ചെന്നൈ: മകളുടെ സ്‌കൂൾ ഫീസ് അടച്ചില്ലെങ്കിലും കടം വാങ്ങിയ പണം ചെലവാക്കി ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ നിന്നും സ്വന്തമാക്കി മൂന്ന് മക്കളുമായി എം എസ് ധോണിയെ കാണാനെത്തിയ യുവാവിനെ അനുകൂലിച്ചും എതിർത്തും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച. എം.എസ്. ധോണിയുടെ കടുത്ത ആരാധകനായ യുവാവാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ കളി കാണാൻ 64,000 രൂപ കൊടുത്തു ടിക്കറ്റെടുത്തത്. കടം വാങ്ങിയ പണം കൊണ്ടാണ് ഇയാൾ കരിഞ്ചന്തയിൽ ടിക്കറ്റ് വാങ്ങിയത്.

ഒരു പ്രാദേശിക മാധ്യമത്തോടു സംസാരിക്കവെയാണ് മകളുടെ സ്‌കൂൾ ഫീസ് അടയ്ക്കാൻ പോലും കയ്യിൽ പണമില്ലെന്ന് യുവാവ് വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഒരിക്കലെങ്കിലും എം.എസ്. ധോണിയുടെ ബാറ്റിങ് കാണണമെന്നതാണു തന്റെ ആഗ്രഹമെന്നും യുവാവ് അഭിമാനത്തോടെ പറയുന്നു. യുവാവ് തന്റെ മൂന്നു മക്കളെയും കളി കാണാൻ സ്റ്റേഡിയത്തിലെത്തിച്ചു. ധോണി ബാറ്റിങ്ങിനിറങ്ങിയപ്പോൾ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലിരുന്ന് തുള്ളിച്ചാടുകയായിരുന്നെന്നും യുവാവ് വ്യക്തമാക്കി.

യുവാവിന്റെ നീക്കത്തെ അനുകൂലിച്ചും എതിർത്തും സമൂഹമാധ്യമത്തിൽ ശക്തമായ ചർച്ചകളാണു നടക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് വിജയമുറപ്പിച്ച ശേഷമാണ് ധോണി ബാറ്റിങ്ങിനായി ഗ്രൗണ്ടിലെത്തിയത്. ചെന്നൈ സൂപ്പർ കിങ്‌സ് ഏഴു വിക്കറ്റു വിജയമാണു മത്സരത്തിൽ സ്വന്തമാക്കിയത്.

ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.4 ഓവറിൽ മൂന്നു വിക്കറ്റിനു ചെന്നൈ വിജയത്തിലെത്തി. 14 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ചെന്നൈയുടെ വിജയം. മത്സരത്തിൽ മൂന്നു പന്തുകൾ മാത്രം നേരിട്ട ധോണി ഒരു റണ്ണുമായി പുറത്താകാതെനിന്നു.