലലേത്തിൽ എട്ട് കളിക്കാരെ വരെ നിലനിർത്താൻ അനുവദിക്കണണെന്ന് ടീമുകൾ ഐപിഎൽ ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന് ഇതുവരെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ല.

നിലവിൽ മെഗാ താരലലേത്തിന് മുമ്പ് നാലു കളിക്കാരെ മാത്രമാണ് ഒരു ടീമിന് നിലനിർത്താനാവുക. നിലവിലെ സാഹചര്യത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെ നിലനിർത്തുമെന്നാണ് കരുതുന്നത്. മുംബൈ നിലനിർത്തുന്ന നാലാമത്തെ കളിക്കാരൻ രോഹിത് അകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. രോഹിത് ശർമയെ ടീമിലെത്തിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പരിശീലകൻ ജസ്റ്റിൻ ലാംഗർ കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞതും ഇതിനോട് ചേർത്ത് വായിക്കണം.

ഒരു അഭിമുഖത്തിലെ ചോദ്യത്തിലാണ് ലാംഗർ ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കിയത്."ഞങ്ങൾ രോഹിത്തിനെ മുംബൈയിൽനിന്നു സ്വന്തമാക്കാൻ പോകുകയാണ്. നിങ്ങൾ ഇടനിലക്കാരനായാൽ നന്നാകും?" എന്നായിരുന്നു ലാംഗറുടെ പ്രതികരണം. രോഹിത് ശർമ വർഷങ്ങൾക്കു ശേഷം താരലേലത്തിൽ പങ്കെടുക്കാൻ തയാറായാൽ സ്വന്തമാക്കുന്നതിനായി ടീമുകൾ തമ്മിൽ വലിയ പോരാട്ടം തന്നെ നടക്കുമെന്ന് ഉറപ്പാണ്.

ഡൽഹി ക്യാപിറ്റൽസും രോഹിത്തിൽ താൽപര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് മുമ്പ് ഡൽഹി ടീം ഉടമ പാർത്ഥ ജിൻഡാലുമായും ക്യാപ്റ്റൻ റിഷഭ് പന്തുമായും രോഹിത് ചർച്ച നടത്തിയതാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായത്. മെഗാ താരലേലത്തിനെത്തിയാൽ രോഹിത് ഏറ്റവും കൂടുതൽ ടീമുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കളിക്കാരനാകുമെന്നുറപ്പണ്.

ഒരുപക്ഷെ രോഹിത് ഐപിഎൽ ലേലത്തിലെ റെക്കോർഡുകൾ തകർക്കാനും സാധ്യതയുണ്ട്. എന്നാൽ ഐപിഎല്ലിന് പിന്നാലെ ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം രോഹിത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാകും എന്നാണ് കരുതുന്നത്.

ഏത് ടീമും ആഗ്രഹിക്കുന്ന നായകനാണ് രോഹിത് ശർമയെന്നും കുറച്ചു കൂടി നല്ല പരിഗണന നൽകുന്ന ടീമിലേക്ക് രോഹിത്തിന് പോകാവുന്നതാണെന്നും മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ അംബാട്ടി റായുഡു ഇന്ന് സ്റ്റാർ സ്‌പോർട്‌സിലെ ചർച്ചയിൽ പറഞ്ഞിരുന്നു. ഈ വർഷം ഡിസംബറിലാകും ഐപിഎൽ മെഗാ താരലേലം നടക്കുക എന്നാണ് റിപ്പോർട്ട്.

2011ലാണ് രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ ചേരുന്നത്. പിന്നീട് 13 സീസണുകളിലായി, മുംബൈയുടെ അഞ്ച് കിരീട നേട്ടങ്ങളുടെ ഭാഗമായി. 2024 സീസണിനു തൊട്ടുമുൻപാണ് രോഹിത് ശർമയെ മുംബൈ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയത്. പകരക്കാരനായി ഹാർദിക് പാണ്ഡ്യയെയാണ് ടീം മാനേജ്‌മെന്റ് നിയമിച്ചത്. താരത്തിന്റെ തീരുമാനങ്ങളിൽ പലതും രോഹിത് ശർമയ്ക്ക് രസിച്ചിട്ടില്ലെന്നാണു വിവരം. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ ഈ സീസൺ അവസാനിക്കുന്നതോടെ മുംബൈ വിടാൻ വഴിയൊരുങ്ങും.