ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 197 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റിയാൻ പരാഗിന്റെയും ക്യാപ്റ്റൻ സഞ്ജു സാസണിന്റെയും അർധസെഞ്ചുറികളുടെ മികവിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ 130 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു - പരാഗ് സഖ്യമാണ് രാജസ്ഥാൻ ഇന്നിങ്സിന്റെ നട്ടെല്ല്.

തുടക്കത്തിൽ വേഗം കുറഞ്ഞ, ഒന്നാം ഇന്നിങ്സ് ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ റാഷിദ് ഖാൻ അടക്കമുള്ള ബൗളർമാരെ അർഹിച്ച ബഹുമാനത്തോടെ കളിച്ച ഇരുവരും പിന്നീട് ഗിയർ മാറ്റുകയായിരുന്നു. വിക്കറ്റ് കളയാതെ പിടിച്ചുനിന്ന ഇരുവരും പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ ബാറ്റുവീശി.

48 പന്തിൽ 76 റൺസെടുത്ത റിയാൻ പരാഗ് ഒരിക്കൽ കൂടി രാജസ്ഥാന്റെ ടോപ് സ്‌കോററായപ്പോൾ മൂന്നാമനായി ഇറങ്ങി 38 പന്തിൽ 68 റൺസെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. റിയാൻ പരാഗ് ആണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ റൺസെടുത്തു. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാൻ നാലോവറിൽ 18 റൺസിന് ഒരു വിക്കറ്റെടുത്തു.

കഴിഞ്ഞ നാലു ഇന്നിങ്‌സിലെയും നിരാശ മാറ്റാനിറങ്ങിയ യശസ്വി ജയ്സ്വാളും കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി തിളക്കത്തിലിറങ്ങയ ജോസ് ബട്ലറും പവർ പ്ലേയ കഴിയും മുമ്പെ ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി. കരുതലോടെ തുടങ്ങിയ യശസ്വി അഞ്ചാം ഓവറിൽ ഉമേഷ് യാദവിന്റെ പന്ത് സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ കൈകളിലൊതുങ്ങി. 19 പന്തിൽ അഞ്ച് ബൗണ്ടറി അടക്കം 24 റൺസാണ് യശസ്വി നേടിയത്. കഴിഞ്ഞ കളിയിലെ ഫോമിന്റെ നിഴൽ മാത്രമായിരുന്ന ബട്ലർ പവർ പ്ലേയിലെ അവസാന ഓവറിൽ റാഷിദ് ഖാന്റെ പന്തിൽ സ്ലിപ്പിൽ രാഹുൽ തെവാട്ടിയക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 10 പന്തിൽ എട്ട് റൺസായിരുന്നു ബട്ലറുടെ നേട്ടം.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന റിയാൻ പരാഗ്-സഞ്ജു സാംസൺ കൂട്ടുകെട്ടാണ് രാജസ്ഥാന്റെ കളി മാറ്റിയത്. ആദ്യം കരുതലോടെയായിരുന്നു ഇരുവരും തുടങ്ങിയത്. രണ്ട് തവണ റാഷിദ് ഖാന്റെ പന്തിൽ പരാഗിനെ മാത്യു വെയ്ഡ് രണ്ട് തവണ കൈവിട്ടതിന് ഗുജറാത്ത് വലിയ വില നൽകേണ്ടിവന്നു.

തുടക്കത്തിൽ പിന്തുണക്കാരന്റെ റോളിൽ കളിച്ച സഞ്ജു ഫോമിലുള്ള പരാഗിന് സ്‌ട്രൈക്ക് നൽകാനാണ് ശ്രമിച്ചത്. നൂർ അഹമ്മദിനെയും മോഹിത് ശർമയെയും സിക്‌സിന് പറത്തിയ പരാഗ് 34 പന്തിൽ അർധസെഞ്ചുറിയിലെത്തി. പതിമൂന്നാം ഓവറിൽ സ്‌പെൻസർ ജോൺസണെ സിക്‌സിനും ബൗണ്ടറികൾക്കും പറത്തി സഞ്ജുവും ടോപ് ഗിയറിലായി. 31 പന്തിൽ സഞ്ജു സീസണിലെ മൂന്നാം അർധസെഞ്ചുറി തികച്ചു.

പത്തൊമ്പതാം ഓവറിൽ മോഹിത് ശർമയെ സിക്‌സിന് പറത്തിയ പരാഗ് അതേ ഓവറിൽ വിജയ് ശങ്കറിന് ക്യാച്ച് നൽകി മടങ്ങി. 48 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് പരാഗ് 76 റൺസടിച്ചത്. അവസാന ഓവറുകളിൽ ഹെറ്റ്‌മെയറും(4 പന്തിൽ 12*) സഞ്ജുവും അടിച്ചു തകർത്തതോടെ രാജസ്ഥാൻ 190 റൺസിലെത്തി.ഗുജറാത്തിനായി റാഷിദ് ഖാൻ നാലോവറിൽ 18 റൺസിന് ഒരു വിക്കറ്റെടുത്തു. മഴ കാരണം,10 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്.