- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരാളികൾക്ക് ഹസ്തദാനം പോലും നൽകാതെ തലകുനിച്ച് ഒറ്റക്ക് തിരിച്ചു നടന്ന് രോഹിത്
മുംബൈ: ഐപിഎല്ലിൽ അപരാജിത സെഞ്ചുറിയുമായി അവസാനംവരെ പൊരുതിയിട്ടും മുംബൈ ഇന്ത്യൻസ് തോറ്റതിൽ നിരാശനായി മുൻ നായകൻ രോഹിത് ശർമ. മത്സരശേഷം ഡഗ് ഔട്ടിൽ നിന്ന് ഗ്രൗണ്ടിലേക്ക് വന്ന ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾക്ക് ഹസ്തദാനം നൽകാൻ പോലും നിൽക്കാതെ തലകുനിച്ച് ഒറ്റക്ക് നടന്നു നീങ്ങുകയായിരുന്നു. മത്സരം തോറ്റതിൽ രോഹിത് തീർത്തും നിരാശനായിരുന്നുവെന്ന് ആ മുഖം വ്യക്തമാക്കുന്നു.
ഇതാദ്യമായാണ് രോഹിത് നോട്ടൗട്ടായി നിന്നിട്ടും മുംബൈ ഒരു മത്സരം തോൽക്കുന്നത്. ഇതിന് മുമ്പ് 18 തവണയും രോഹിത് നോട്ടൗട്ടായി നിന്ന മത്സരങ്ങളിലെല്ലാം മുംബൈ ജയിച്ചിട്ടുണ്ട്. ഇതിന് പുറമെ റൺചേസിൽ ഒരു ബാറ്റർ അപരാജിത സെഞ്ചുറിയുമായി നിന്നിട്ടും ടീം തോൽക്കുന്നതും ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ്.
207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്കായി രോഹിത് 63 പന്തിൽ 105 റൺസുമായി പുറത്താകാതെ നിന്നിരുന്നു. മുംബൈ തോൽവി ഉറപ്പിച്ചശേഷമായിരുന്നു രോഹിത് സെഞ്ചുറി പൂർത്തിയാക്കിയത് എന്നതിനാൽ പതിവ് സെഞ്ചുറി ആഘോഷങ്ങളൊന്നും രോഹിത് നടത്തിയില്ല. കാണികളെ നോക്കി ബാറ്റുയർത്താൻ പോലും രോഹിത് തയാറായിരുന്നില്ല.
105 റൺസെടുത്ത രോഹിത്തിന് പുറമെ തിലക് വർമയും(20 പന്തിൽ 31) ഇഷാൻ കിഷനും(15 പന്തിൽ 23) മാത്രമാണ് മുംബൈക്കായി പൊരുതിയുള്ളു. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ(ആറ് പന്തിൽ രണ്ട് റൺസ്), ടിം ഡേവിഡ്(5 പന്തിൽ 13 റൺസ്), റൊമാരിയോ ഷെപ്പേർഡ്(2 പന്തിൽ 1 റൺസ്), സൂര്യകുമാർ യാദവ്(0) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെയാണ് മുംബൈ തോൽവി വഴങ്ങിയത്.
രോഹിത് ശർമ 63 പന്തിൽ 105 റൺസ് നേടിയപ്പോൾ മറ്റ് ബാറ്റർമാർ 57 പന്തിൽ നിന്നും നേടിയത് 81 റൺസ് മാത്രമാണ് നേടിയത്. 12 ഓവർ പിന്നിട്ടപ്പോൾ രോഹിതിന്റെ സ്‌കോർ 43 പന്തിൽ 74 റൺസായിരുന്നു. മുംബൈ ആകട്ടെ 118ന് രണ്ട് എന്ന നിലയിലും. അപ്പോൾ മുംബൈയ്ക്ക് ജയിക്കാൻ വേണ്ടത് എട്ട് ഓവറിൽ 89 റൺസ് (റിക്വേഴ്ഡ് റേറ്റ് 11.12) മതിയായിരുന്നു. എന്നാൽ രോഹിതിന് സ്‌ട്രൈക്ക് കൈമാറുന്നതിൽ സഹതാരങ്ങൾ വീഴ്ചവരുത്തിയതോടെയാണ് മത്സരം കൈവിട്ടത്. വിക്കറ്റുകൾ വീണതും തിരിച്ചടിയായി.
അവസാന എട്ട് ഓവറിൽ രോഹിത്ത് നേടിയത് 20 പന്തിൽ 31 റൺസ്. മറ്റു ബാറ്റേഴ്സ് എല്ലാരും ചേർന്ന് നേടിയത് 28 പന്തിൽ 37 റൺസ്. അതിൽ 4 പേർ പുറത്താകുകയും ചെയ്തു .. ചെന്നൈ സൂപ്പർ കിങ്സ് ബൗളേഴ്സിന്റെ മികവ് എടുത്തു പറയുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച് നിൽക്കുന്ന രോഹിതിന് കൂടുതൽ സ്ട്രൈക്ക് നൽകി കളി മുന്നോട്ട് കൊണ്ട് പോകുന്നതിൽ മുംബൈ ബാറ്റേഴ്സും പരാജയപ്പെട്ടു.
തോൽവിക്കു ശേഷം നിരാശയോടെ ഗ്രൗണ്ട് വിടുന്ന രോഹിത് ശർമയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. 37ാം വയസ്സിലാണ് രോഹിത് ഐപിഎല്ലിലെ രണ്ടാം സെഞ്ചറി പൂർത്തിയാക്കിയത്. മത്സരത്തിന്റെ 20ാം ഓവറിൽ ബൗണ്ടറി നേടി സെഞ്ചറി പൂർത്തിയാക്കിയപ്പോൾ, നോൺ സ്‌ട്രൈക്കറായിരുന്ന മുഹമ്മദ് നബിക്ക് ഷെയ്ക് ഹാൻഡ് നൽകുക മാത്രമാണ് രോഹിത് ചെയ്തത്.
61 പന്തുകളിൽനിന്നാണ് രോഹിത് സെഞ്ചറിയിലെത്തിയത്. 63 പന്തുകൾ നേരിട്ട രോഹിത് 105 റൺസെടുത്തു പുറത്താകാതെനിന്നു. 11 ഫോറുകളും അഞ്ച് സിക്‌സും ഹിറ്റ്മാൻ അടിച്ചുകൂട്ടി. 2024 ഐപിഎല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിലും രോഹിത് ശർമ മുന്നോട്ടുകുതിച്ചു. 261 റൺസുമായി നാലാം സ്ഥാനത്താണ് രോഹിത് ഇപ്പോൾ.
നാലു വിക്കറ്റെടുത്ത മതീഷ പതിരാനയാണ് മുംബൈയെ എറിഞ്ഞിട്ടത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി ശിവം ദുബെയും ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും തകർത്തടിച്ചെങ്കിലും അവസാന നാലു പന്തിൽ മൂന്ന് സിക്‌സ് സഹിതം 20 റൺസെടുത്ത എം എസ് ധോണിയാണ് ചെന്നൈയെ 200 കടത്തിയത്.
സീസണിൽ മുംബൈയുടെ നാലാം തോൽവിയാണിത്. നാലു പോയിന്റുകൾ മാത്രമുള്ള മുംബൈയ്ക്ക് പോയിന്റ് ടേബിളിൽ എട്ടാമതാണ് സ്ഥാനം. ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മാത്രമാണ് പട്ടികയിൽ മുംബൈയ്ക്കു താഴെയുള്ളത്. വ്യാഴാഴ്ച പഞ്ചാബ് കിങ്‌സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന കളിയിലും തോറ്റാൽ മുംബൈയുടെ നില പരുങ്ങലിലാകും.